ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന സരസ്വതീ ക്ഷേത്രം കോട്ടയം ജില്ലയിലെ പനച്ചിക്കാട്ടാണ് സ്ഥിതിചെയ്യുന്നത്. കോട്ടയം - ചങ്ങനാശേരി റോഡില്‍ ചിങ്ങവനത്ത് നിന്ന് നാലു കിലോമീറ്റര്‍ കിഴക്ക് മാറിയാണ് ക്ഷേത്രം.
ആദ്യം കാണുക വളരെ പഴക്കം ചെന്ന വിഷ്ണു ക്ഷേത്രമാണ്. വിഷ്ണുവിനും സരസ്വതിക്കും തുല്യ പ്രാധാന്യമാണ് ഇവിടെയുള്ളത്. എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന ക്ഷേത്രമാണിത്.
വിഷ്ണു ക്ഷേത്രത്തിന് തെക്ക് മാറി താഴെയൊരു തടാകത്തിന് അരികിലാണ് സരസ്വതീ ദേവി കുടിയിരിക്കുന്നത്. പതിവ് ക്ഷേത്ര സങ്കല്‍പ്പത്തിലുള്ള ശ്രീകോവിലോ സോപാനമോ ഒന്നും ഇവിടെയില്ല. കുളവും പച്ചപ്പ് മാറാത്ത വള്ളിപ്പടര്‍പ്പുമാണ് ആകെയുള്ളത്.
ഈ വള്ളിപ്പടര്‍പ്പിനകത്താണ് വിദ്യാദേവതയും സര്‍വ്വാഭീഷ്ട സധ്വികയുമായ സരസ്വതീ ദേവിയുടെ മൂലവിഗ്രഹം കുടികൊള്ളുന്നത്. ഈ വിഗ്രഹത്തിന് എതിരെ സ്ഥാപിച്ച പ്രതിവിഗ്രഹത്തിലാണ് പൂജകളും മറ്റ് കര്‍മ്മങ്ങളും നടത്തുന്നത്.
വള്ളിപ്പടര്‍പ്പിനും അതിനുള്ളില്‍ കാണുന്ന തെളിനീരുറവയും ദിവ്യമാണെന്നാണ് വിശ്വാസം. മൂലവിഗ്രഹത്തെ പൊതിഞ്ഞു നില്ക്കുന്ന ഒരു വള്ളി മറ്റെവിടെയും കാണാത്ത സരസ്വതീ ലതയാണെന്നാണ് വിശ്വാസം.
മൂലവിഗ്രഹത്തിന്റെ കാല് തഴുകി വരുന്ന തീര്‍ത്ഥജലം ഒരിക്കല്‍ പോലും വറ്റാറില്ല. സരസ്സില്‍ വസിക്കുന്ന ദേവി ആയ സരസ്വതീ ദേവി പനച്ചിക്കാട്ട് ആ പേര് അന്വര്‍ത്ഥമാക്കുന്നു. പൂജയ്ക്കായി വെള്ളമെടുക്കുന്നത് ഇവിടെ നിന്നാണ്. കിണറോ മറ്റ് ജലസ്രോതസ്സുകളോ ഇല്ല.
മഹാവിഷ്ണുവും പ്രധാന പ്രതിഷ്ഠകളായി വരുന്ന ഈ ക്ഷേത്രത്തില്‍ വിഷ്ണു പാദം തഴുകുന്ന ഗംഗാനദിയെപ്പോലെ ഇവിടെയും വിഷ്ണു പാദത്തില്‍ നിന്നാണ് സരസ്വതീ സവിധത്തിലേക്ക് തീര്‍ത്ഥജലം ഒഴുകിയെത്തുന്നത്.
ഗണപതി, ശിവന്, ശാസ്താവ്, യക്ഷി, നാഗരാജാവ് എന്ന ക്രമത്തില്‍ ഭക്തര്‍ ഇവിടെ ദര്‍ശനം നടത്തുന്നു. ആദ്യം വിഷ്ണുവിനെയും സരസ്വതിയെയുമാണ് തൊഴേണ്ടത്.
സരസ്വതീ ക്ഷേത്രത്തിനു പടിഞ്ഞാറ് ഭാഗത്ത് മുകളിലായി ഇലഞ്ഞിയും ഏഴിലം പാലയും തഴച്ചുവളര്‍ന്നു നില്ക്കുന്നു. ഇവിടെയാണ് മൂലബിംബത്തിന് കാവലായി ഉണ്ടായിരുന്ന യക്ഷി കുടികൊള്ളുന്നത്. അടുത്ത് തന്നെ ബ്രഹ്മരക്ഷസ്സുമുണ്ട്.
ദുര്‍ഗ്ഗാഷ്ടമി, മഹാനവമി എന്നീ ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസവും, മൂകാംബികയില്‍ എന്നപോലെ, പനച്ചിക്കാട്ടും വിദ്യാരംഭം നടത്തുന്നുണ്ട്. ജാതിമത ഭേദമന്യേ ആളുകള്‍ എത്തുന്നു എന്നൊരു സവിശേഷതയാണ്.
ദുര്‍ഗ്ഗാഷ്ടമി ദിവസം സരസ്വതീ സന്നിധാനത്തില്‍ ഒരുക്കുന്ന രഥ മണ്ഡപത്തില്‍ ഉല്‍ക്കൃഷ്ടങ്ങളായ താളിയോല ഗ്രന്ഥങ്ങളും പുസ്തകങ്ങളും എഴുത്ത് സാമഗ്രികളും പൂജയ്ക്ക് വയ്ക്കാറുണ്ട്.
പ്രധാന വഴിപാട് സാരസ്വതം നെയ്യ്. പനച്ചിക്കാട്ടെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് സാരസ്വതം നെയ്യ്. ബുദ്ധിക്കും വിദ്യയ്ക്കും ഉണര്‍വ് നല്കുന്ന ഈ ഔഷധം സാരസ്വത സൂക്തം വിധിയാം വണ്ണം ജപിച്ച് ശുദ്ധവും പൂര്‍ണ്ണവും ആക്കിയതാണ്.
സരസ്വതിക്കും മഹാവിഷ്ണുവിനും അരവണ, ത്രിമധുരം, യക്ഷിക്ക് വറ, രക്ഷസ്സിന് പാല്‍പ്പായസം, ശാസ്താവിന് തേങ്ങ തിരുമ്മിയ നരത്തല നിവേദ്യം, ശിവന് ധാര, കൂവളമാല, ഗണപതിക്ക് ഒറ്റയപ്പം, കറുകമാല എന്നിവയും പ്രധാന വഴിപാടുകളാണ്.
സരസ്വതിക്ക് സാരസ്വത സൂക്താര്‍ച്ചനയും വിഷ്ണുവിന് പുരുഷ സൂക്താര്‍ച്ചനയും നടത്താം. രാവിലെ അഞ്ച് മുപ്പത് മുതല്‍ പതിനൊന്ന് മണിവരെയും വൈകിട്ട് അഞ്ച് മണിമുതല്‍ ഏഴ് മുപ്പത് വരെയുമാണ് നട തുറക്കുക.