വെജിറ്റബിള്‍ ബിരിയാണിയില്‍ ചത്ത പല്ലി; റെയില്‍വേ യാത്രക്കാര്‍ ഒടുവില്‍ ചെയ്തത് ഇങ്ങനെ !
വെജിറ്റബിള്‍ ബിരിയാണിയില്‍ ചത്ത പല്ലി; യാത്രക്കാര്‍ റെയില്‍വേ മന്ത്രിയ്ക്ക് പരാതി ട്വീറ്റ് ചെയ്തു
ട്രെയിനില്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ച് ഏറെ ആശങ്കകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് പൂര്‍വ എക്സപ്രസില്‍ ചൊവ്വാഴ്ച വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന പരാതി വരുന്നത്. ജാര്‍ഖണ്ഡില്‍ നിന്ന് ഉത്തരപ്രദേശിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകരാണ് വെജിറ്റബിള്‍ ബിരിയാണിയില്‍ പല്ലി ചത്ത് കിടക്കുന്നത് കണ്ടത്.
യാത്രക്കാരില്‍ ഒരാള്‍ക്ക് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടതോടെ യാത്രക്കാര്‍ ടിടിഇയോട് പരാതിപ്പെടുകയായിരുന്നു. എന്നാല്‍ അദ്ദേഹം ഇതിന് ഒരു പ്രതികരണവും നല്‍കിയില്ല. അതോടെ യാത്രക്കാര്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് പരാതി ട്വീറ്റ് ചെയ്തു. ഭക്ഷണം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരന് റെയില്‍വേ ഡോക്ടര്‍മാരെത്തി ചികിത്സയും നല്‍കി.
അതേസമയം ട്രെയിനില്‍ വിതരണം ചെയ്യുന്ന ഭക്ഷണം മലിനജലത്തിലാണ് പാകം ചെയ്യുന്നതെന്നും മതിയായ രീതിയില്‍ പൊതിഞ്ഞല്ല യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നതെന്ന് കാണിച്ച് സിഎജി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.