Select Your Language

Notifications

webdunia
webdunia
webdunia
webdunia

സരസ്വതീ പ്രതീകങ്ങളുടെ സവിശേഷത

സരസ്വതീ പ്രതീകങ്ങളുടെ സവിശേഷത
, വെള്ളി, 25 സെപ്‌റ്റംബര്‍ 2009 (19:43 IST)
വിദ്യയുടെ അധിദേവതയാണ് വാണീദേവിയായ സരസ്വതി. സരസ്വതി എന്നാല്‍ സാരം സ്വയം കൊടുക്കുന്നവള്‍ എന്ന് അര്‍ത്ഥം കല്‍പ്പിക്കാം. സരസ്സില്‍ നിന്ന് ജനിച്ചവള്‍ എന്നൊരു അര്‍ഥവും കല്‍പ്പിച്ചു കാണുന്നു.

ആദ്ധ്യാത്മിക ജ്ഞാനത്തിന്‍റെ പ്രസാദം നല്‍കുന്ന ദേവിയാണ് സരസ്വതി. ജ്ഞാനത്തിന്‍റെ എല്ലാ ശാഖകളുടെയും മണ്ഡലങ്ങളുടെയും പ്രതീകമാണ് ഈ വാഗ്‌ദേവത.

പണ്ഡിതാചാര്യന്മാരും വാഗ്‌മികളും പേരിനോടൊപ്പം പോലും സരസ്വതി എന്ന് ചേര്‍ക്കാറുണ്ട്. ക്ഷേത്രങ്ങളില്‍ മാത്രമല്ല വീടുകളിലും വിജ്ഞാന കേന്ദ്രങ്ങളിലും സരസ്വതിയെ ആരാധിക്കുന്നു.

സരസ്വതി സങ്കല്‍പ്പത്തില്‍ തന്നെ പല പ്രത്യേകതകളും കാണാം. വളരെ പ്രതീകാത്മകമാണ് ഈ സങ്കല്‍പ്പങ്ങള്‍. പ്രധാന സങ്കല്‍പ്പം വീണയാണ്. മറ്റൊന്ന് ഗ്രന്ഥങ്ങള്‍. കൈയിലെ സ്ഫടിക ജപമാല, ഇരിക്കുന്ന താമരപ്പൂ, ശുഭ്രവസ്ത്രം, ഹംസം, മയില്‍ എന്നീ പക്ഷികള്‍, ഇതെല്ലാം സരസ്വതി സങ്കല്‍പ്പത്തിന്‍റെ ഭാഗമാണ്.

വീണ: സരസ്വതിയുടെ വീണയ്ക്ക് സവിശേഷതകള്‍ ഏറെയാണ്. വീണ മനുഷ്യശരീരത്തിന്‍റെ തന്നെ പ്രതീകമാണ്, അതിന് ശിരസും ഉരസും ശബ്‌ദവും എല്ലാമുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മനസ്സ്, ബുദ്ധി എന്നിവയെയാണ് വീണ പ്രതിനിധീകരിക്കുന്നത്.

വീണയുടെ കമ്പികള്‍ ഭാവന, അനുഭൂതി, ഭാവങ്ങള്‍ എന്നിവയുടെ പ്രതീകമാണ്. ഇവിടെ ജ്ഞാനം, കലാനിപുണതയോടെ നല്‍കി മനുഷ്യ മനസുകളെ കീഴ്പ്പെടുത്തുകയാണ് ചെയ്യുന്നത്.

കച്‌ഛപി എന്നൊരു പേര് വീണയ്ക്കുണ്ട്. കച്‌ഛപിക്ക് അര്‍ത്ഥം ആമ എന്നാണ്. ഇന്ദ്രിയങ്ങളെ ഉള്‍വലിക്കുന്ന ശക്തിയെയാണ് ആമ പ്രതിനിധാനം ചെയ്യുന്നത്. ആത്മജ്ഞാനത്തിന് അന്തര്‍മുഖത്വം ആവശ്യമാണ്. ഇന്ദ്രിയങ്ങളെ ഒതുക്കി ഈശ്വര സാക്ഷാത്‌ക്കാരവും അറിവും നല്‍കുന്നതാണ് വീണ എന്ന് സങ്കല്‍പ്പം.

ഗ്രന്ഥങ്ങള്‍: സരസ്വതിയുടെ രണ്ട് കൈയിലും പുസ്തകങ്ങള്‍ കാണാം. വീണാപുസ്തകധാരിണി എന്ന് ഈ ദേവിയെ സ്തുതിക്കാറുണ്ട്. അറിവിന്‍റെ പ്രതീകമാണ് പുസ്തകങ്ങള്‍.

ശുഭ്രവസ്ത്രം: വെളുത്ത വസ്ത്രം നൈര്‍മ്മല്യത്തിന്‍റെയും ശുദ്ധിയുടെയും പ്രതീകമാണ്. കന്മഷമില്ലായ്മയാണ് ഇത് സൂചിപ്പിക്കുന്നത്.

ജപമാല: സരസ്വതിയുടെ ജപമാല സ്ഫടികം കൊണ്ടുണ്ടാക്കിയതാണ്. സ്ഫടികം പാരദര്‍ശിയാണ്. സത്യത്തെ ഇതിലൂടെ പൂര്‍ണ്ണമായി കാണാന്‍ കഴിയും എന്നര്‍ത്ഥം. മാലയില്‍ 50 മണികളാണുള്ളത്. ദേവനാഗരിയിലെ 50 അക്ഷരങ്ങളെ ഇത് സൂചിപ്പിക്കുന്നു. സമ്പൂര്‍ണ്ണ ജ്ഞാനത്തെയും ധ്യാനത്തിന്‍റെ ഏകാഗ്രതയുടെയും ഈശ്വര സമര്‍പ്പണത്തിന്‍റെയും പ്രതീകമാണ് ഈ മാല.

മയില്‍: സരസ്വതി മയിലിനെ വാഹനമായി ഉപയോഗിക്കുന്നില്ല. എന്നാല്‍ കൂടെ എപ്പോഴും കാണുകയും ചെയ്യുന്നു. ലൌകികതയുടെയും പ്രസിദ്ധിയുടെയും പ്രതീകമാണ് മയില്‍. കാഴ്ചയില്‍ സുന്ദരമെങ്കിലും ഋതുഭേദങ്ങള്‍ക്കനുസരിച്ച് മനോഭാവം മാറിക്കൊണ്ടിരിക്കുന്നു.

ഹംസം: നല്ലതിനെയും ചീത്തയെയും തിരിച്ചറിയാനുള്ള കഴിവിനെയാണ് ഹംസം പ്രതിനിധീകരിക്കുന്നത്. സരസ്വതിയുടെ വാഹനമാണ് ഹംസം. ആസക്തിയില്ലാത്ത ജീവിതം നയിക്കാനുള്ള കഴിവും ആജ്ഞാ ശക്തിയുമാണ് ഇത് കാണിക്കുന്നത്. ഹംസത്തിന് പാലിനെയും വെള്ളത്തെയും വേര്‍തിരിച്ച് എടുക്കാനാവും. കല്ലും രത്നവും തിരിച്ചറിയാനാവും. വെള്ളത്തില്‍ നീന്തുമെങ്കിലും നനയാതെ വെള്ളത്തില്‍ പൊങ്ങിക്കിടക്കാനുമാവും.

Share this Story:

Follow Webdunia malayalam