ബ്രഹ്മാണി, വൈഷ്‌ണവി, മഹേശ്വരി, കൗമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ് സപ്തമാതാക്കള്‍. ഇന്ദ്രാണിക്കു പകരം നരസിംഹിയെയാണ് ചിലയിടങ്ങളില്‍ കാണുന്നത്.
ബ്രഹ്മാവ്, ശിവന്‍, വിഷ്‌ണു തുടങ്ങിയ ദേവന്മാരുടെ ശരീരത്തില്‍ നിന്നാണ് സപ്തമാതാക്കള്‍ ജനിച്ചതെന്ന് അവരുടെ പേരുകള്‍ സൂചിപ്പിക്കുന്നു.
ശിവനും വിഷ്‌ണുവും അന്ധകാസുരനെ കൊല്ലാന്‍ ശ്രമിച്ച് ഫലിക്കാതെ വന്നപ്പോള്‍ സപ്തമാതൃക്കളെ സൃഷ്ടിച്ചുവെന്നാണ് ഒരു കഥ.
അന്ധകാസുരന്‍റെ ഓരോ തുള്ളി ചോര നിലത്തുവീഴുമ്പോഴും അതില്‍ നിന്ന് ഓരോ അസുരനുണ്ടാവും. ഇതു തടുക്കാനായി സപ്തമാതൃക്കള്‍ ഓരോ തുള്ളി ചോരയും കുടിച്ച് നിലത്തു വീഴാതെ സൂക്ഷിച്ചു. വിഷ്‌ണുവിനും ശിവനും അസുരനെ വധിക്കാനാവുകയും ചെയ്തു.
വാമനപുരാണം 56-ാം അധ്യായത്തില്‍ സപ്തമാതൃക്കളുടെ ജനനത്തെപ്പറ്റി ഇങ്ങിനെയാണ് പറയുന്നത്. ഒരിയ്ക്കല്‍ ദേവാസുരയുദ്ധത്തില്‍ അസുരന്മാര്‍ തോറ്റപ്പോള്‍ രക്തബീജനെന്ന അസുരന്‍ തന്‍റെ അക്ഷൗഹിണിപടയുമായി യുദ്ധത്തിനൊരുങ്ങി. ഇതു കണ്ട കാശികമഹേശ്വരി ഒരു സിംഹനാദം പുറപ്പെടുവിച്ചു.
ദേവിയുടെ തിരുവായില്‍ നിന്ന് ബ്രഹ്മാണിയും തൃക്കണ്ണില്‍ നിന്ന് മഹേശ്വരിയും, അരക്കെട്ടില്‍ നിന്ന് കൗമാരിയും കൈകളില്‍ നിന്ന് വൈഷ്‌ണവിയും പൃഷ്ടഭാഗത്തു നിന്ന് വരാഹിയും, ഹൃദയത്തില്‍ നിന്ന് നരസിംഹിയും പാദത്തില്‍ നിന്ന് ചാമുണ്ഡിയും ഉത്‌ഭവിച്ചു.
കാര്‍ത്യായനി ദേവിയുടെ (കൗശിക) രൂപഭേദങ്ങളാണ് സപ്തമാതൃക്കള്‍. ദേവി തന്‍റെ ജട നിലത്തടിച്ചപ്പോള്‍ സപ്തമാതൃക്കളുണ്ടായി എന്നും കഥയുണ്ട്.
അരയന്നമാണ് ബ്രഹ്മാണിയുടെ വാഹനം. കൈയില്‍ ജപമാലയും കമണ്ഡലവുമുണ്ട്.
ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ് .ശിവനെപ്പോലെ പാമ്പുകള്‍ കൊണ്ടാണ് വളയും മാലയും അണിഞ്ഞിരിക്കുന്നത്. കൈയില്‍ തൃശൂലം.
ആണ്‍മയിലിന്‍റെ കഴുത്തിലേറിയ കൗമാരിയുടെ കൈയില്‍ വേലാണ് ആയുധം.
സൗന്ദര്യമൂര്‍ത്തിയായ വൈഷ്‌ണവിയുടെ വാഹനം ഗരുഡനാണ്. ശംഖ്‌ചക്രഗദാഖഡ്‌ഗങ്ങളും ശാര്‍ങ്‌ഗശരവും കൈയ്യിലുണ്ട്.
ശേഷനാഗത്തിന്‍റെ പുറത്തിരുന്ന് തേറ്റകൊണ്ട് നിലം കിളക്കുന്ന ഉഗ്രരൂപിണിയായ വാരാഹിയുടെ ആയുധം ഉലക്കയാണ്.
ഉഗ്രമൂര്‍ത്തിയാണ് തീഷ്‌ണനഖദാരുണയായ നരസിംഹി. ഒന്നു സടകുടഞ്ഞാല്‍ നവഗ്രഹങ്ങളും താരകങ്ങളും വിറയ്ക്കും. വജ്രമാണ് ഇന്ദ്രാണിയുടെ ആയുധം.