Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂജവെയ്‌പ് എങ്ങിനെ നടത്തണം ? അതിനായി എന്തെല്ലാം ചെയ്യേണ്ടതുണ്ട് ?

നവരാത്രി - ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം.

പൂജവെയ്‌പ് എങ്ങിനെ നടത്തണം ? അതിനായി എന്തെല്ലാം ചെയ്യേണ്ടതുണ്ട് ?
, ഞായര്‍, 9 ഒക്‌ടോബര്‍ 2016 (16:43 IST)
നവരാത്രി - ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ ശക്തിയുടെ ഒൻപത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. യഥാർത്ഥത്തിൽ അഞ്ച് നവരാത്രികൾ ഉണ്ടെങ്കിലും മൂന്നെണ്ണം മാത്രമേ ഇപ്പോൾ ആഘോഷിക്കപ്പെടുന്നുള്ളൂ. നവരാതിയോടനുബന്ധിച്ചാണ് പൂജവെയ്പ്പ് നടത്തുക. എങ്ങിനെയാണ് പൂജവെയ്പ്പ് നടത്തുകയെന്ന് നോക്കാം. 
 
പൂജവെയ്പ്‌ അവരവരുടെ വീട്ടിലോ ക്ഷേത്രങ്ങളിലോ ആണ് നടത്തുക. പൊതുവേ എല്ലാവരും ക്ഷേത്രങ്ങളിലാണു പൂജയ്ക്ക്‌ വെയ്ക്കാറുള്ളത്‌. കുട്ടികൾ അവരവരുടെ പാഠപുസ്തകങ്ങള്‍, പേന, പെൻസിൽ എന്നിങ്ങനെയുള്ള പഠനോപകരണങ്ങള്‍ പൂജയ്ക്കു വെയ്ക്കണം. മറ്റുള്ളവർ കർമ്മസംബന്ധവുമായി ബന്ധപെട്ട അവരുടെ വസ്തുക്കൾ, ഭഗവത്‌ ഗീത, ഭാഗവതം, മഹാഭാരതം, രാമായണം തുടങ്ങി പുണ്യപുരാണ ഗ്രന്ഥങ്ങൾ എന്നിവയും പൂജയ്ക്ക്‌ വെയ്ക്കണം. വീട്ടിലാണെങ്കിൽ പൂജാമുറി ശുദ്ധിവരുത്തേണ്ടതാണ്. ഇതിനായി ആദ്യം പഴയ വസ്തുക്കൾ, കരിന്തിരി, ചന്ദനതിരി പൊടി എന്നിങ്ങനെയുള്ള അവശിഷ്ടങ്ങളെല്ലാം മാറ്റി വൃത്തിയാക്കണം. ശുദ്ധജലം കൊണ്ട്‌ പൂജാമുറിയിലെ ഫോട്ടോകളും മറ്റും തുടച്ച് വൃത്തിയാക്കണം. 
 
ഗണപതി, സരസ്വതി, മഹാലക്ഷ്മി തുടങ്ങിയ ദേവതകളുടെ ഫോട്ടോ തറയിൽ ഒരു പീഠം വെച്ച്‌ അതിലോ അല്ലെങ്കിൽ ശുദ്ധിയുള്ള മറ്റു എന്തിലെങ്കിലുമോ വെയ്ക്കുക. ഒരു കാരണവശാലും ഇവ വെറും തറയിൽ വെയ്ക്കരുത്‌. ഒരു നിലവിളക്ക്‌ അഞ്ചുതിരിയിട്ട കത്തിക്കണം. ചന്ദനതിരി, സമ്പ്രാണി തുടങ്ങിയവയും കത്തിക്കുക. ഫോട്ടോ വെയ്ക്കുമ്പോൾ നടുവിൽ സരസ്വതി, വലതുഭാഗത്ത്‌ ഗണപതി, ഇടതുഭാഗത്ത്‌ മഹാലക്ഷ്മി എന്നിങ്ങനെയായിരിക്കണം വെക്കേണ്ടത്. ഈ മൂന്ന് മൂർത്തികൾക്കും മാലയും മറ്റു പുഷ്പങ്ങളും ചാർത്തണം. തുടർന്ന് പുതിയ ബെഡ്ഷീറ്റോ, പായയോ, പേപ്പറോ വെച്ച്‌ അതിൽ പൂജയ്ക്കു വെയ്ക്കാനുള്ളതെല്ലാം വെക്കണം. 
 
ഒരു കിണ്ടിയില്‍ ശുദ്ധ ജലം നിറച്ച്‌ വലതുകൈകൊണ്ട്‌ അടച്ചുപിടിക്കുക. അതിനുമുകളിൽ ഇടതുകൈ വെച്ച്‌ 
‘ഗംഗേ ച, യമുനേ ചൈവ, ഗോദാവരി സരസ്വതി, നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധം കുരു’ എന്ന മന്ത്രം ചൊല്ലി തീർത്ഥമായി സങ്കൽപിച്ച്‌ ഒരു തുളസിയിലകൊണ്ട്‌ പുസ്തകത്തിലും മറ്റും തെളിച്ച്‌ ശുദ്ധി വരുത്തുക. നിവേദ്യം അർപ്പിച്ച്‌ പൂജ ചെയ്ത്‌ കർപ്പൂരം കാണിക്കണം. അടുത്ത ദിവസം രാവിലേയും വൈകീട്ടും ഇതുപോലെ പൂജചെയ്ത്‌ ആരതി ഉഴിയണം. വിജയദശമി ദിവസം മാലപുഷ്പങ്ങൾ കൊണ്ട്‌ അലങ്കരിക്കണം. വലതു വശത്തും ഇടതു വശത്തും കരിമ്പ്‌ വെയ്ക്കണം. തുടർന്ന്, പായസം, പയർ, അവിൽ, മലർ, ശർക്കര, പഴം, മറ്റു ഇഷ്ടമുള്ള നിവേദ്യങ്ങൾ എന്നിവയും അർപ്പിക്കുക.
 
തുടര്‍ന്ന് സരസ്വതി മന്ത്രങ്ങൾ ചൊല്ലുകയും ശ്രീലളിത അഷ്ടോത്തരശതനാമാവലികൊണ്ട്‌ പുഷ്പാർച്ചന നടത്തുകയും ചെയ്യണം. അതിനുശേഷം കർപ്പൂരം ആരതി കാണിച്ച്‌ പൂജയ്ക്ക്‌ വെച്ചെതെല്ലാം എടുക്കുക. തുടർന്ന് അരിയിൽ ‘ഹരിശ്രീഗണപതയേ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ:’ എന്ന് വലതു ചൂണ്ടാണി വിരൽ കൊണ്ട്‌ എഴുതുക. തുടർന്ന് ഗണപതിയേയും വിദ്യാദേവിയേയും മനസിൽ ധ്യാനിച്ച്‌ പഠിക്കാനുള്ള പുസ്തകങ്ങളില്‍ ഏതെങ്കിലും ഒന്നെടുത്ത്‌ വായിച്ച്‌, ബുദ്ധിയും ശക്തിക്കുമായി പ്രാർത്തിച്ച്‌ നമസ്കരിക്കുകയും ചെയ്യുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീപാർവ്വതി ദേവിയുടെ രൗദ്ര രൂപമാണ് ദുർഗ്ഗ; എങ്കില്‍ ആരാണ് അംബയും കാളിയും ?