കന്യാകുമാരി ജില്ലയിലെ പത്മനാഭപുരത്തുനിന്ന് അക്ഷരപൂജയ്‌ക്കായി നവരാത്രി വിഗ്രഹങ്ങള്‍ എഴുന്നള്ളിയതോടെ തിരുവനന്തപുരത്ത് നവരാത്രി ഉത്സവം തുടങ്ങി.
ദേവീസ്‌തോത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ അക്ഷരദേവതയ്‌ക്കും കുമാരസ്വാമിക്കും മുന്നൂറ്റിനങ്കയ്‌ക്കും അനന്തപുരിയില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. തേവാരക്കെട്ടിലെ സരസ്വതിവിഗ്രഹം ആനപ്പുറത്തും വേളിമല കുമാരസ്വാമി വെള്ളിക്കുതിരമേലും ശുചീന്ദ്രം മുന്നൂറ്റിനങ്ക പല്ലക്കിലുമാണ് എഴുന്നള്ളിയത്.
തിങ്കളാഴ്‌ച രാത്രി എട്ട് മണിയോടെയാണ് നവരാത്രി വിഗ്രഹങ്ങള്‍ പദ്‌നമാഭസ്വാമിക്ഷേത്രത്തിന്‍റെ കിഴക്കേനടയില്‍ എത്തിയത്. ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വലിയ കാണിക്ക നല്‍കി വിഗ്രഹങ്ങളെ വരവേറ്റു.
പൂജാദികര്‍മ്മങ്ങള്‍ക്കും ദീപാരാധനയ്‌ക്കും ശേഷം മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലേക്കും കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലേക്കും എഴുന്നള്ളിച്ചു.
പത്മതീര്‍ഥത്തില്‍ ആറാട്ട് കഴിഞ്ഞ് കിഴക്കേനടയിലെ പകിടശാലയില്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തിലിരുത്തിയ സരസ്വതിവിഗ്രഹം ബുധനാഴ്‌ച രാവിലെ നവരാത്രിമണ്ഡപത്തില്‍ പ്രതിഷ്ഠിച്ച് പൂജ തുടങ്ങും.
നവരാത്രി മണ്ഡപത്തില്‍ രാവിലെ 5.15 മുതല്‍ 7.30 വരെയും 8.30 മുതല്‍ 10 വരെയും വൈകുന്നേരം 3 മുതല്‍ 5 വരെയും രാത്രി 9.45 മുതല്‍ 10.30 വരെയും ദര്‍ശനസൗകര്യം ഉണ്ടായിരിക്കും.