കേരളത്തില്‍ നിന്നുളള അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുന്നതോടെ സംസ്ഥാനത്തിലെ ബിജെപി നേതൃത്വത്തിലെ തലമൂത്ത നേതാക്കള്‍ക്ക് വീണ്ടും നിരാശ. കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, കെ സുരേന്ദ്രന്‍ എന്നിവരെയെല്ലാം വെട്ടിയാണ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുന്നത്. മോദി സര്‍ക്കാരിലേക്കുള്ള ആദ്യ മലയാളി കൂടിയാണ് അക്ഫോണ്‍സ് കണ്ണന്താനം.
മന്ത്രിസഭാ പുനഃസംഘടനയെന്ന വാര്‍ത്തകള്‍ പുറത്തുവന്ന ആദ്യസമയം മുതലെ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിരുന്ന പേരുകളില്‍ മുന്നില്‍ നിന്നത് കുമ്മനവും സുരേഷ് ഗോപിയുമായിരുന്നു. എന്നാല്‍, ഇവരെ പിന്തള്ളിയാണ് കണ്ണന്താനം കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരിക്കുന്നത്. ബിജെപി നേതാക്കള്‍ക്ക് ഒരുതിരിച്ചടി തന്നെയാണിതെന്നാണ് മറ്റ് രാഷ്ട്രീയ നേതാക്കള്‍ നിരീക്ഷിക്കുന്നത്.
ചരിത്രവിജയവുമായി നരേന്ദ്ര മോദി അധികാരത്തില്‍ കയറിയെങ്കിലും കേരളത്തില്‍ നിന്നും ഒരു എം പി ഉണ്ടായിരുന്നില്ല. ആ കുറവാണ് അല്‍ഫോൺസ് കണ്ണന്താനം നികത്താന്‍ പോകുന്നത്. കണ്ണന്താനം അടക്കം ഒമ്പത് പേരാണ് മോദി സര്‍ക്കാരില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാന്‍ പോകുന്നത്. പ്രധാനപ്പെട്ട പല വകുപ്പുകളിലും അഴിച്ചുപണിയും മാറ്റങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.