Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേരേ പ്യാരേ ദേശ് വാസിയോം...

ലോക വിഢിദിനം ഏപ്രിൽ 1 തന്നെയല്ലേ? അതോ നവംബർ 8 ആണോ?

മേരേ പ്യാരേ ദേശ് വാസിയോം...

അപർണ ഷാ

, ബുധന്‍, 8 നവം‌ബര്‍ 2017 (17:41 IST)
'മേരേ പ്യാരേ ദേശ് വാസിയോം' എന്നും പറഞ്ഞ് കഴിഞ്ഞ വർഷം നവംബർ എട്ടിനു അർധരാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രഖ്യാപനം നടത്തി. ' ഇന്നു മുതൽ 500ന്റേയും 1000ത്തിന്റേയും നോട്ടുകൾ അസാധുവാകുന്നു' എന്നതായിരുന്നു ആ പ്രഖ്യാപനം. കേട്ടവർ കേട്ടവർ ഞെട്ടി. 
 
കള്ളപ്പണവും ഭീകരതയും തടയുന്നതിനായിട്ടാണ് ഈ തീരുമാനമെന്നായിരുന്നു മോദി സർക്കാരിന്റെ വിശദീകരണം. എന്നാൽ, അതൊരു പരാജയമായിരുന്നുവെന്ന് മനസ്സിലാക്കാൻ അധികം നാൾ വേണ്ടി വന്നില്ല. ദുരിതവും കഷ്ടപ്പാടും കണ്ണുനീരുമായി ദിവസങ്ങൾ, മാസങ്ങൾ. പണത്തിനു മൂല്യമില്ലാതായ നിമിഷത്തെ ശപിക്കാത്തവർ ആയിട്ട് ആരുമുണ്ടാകില്ല. 
 
webdunia
എടിഎമ്മുകളിൽ ക്യൂ നിന്ന് നിരവധി പേർ മരിച്ചു. അസാധുവായ പഴയ നോട്ടുകൾ സ്വീകരിക്കുന്നതല്ല എന്ന ബോർഡ് ഹോട്ടലുകളിലും ആശുപത്രികളിലും വരെ പ്രത്യക്ഷപ്പെട്ടു. പണം കയ്യിലിരുന്നിട്ടും, നഷ്ടമായത് പലരുടെയും ജീവനായിരുന്നു. 
 
ജനങ്ങള്‍ രണ്ടു ദിവസത്തെ ബുദ്ധിമുട്ടുകള്‍ സഹിച്ചാല്‍ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം. എന്നാൽ പതിയെ രണ്ടു ദിവസം രണ്ട് മാസമായി. യാതൊരു വിധത്തിലുമുള്ള തയ്യാറെടുപ്പുകളുമില്ലാതെ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയാണ് ഒരു അർധരാത്രിയില്‍ 86% കറൻസിയും പിൻവലിച്ചത്. 
 
webdunia
സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം പിന്‍വലിക്കാന്‍ വേണ്ടി ഒരു ദിവസത്തെ പണി കളയേണ്ടി വന്നവർ ഒരുപക്ഷേ ഇന്ത്യയിൽ മാത്രമേ ഉണ്ടാവുകയുള്ളു. വിഷയം കൈവിട്ടു പോയതോടെ പ്രധാനമന്ത്രി മറ്റൊരു പ്രഖ്യാപനം നടത്തി. 'എനിക്ക് 50 ദിവസം നൽകു.. എന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് തോന്നുന്നുവെങ്കിൽ അപ്പോൾ എന്നെ ജീവനോടെ കത്തിച്ചോളൂ..' എന്നായിരുന്നു അത്. 50ഉം കഴിഞ്ഞു, 60ഉം കഴിഞ്ഞു എന്നിട്ടും ദുരിതങ്ങൾ അവസാനിച്ചില്ല. 
 
അസാധുവാക്കപ്പെട്ട 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍ബിഐ തന്നെ വ്യക്തമാക്കിയതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തു. ഇതിനിടയിൽ നോട്ട് നിരോധനം വഴി രാജ്യത്തെ ഭീകരവാദം കുറഞ്ഞുവെന്നും ബിജെപി സർക്കാർ പറയുകയുണ്ടായി. എന്നാൽ, ഭീകരവാദ പ്രവർത്തനങ്ങളുടെ കൃത്യമായ വിവരങ്ങൾ ഓരോ വർഷവും തയാറാക്കുന്ന സൗത്ത് ഏഷ്യ ടെററിസം പോർട്ടൽ പുറവിട്ട കണക്കുകൾ ഇതിനെല്ലാം എതിരാണ്.  
 
webdunia
2017 ഏപ്രിലിലാണ് ജനക്കൂട്ടത്തിന്റെ കല്ലേറു പ്രതിരോധിക്കാൻ ഫാറൂഖ് അഹമ്മദ് ധർ എന്ന യുവാവിനെ സൈന്യം ജീപ്പിനു മുന്നിൽ കെട്ടിവച്ചു മുന്നോട്ടു പോയത്. സൈന്യത്തെ കല്ലെറിഞ്ഞ ജനക്കൂട്ടത്തിനു നേരെയുള്ള വെടിവയ്പിൽ മൂന്നു യുവാക്കൾ കൊല്ലപ്പെട്ടത് 2017 മാർച്ചിലായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലും യുവാക്കളും സൈനികരും തെരുവിൽ ഏറ്റുമുട്ടുകയും കല്ലേറുണ്ടാവുകയും ചെയ്തുവെന്ന് കണക്കുകൾ പറയുന്നു. അങ്ങനെയെങ്കിൽ സർക്കാർ വാദിക്കുന്നത് ശരിയോ തെറ്റോ? 
 
പിൻവലിച്ച 500 നോട്ടുകൾക്ക് പകരം പുതിയ 500 നോട്ടുകൾ ആദ്യമേ തന്നെ ഇറക്കിയിരുന്നുവെങ്കിൽ? 1000ത്തിനു പകരം 2000 ഇറക്കി. എങ്കിൽ പിന്നെ അത് ആദ്യമേ ചെയ്തിരുന്നുവെങ്കിൽ? 2000 രൂപ എത്തിച്ചത് പോലെ അത് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ റിസർവ് ബാങ്കിൽ എത്തിച്ചിരുന്നുവെങ്കിൽ? എ ടി എമ്മുകളിൽ പണം നിക്ഷേപിക്കാൻ വേണ്ടത്ര കാര്യക്ഷമത കാണിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്ക് ഇത്രയും ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുമായിരുന്നോ?. കാര്യമായ മുന്നൊരുക്കങ്ങളും സൂഷ്മതയും ഇല്ലാതെയാണ് നോട്ടു പിൻവലിക്കൽ നടത്തിയതെന്ന് പറയാതെ വയ്യ.   
 
webdunia
ഇപ്പോഴിതാ, നോട്ട് നിരോധനത്തിൽ രാജ്യത്തെ 125 കോടി ജനങ്ങളും പങ്കാളികളായെന്നും വിജയിച്ചെന്നും നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷിക ദിനത്തിൽ മോദി ട്വിറ്ററിൽ കുറിച്ചിരിക്കുന്നു. നവംബർ 8 കരിദിനമായി പ്രഖ്യാപിച്ച് രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ് പ്രതിപക്ഷം. 
 
'ഇത്രയും കാലം ഏപ്രിൽ ഒന്നിനു ജനിക്കുന്നവർക്കായിരുന്നു വിഡ്ഡിദിനത്തിൽ ജനിച്ചുവെന്ന ചീത്ത പേരുണ്ടായിരുന്നത്. എന്നാൽ, ബിജെപി സർക്കാർ കാരണം ഏപ്രിൽ 1 രക്ഷപെട്ടു. പകരം അവർ ബലി കൊടുത്തത് നവംബർ 8' എന്നാണ് ട്രോളർമാർ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട് നിരോധനം കാര്‍ഷിക മേഖലയ്ക്ക് വന്‍ തിരിച്ചടി !