Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദക്ഷിണ കേരളത്തിലെ സരസ്വതി ദേവീക്ഷേത്രം

വട്ടിയൂര്‍ക്കാവ് ശ്രീ അറപ്പുര ഈശ്വരിയമ്മന്‍ കോവില്‍

ദക്ഷിണ കേരളത്തിലെ സരസ്വതി ദേവീക്ഷേത്രം
ദുര്‍ഗ്ഗ, സരസ്വതി, ലക്ഷ്മി എന്നീ ശക്തികളുടെ ഒന്നിച്ചുള്ള സാന്നിദ്ധ്യം കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലുണ്ട്. എങ്കിലും സരസ്വതിക്ക് മാത്രമായുള്ള ക്ഷേത്രങ്ങള്‍ തുലോം വിരളമാണ്.

എറണാകുളത്തെ പറവൂരിലും കോട്ടയത്തെ പനച്ചിക്കാട്ടുമാണ് അറിയപ്പെടുന്ന പ്രധാന സരസ്വതീ ക്ഷേത്രങ്ങള്‍. തെക്കന്‍ കേരളത്തിലെ, ഒരു പക്ഷെ, ഏക സരസ്വതീ ക്ഷേത്രമാണ് തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലെ അറപ്പുരയിലുള്ള ഈശ്വരിയമ്മന്‍ സരസ്വതീ ദേവി ക്ഷേത്രം.

എല്ലാ വര്‍ഷവും ഇവിടെ നവരാത്രിക്കാലം അതിവിശിഷ്ടമായി ആഘോഷിച്ചുവരുന്നു.

കേരളത്തിലെ മറ്റൊരിടത്തും കാണാത്ത അതിവിശിഷ്ടമായ ബാലസരസ്വതി പൂജ വിജയദശമി ദിവസം ഇവിടെ നടക്കും. ബാലികമാരായ കുട്ടികളെ ബാലസരസ്വതിയായി സങ്കല്പിച്ച് ഭക്ത്യാദരങ്ങളോടെ പഞ്ചവാദ്യം, നാഗസ്വരം, താലപ്പൊലി എന്നിവ സമേതം ക്ഷേത്ര സന്നിധിയിലേക്ക് ആനയിച്ച് കാല്‍ കഴുകി അര്‍ച്ചന, ആരാധന എന്നിവ നടത്തി ഭക്ഷണവും ദക്ഷിണയും നല്‍കുന്ന ചടങ്ങാണിത്.

ബാലസരസ്വതിമാരായ കുട്ടികള്‍ക്ക് കര്‍മ്മശുദ്ധി, കാര്യവിജയം, വിദ്യാഭിവൃദ്ധി എന്നിവയും കുടുംബൈശ്വര്യവും ഈശ്വരാധീനവും ലഭിക്കും എന്നാണ് വിശ്വാസം. വെള്ള വസ്ത്രം അണിഞ്ഞ് പൂ ചൂടി സര്‍വ്വാഭരണ വിഭൂഷിതരായാണ് ബാലസരസ്വതിമാര്‍ പൂജ സ്വീകരിക്കാന്‍ എത്തുന്നത്.

സിനിമാ താരം സുരേഷ് ഗോപിയാണ് ബാലസരസ്വതിമാര്‍ക്ക് പൂജ അര്‍പ്പിക്കാന്‍ എത്തുന്നത്. നവരാത്രിക്കാലത്ത് വിദ്യാ മണ്ഡപത്തില്‍ വിശേഷാല്‍ പൂജയും സാരസ്വതം അര്‍ച്ചനയും ദീപാരാധനയും നടക്കുന്നു. ആറാം ദിവസമായ ഒക്‍ടോബര്‍ അഞ്ചിന് പുഷ്പാഭിഷേകം, പത്താം ദിവസമായ വിജയദശമിക്ക് ഗണപതി ഹോമം, വിദ്യാരംഭം എന്നിവയാണ് ചടങ്ങുകള്‍.


നവരാത്രി മണ്ഡപത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഏഴാം തീയതി രാത്രി കലാമത്സര വിജയികള്‍ക്ക് മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ സമ്മാനം നല്‍കും. വട്ടിയൂര്‍ക്കാവ് പി.ടി.പി നഗര്‍ റോഡിലെ അറപുരയിലെ ഈ ക്ഷേത്രം ഇന്നൊരു കൊച്ചു ക്ഷേത്രമാണ്. ഇവിടത്തെ ദിവ്യശക്തിയുള്ള ഒരു കുടുംബ കാരണവരുടെ സമാധി സ്ഥലത്താണ് ക്ഷേത്രം പണിതത്.

പുലിയാരച്ഛന്‍ എന്ന പേരിലാണ് ഈ കാരണവര്‍ അറിയപ്പെട്ടിരുന്നത്. ഈ സിദ്ധന്‍റെ ഉപാസനാ മൂര്‍ത്തിയായിരുന്നു സരസ്വതീ ദേവി. ഒരിക്കല്‍ മഹാരാജാവ് വിവരമറിഞ്ഞ് മുഖം കാണിക്കാന്‍ കല്പിച്ചപ്പോള്‍ പുലിപ്പുറത്തു കയറി ഇരുവശത്തും ഓരോ പുലിയുടെ അകമ്പടിയോടെ കൊട്ടാരത്തിലെത്തി. ഇതുകണ്ട് മഹാരാജാവ് അമ്പട പുലിയാരച്ഛാ.. എന്ന് സംബോധന ചെയ്ത് സ്വീകരിച്ചു.

ദേവീ പ്രതിഷ്ഠയ്ക്കായി കരമൊഴിവായി ഭൂമി അനുവദിക്കുകയും ചെയ്തു. അപൂര്‍വ്വ വൃക്ഷങ്ങള്‍ നിറഞ്ഞ നിബിഢമായ കാവ് ഇവിടെയുണ്ട്. നാഗരാജാവിന്‍റെയും നാഗ യക്ഷിയുടെയും നാഗ കന്യകയുടെയും പ്രതിഷ്ഠകളും അവയ്ക്കായി ആയില്യ പൂജയും നടക്കുന്നു. വിഘ്നേശ്വരന്‍, ശിവന്‍, തമ്പുരാന്‍ എന്നിവയാണ് ഉപദേവതകള്‍.

പത്ത് ദിവസത്തെ നവരാത്രി ഉത്സവവും പ്രതിഷ്ഠാദിനവുമാണ് പ്രധാന ആഘോഷങ്ങള്‍.



Share this Story:

Follow Webdunia malayalam