‘ഭാരതത്തിൽ വേരുകളുള്ള ഓരോ പാക്കിസ്ഥാനിയും മനസ്സിൽ ഒരു വട്ടമെങ്കിലും ഭാരതം സന്ദർശിക്കണമെന്ന് കരുതുന്നുണ്ടാകും‘; വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്
രാജ്യത്തിന് പുറത്തുള്ള ശത്രുക്കളേക്കാൾ കൂടുതൽ എന്റെ രാജ്യത്തിന്റെ ശത്രുക്കൾ രാജ്യത്തിനകത്തുള്ളവരാണ്, ആട്ടിൻ തോലിട്ട ഇത്തരം ചെന്നായ്ക്കളെ തിരിച്ചറിയാന്‍ വൈകിപ്പോകുന്നു
പാകിസ്ഥാനികള്‍ എന്ന് പറയുമ്പോള്‍ ഇന്ത്യന്‍ ജനതകള്‍ക്ക് സ്നേഹമെന്ന വികാരം തോന്നാറില്ല. കൊച്ചുകുട്ടികള്‍ക്ക് വരെ പാക് - ഇന്ത്യ പ്രശ്നങ്ങള്‍ അറിയാം. ആത്മശത്രുവായിട്ടാണ് കാണുന്നത് പോലും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വൈരാഗ്യം എപ്പോഴും കാണുന്നത് ക്രിക്കറ്റിലാണ്. ഇന്ത്യ -പാക് മത്സരമെന്നത് ജയിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. ഇപ്പോഴിതാ, ‘പാക്കിസ്ഥാന്‍ ഭീകരരെ’ കുറിച്ച് ജഗദീഷ് മാടയി എന്ന യുവ എഴുത്തുകാരന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ വൈറലാകുന്നു. പാക്കിസ്ഥാനികളുമായിട്ടുള്ള തന്റെ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
ജഗദീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഭാരതത്തിന്റെ പെൺപുലികൾ പാക്കിസ്ഥാനെ തകർത്തെന്ന പോസ്റ്റുകൾ മുഖപുസ്തകത്തിൽ ഒഴുകിനടുക്കുമ്പോഴാണ് ഞാൻ കണ്ട ചില പാക്കിസ്ഥാൻ ഭീകരന്മാരെ ഓർമ്മ വന്നത്. അമ്മയുടെ ഗര്ഭപാസ്ത്രത്തിൽ കിടക്കുന്ന കുഞ്ഞ് അമ്മമ്മയുടെ അനിയത്തി കുടുംബസ്വത്തിൽ തർക്കമുയർത്തി ഭാഗംവച്ചുപിരിഞ്ഞ് അടുത്തപറമ്പിൽ വീടുകെട്ടി താമസമാക്കിയത് അമ്മമ്മ പറയുന്നത് കേട്ട് പിറന്ന നാൾ മുതൽ ഒരു പക്ഷെ അമ്മമ്മയുടെ അനിയത്തിയോടും കുടുംബത്തോടും ജീവിതത്തിലുടനീളം ശത്രുതാ മനോഭാവം വച്ച് പുലർത്തിയേക്കാം. കാര്യകാരണങ്ങൾ അന്വേഷിക്കാതെ അവരെ കാണുമ്പോൾ മുഖം തിരിച്ചേക്കാം. കാരണം അമ്മയുടെയും അമ്മമ്മയുടെയും ശത്രുക്കൾ കുടുംബശത്രുവാണ്, അവർക്കൊരിക്കലും മാപ്പില്ല .
ഒരു കൂട്ടം പാക്കിസ്ഥാനി ഭീകരരെ ആദ്യമായി കാണുന്നത് പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോൾ ആയിരുന്നു. തോട്ടിൻ കരയിലെ വീട്ടിന്റെ തൊട്ടടുത്തുള്ള പഴയ തറവാട്ടു വീട്ടിൽ താമസിക്കുന്ന സഹപാഠിയും കളിക്കൂട്ടുകാരനുമായ ജലീലും ജലീലിന്റെ അനിയത്തി മൈമൂനയും. പഴയകാലത്തിന്റെ പ്രൗഢി ദ്രവിച്ച ജലീലിന്റെ വീട്ടിൽ മിക്ക ദിവസവും പട്ടിണിയായിരുന്നു. പത്രാസുകാരനായ ജലീലിന്റെ ഉപ്പ ദുബായിൽ നിന്നും വരുമ്പോൾ മാത്രം അടുക്കള കൃത്യമായി പുകയും. ഉപ്പയുടെ അവധി നീളും തോറും അടുപ്പിലെ പുകയുടെ കനവും കുറയും. ജലീലിന്റെ ഉപ്പ കറുത്ത കൂളിംഗ് ഗ്ലാസും വച്ച് വെളുത്ത വസ്ത്രത്തിൽ അത്തറും പൂശി തോട്ടിൻ കരയിലൂടെ അദ്ദേഹത്തിൻറെ തറവാട്ടുപുരയിലേക്കും രണ്ടാം ഭാര്യയുടെ വീട്ടിലേക്കും പോകുന്നത് കുട്ടികളായ ഞങ്ങൾ അത്ഭുതത്തോടെ നോക്കാറുണ്ടായിരുന്നു. പോക്കിനിടയിൽ ഞങ്ങളോട് വിശേഷങ്ങൾ തിരക്കാനും മിട്ടായികൾ നൽകാനും അദ്ദേഹം മറക്കാറില്ലായിരുന്നു. അദ്ദേഹത്തിൻറെ സഹോദരിയടക്കം പല ബന്ധുക്കളും വിഭജനത്തിന് മുൻപ് തന്നെ പാക്കിസ്ഥാനിൽ താമസമാക്കിയവരായിരുന്നു.
അമ്മക്ക് ഭാഗം കിട്ടിയ പത്തു സെന്റ് ഭൂമിയിലെ മൂന്ന് മാവുകളും മത്സരിച്ചു പൂക്കുകയും വ്യത്യസ്തമായ മൂന്നിനം മാങ്ങകൾ നൽകുകയും ചെയ്യുന്നത് പാട്ടക്കാരൻ ഹാജ്യാർക്കൊപ്പം ഞങ്ങൾ കുട്ടികളും കാക്കകളും അണ്ണാറക്കണ്ണന്മാരും പങ്കിട്ടെടുക്കാറുണ്ടായിരുന്നു. ആ മാവിൽ നിന്നും കിട്ടിയ പഴുത്ത മാങ്ങകൾ പെറുക്കി തോട്ടിൽ കരയിലെ വീട്ടിന്റെ ഉമ്മറക്കോലായിലിരുന്ന് മുറിക്കുമ്പോഴാണ് പതിവിന് വിപരീതമായി ജലീലിന്റെ വീട്ടിലെ അടുക്കളയിൽ ഒരു കൂട്ടം അതിഥികളെ കണ്ടത്. പാക്കിസ്ഥാനിൽ നിന്നും വന്ന ജലീലിന്റെ കുടുംബക്കാരാണെന്ന് 'അമ്മ പറഞ്ഞു തന്നു.
കാരണമറിയില്ലെങ്കിലും ആജന്മശത്രുവായി കണക്കാക്കിപ്പോരുന്ന പാക്കിസ്ഥാനികൾ ജലീലിനെ കാണുന്ന സൗഹൃദയമനോഭാവത്തോടെ കാണാൻ മനസ്സ് വിസമ്മതിച്ചു. ശ്രദ്ധ മുഴുവൻ അവരിലായതിനാൽ മാങ്ങാ മുറിച്ച കത്തി മാങ്ങയും താണ്ടി കൈവിരൽ അറുത്തപ്പോഴാണ് മുറിച്ചത് മാങ്ങ മാത്രമല്ല സ്വന്തം കൈവിരൽ കൂടിയാണെന്ന് മനസ്സിലായത്. ചോര കണ്ട ചേച്ചി ആർത്തു നിലവിളിച്ചപ്പോഴേക്കും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആജന്മശത്രുക്കൾ ഭക്ഷണത്തെ പൂർണ്ണമായും ഉപേക്ഷിച്ച് വീട്ടിന്റെ ഉമ്മറത്തേക്ക് കയറി വന്നത്.
പിന്നീട് നടന്നത് തീവ്രപരിചരണവിഭാഗത്തിൽ വെല്ലുന്ന പ്രവർത്തികളായിരുന്നു. കൂട്ടത്തിലെ മുതിർന്ന പെൺകുട്ടിയും ഒരു കൊച്ചു ആൺകുട്ടിയും ജലീലിന്റെ വീട്ടിലേക്കോടുന്നു, പാക്കിസ്ഥാനിൽ നിന്നും കൊണ്ട് വന്ന ബാഗിൽ നിന്നും മരുന്നുകൾ കൊണ്ടുവരുന്നു. ഒട്ടുമിക്കാലും അറ്റുപോയ കൈവിരൽ ശുദ്ധമാക്കി മരുന്നുകൾ പുരട്ടി തുണിവെച്ചു കെട്ടുന്നു. അവരുടെ അടുക്കളയിൽ നിരന്ന ഭക്ഷണപദാർത്ഥങ്ങൾ നിരനിരയായി എന്റെ വീട്ടിലെ ഉമ്മറക്കോലായിൽ പാത്രസഹിതം എത്തുന്നു. അങ്ങനെ ഞാനും കുടുംബവും ആജന്മശത്രുക്കളായ പാക്കിസ്ഥാനികളോടൊപ്പം ഭക്ഷണം കഴിക്കുന്നു.
ശുദ്ധമലയാളത്തിൽ കറാച്ചിയിലെയും ലാഹോറിലെയും അവരുടെ കുടുംബത്തെക്കുറിച്ചും കച്ചവടത്തെക്കുറിച്ചും വിശദീകരിച്ചു തരുന്നു. സമപ്രായക്കാരിയായ പെൺകുട്ടി എന്റെ പാഠപുസ്തകങ്ങൾ എടുത്തുനോക്കി ഇവിടത്തെ സ്കൂളുകളെക്കുറിച്ചും പാഠ്യവിഷയങ്ങളെക്കുറിച്ചും ചോദിക്കുന്നു, കുടുംബസ്വത്ത് ഭാഗം വച്ച് പിരിഞ്ഞാലും ആപത്ത് വരുമ്പോൾ കുടുംബം ഒന്നാകുമെന്ന് അന്ന് മനസ്സിലായി.
ഗൾഫ് സന്ദര്ശനത്തിലാണ് അയഞ്ഞ പൈജാമയും കുർത്തയും ധരിക്കുന്ന അതികായനായ ഹബീബ് എന്ന പാക്കിസ്ഥാനിയെ പരിചയപ്പെടുന്നത്. പഴയകുടുംബവഴക്കും സ്വത്ത് ഭാഗം വെപ്പും പൂർണ്ണമായും മനസ്സിൽ നിന്നും പോയിട്ടില്ലാത്തതിനാൽ ആദ്യമൊന്നും ഹബീബിനോട് സൗഹൃദമനോഭാവത്തിൽ പെരുമാറാനായില്ല. ക്രിക്കറ്റ് മത്സരത്തിൽ ഭാരതം തോൽക്കുമ്പോൾ പടക്കം പൊട്ടിക്കുന്നവനോടും കാശ്മീരിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവനോടും അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നവനോടും എന്തിന് സൗഹൃദം പുലർത്തണം.
"ഭായി ജാൻ , ഉച്ചഭക്ഷണം കഴിച്ചോ, ഭായി ജാൻ ഒരു സുലൈമാനി പറയട്ടെ, ഭായി ഞാൻ മുകേഷ് ദായുടെയും കിഷോർ ദായുടെയും പാട്ടുകൾ കേൾക്കാറുണ്ടോ " കാണുമ്പോൾ ഒരു കൂട്ടം ചോദ്യങ്ങൾ വാരിവിതറുന്ന ഹബീബിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നല്കാതിരിക്കാനാകില്ല. ചോദ്യങ്ങൾക്കൊപ്പം നല്കുന്ന ഹൃദ്യമായ പുഞ്ചിരി തന്നെ കാരണം.
പാക്കിസ്ഥാനിലെ പഞ്ചാബിൽ താമസിക്കുന്ന കുടുംബത്തെക്കുറിച്ചും നാട്ടിനെക്കുറിച്ചും പറഞ്ഞാലും പറഞ്ഞാലും മതി തീരില്ല ഹബീബിന് " ഭായി ജാൻ , ഒരു കുടുംബം പോലെ താമസിക്കേണ്ടിയിരുന്ന ഞങ്ങൾ പരസ്പരം പോരടിച്ചു ജീവിക്കുന്നു. കാണുമ്പോൾ ശത്രുക്കളെപ്പോലെ പെരുമാറുന്നു അല്ലേ. നിങ്ങളും ഞാനും ചിന്തിക്കുന്നത് പോലെയാണ് പാക്കിസ്ഥാനിലെ മിക്ക ജനങ്ങളൂം ചിന്തിക്കുന്നത്. അവർക്ക് ഭാരതത്തിനോടോ ഭാരതത്തിലെ ജനങ്ങളോടോ ശത്രുതയില്ല.
കാരണം, തെറ്റിപ്പിരിഞ്ഞെങ്കിലും ആധികാരികമായി പറഞ്ഞാൽ അവരുടെ കുടുംബം തന്നെയാണ് ഭാരതത്തിൽ ജീവിക്കുന്നവർ. അവരുടെ മുൻതലമുറകളിലെ ആൾക്കാർ ഇന്നും ജീവിക്കുന്നത് ഭാരതത്തിലാണ്. ഭാരതത്തിൽ വേരുകളുള്ള ഓരോ പാക്കിസ്ഥാനിയും മനസ്സിൽ ഒരു വട്ടമെങ്കിലും ഭാരതം സന്ദർശിക്കണമെന്നും ബന്ധുക്കളെ കാണണമെന്നും കരുതുന്നുണ്ടാകും"
"എല്ലാ ദേശത്തിലും രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നുവെന്ന പ്രഹസനവുമായി ജീവിക്കുന്ന ഒരു കൂട്ടം ആൾക്കാരുണ്ടാകും. അവർക്ക് ജനങ്ങളുടെയോ രാജ്യത്തിന്റെയോ ഉന്നതിയോ അഭിവൃദ്ധിയോ പ്രശ്നമല്ല. അഹിതമായ ചിന്തകളും പ്രവർത്തികളും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർ. അർത്ഥമറ്റ സിദ്ധാന്തങ്ങളും വാദങ്ങളും ചുമലിലും നെച്ചിലുമേറ്റി നടക്കുന്നവരാണ് ഏതൊരു രാഷ്ട്രത്തിന്റെയും ശാപം. ന്യായീകരിക്കാനാകാത്ത അവരുടെ പ്രവർത്തികൾ മൂലം തലതാഴ്ത്തേണ്ടി വരുന്നത് ഒരു രാജ്യവും അതിലെ ആത്മാഭിമാനമുള്ള ജനതയുമാണ്"
"മതത്തിൻറെ പേരിൽ പാക്കിസ്ഥാനോട് കൂറ് പുലർത്തുകയും സ്വന്തം രാജ്യത്തിനെതിരായി പ്രവർത്തിക്കുകയും ക്രിക്കറ്റ് മത്സരത്തിൽ പാക്കിസ്ഥാൻ ജയിക്കുമ്പോൾ പടക്കം പൊട്ടിക്കുകയും ചെയ്യുന്ന ഭാരതീയ മുസ്ലീങ്ങളോട് എനിക്ക് എന്നല്ല ഒട്ടുമിക്ക പാക്കിസ്ഥാനികൾക്കും പുച്ഛമാണ്. ഭാരതമെന്ന സ്വന്തം കുടുംബത്തെ സ്നേഹിക്കാൻ സാധിക്കാത്തവർ എങ്ങനെ ഭാഗം വച്ച് പിരിഞ്ഞ ബന്ധുക്കളെ സ്നേഹിക്കാൻ കഴിയും. സ്വന്തം കുടുംബത്തോട് കൂറ് പുലർത്താൻ കഴിവില്ലാത്തവനെ ആര് വിശ്വസിക്കും."
"ഭായി ജാൻ , നിങ്ങൾക്ക് സ്വന്തം നെഞ്ചിൽ കൈവച്ചു പറയാമോ നിങ്ങളുടെ നാട്ടിലും ഇത്തരക്കാർ ഇല്ലെന്ന്. നിങ്ങൾക്ക് എന്നല്ല ഏതൊരു ദേശക്കാരനും പറയാൻ കഴിയില്ല. കാരണം രാജ്യസ്നേഹമെന്ന പേരിൽ രാജ്യത്തിനും ജനതക്കും എതിരായി പ്രവർത്തിക്കുന്നവർ എല്ലാ ദേശത്തുമുണ്ടെന്നതാണ് പരമമായ സത്യം. അർബുദം പോലെ മുറിച്ചുമാറ്റാനാകാതെ രാജ്യത്തെയും ജനങ്ങളെയും കാർന്നുതിന്നാൻ ജനിച്ച ഒരു പറ്റം നികൃഷ്ടജന്മങ്ങൾ"
അതെ ഹബീബ് , എനിക്കൊരിക്കലും പറയാനാകില്ല. രാജ്യത്തിന് പുറത്തുള്ള ശത്രുക്കളേക്കാൾ കൂടുതൽ എന്റെ രാജ്യത്തിന്റെ ശത്രുക്കൾ രാജ്യത്തിനകത്തുള്ളവരാണ്. അവർക്കെല്ലാം ഒരേ മതവും , ഒരേ ജാതിയും, ഒരേ ചിന്തയും, ഒരേ മനസ്സും, ഒരേ നിറവും ആണ്. ആട്ടിൻ തോലിട്ട ഇത്തരം ചെന്നായ്ക്കളെ പലപ്പോഴും ജനം തിരിച്ചറിയാതെ പോകുന്നു അല്ലെങ്കിൽ തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോയിട്ടുണ്ടാകും.