Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോരഖ്പൂരില്‍ മൂന്ന് കുഞ്ഞുങ്ങൾ കൂടി മരിച്ചു; പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങളോട് അനാദരവ് - കൂട്ട ശിശുമരണത്തില്‍ തലകുനിച്ച് യോഗി

ഗോരഖ്പുരിലെ ആശുപത്രിയിൽ വീണ്ടും കുഞ്ഞുങ്ങൾ മരിച്ചു

ഗോരഖ്പൂരില്‍ മൂന്ന് കുഞ്ഞുങ്ങൾ കൂടി മരിച്ചു; പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങളോട് അനാദരവ് - കൂട്ട ശിശുമരണത്തില്‍ തലകുനിച്ച് യോഗി
ഗോരഖ്പുർ , ഞായര്‍, 13 ഓഗസ്റ്റ് 2017 (09:41 IST)
ഉത്തർപ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ സർക്കാർ മെഡിക്കൽ കോളജിൽ മസ്തിഷ്ക ജ്വരം ബാധിച്ച് ചികിൽസയിലായിരുന്ന മൂന്നു കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഒരാഴ്ചക്കിടെ മരിച്ചവരുടെ എണ്ണം 67 ആയി ഉയര്‍ന്നു. ആശുപത്രിയില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കാനായി ആംബുലന്‍സ് സൗകര്യവും നല്‍കുന്നില്ലെന്ന ആരോപണവും ശക്തമാണ്. ഇതിനെ തുടര്‍ന്ന് പലരും കുട്ടികളുടെതടക്കമുള്ള മൃതദേഹങ്ങളുമായി ബൈക്കിലും ഓട്ടോറിക്ഷയിലും ജീപ്പിലുമാണ് വീട്ടിലേക്ക് തിരിക്കുന്നത്. 
 
ഓക്‌സിജന്‍ വിതരണത്തില്‍ തടസം നേരിട്ടതിനെ തുടര്‍ന്നായിരുന്നു ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 48 മണിക്കൂറിനകം 30 പിഞ്ചുകുട്ടികള്‍ ഒന്നൊന്നായി മരണമടഞ്ഞത്. ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരും വിതരണകമ്പനിയും എഴുതിയ കത്തുകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് നിരവധി ഓക്സിജന്‍ സിലിണ്ടറുകള്‍ ഇന്നലെ എത്തിച്ചിരുന്നു. എങ്കിലും ഗുരുതരാവസ്ഥയിലായ കുട്ടികളെ രക്ഷിക്കാന്‍ സാധിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം.
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖോരഗ്പൂരില്‍ പിഞ്ചുകുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിച്ചതാണ് നേതൃത്വത്തെ രാഷ്‌ട്രീയപരമായി ആശങ്കപ്പെടുത്തുന്നത്. യോഗി അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലം കൂടിയാണ് ഗോരഖ്പുർ എന്നതാണ് ശ്രദ്ധേയം.  
 
ദുരന്തമുണ്ടായ ബാബാ രാഘവ് ദാസ് (ബിആർഡി) മെഡിക്കല്‍ കോളേജ് ആശുപത്രി മണ്ഡലത്തിലെ പ്രധാന സർക്കാർ ആശുപത്രിയാണ്. ഇവിടെ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു യോഗി തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നതും അദ്ദേഹത്തിന് തിരിച്ചടിയുണ്ടാക്കുന്നു.
 
ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കുറച്ചു ദിവസം മുമ്പ് ആശുപത്രിയില്‍ യോഗി എത്തിയിരുന്നു. ഈ സമയം ഓക്സിജൻ വിതരണത്തിലെ അപാകതകള്‍ അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നല്‍, ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്‌തി രേഖപ്പെടുത്തുക മാത്രമാണ് അദ്ദേഹം ചെയ്‌തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാരതത്തിന്‍റെ തര്‍ക്കങ്ങള്‍ പുകയുന്ന അതിര്‍ത്തികള്‍