മുഖ്യമന്ത്രിയെ കാണണമെങ്കിൽ പെര്‍ഫ്യൂം ഒക്കെ അടിച്ച് 'സുന്ദരക്കുട്ടപ്പനായിട്ട്' വന്നാൽ മതി!
മുഖ്യമന്ത്രിയെ കാണണോ ? എങ്കില്‍ പെര്‍ഫ്യൂം അടിച്ച് ദുര്‍ഗന്ധം മാറ്റിയിട്ട് വരൂ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണണമെങ്കിൽ ചില കർശന നിബന്ധനകൾ ഉണ്ട്. അതും എല്ലാ മനുഷ്യർക്കും അല്ല, ഒരു പ്രത്യേക ജനവിഭാഗത്തിനാണ് പുതിയ നിബന്ധനകൾ ബാധകം. സോപ്പും ഷാംപുവും പെര്‍ഫ്യൂമും ഉപയോഗിച്ച് ‘ദുര്‍ഗന്ധം’ മാറ്റിയതിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ കാണാന്‍ പാടുള്ളൂ എന്നാണ് ദളിതര്‍ക്ക് ജില്ലാ അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
മുഷാര്‍ ജനവിഭാഗം തിങ്ങിപാര്‍ക്കുന്ന ചേരിപ്രദേശമായ മുഷാര്‍ ബസ്തിയില്‍ കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ദളിതർക്കാണ് ഈ അവസ്ഥ നേരിടേണ്ടി വന്നത്.
യുപിയില്‍ ഇപ്പോഴും തൊട്ടുകൂടായ്മ അനുഭവിക്കുന്ന ദളിത് വിഭാഗമാണ് മുഷാറുകള്‍. ഇവര്‍ എലി പിടിത്തക്കാര്‍ എന്നുകൂടി അറിയപ്പെടുന്നു. കാലങ്ങളായി അധികൃതര്‍ തിരിഞ്ഞു നോക്കാതെ കിടന്നിരുന്ന ചേരിയില്‍ രണ്ട് ദിവസത്തിനുള്ളില്‍ റോഡ് ശരിയാക്കുകയും ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. പുതിയ ശൗചാലയങ്ങളും നിര്‍മ്മിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പായുള്ള ഒരുക്കങ്ങളായിരുന്നു ഇതെല്ലാം.