നവരാത്രി; ആദിശക്തിയുടെ മൂന്നു സങ്കല്‍പങ്ങളായ പാർവ്വതി, ലക്ഷ്മി, സരസ്വതി എന്നീ ദേവതകളെ ഉപാസിച്ചുള്ള ആരാധന
ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഉത്സവമായാണ് നവരാത്രി അറിയപ്പെടുന്നത്.
'സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ഭവതുമേ സദാ'
ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഉത്സവമായാണ് നവരാത്രി അറിയപ്പെടുന്നത്. ഒൻപത് രാത്രികൾ എന്നാണ് നവരാത്രി എന്ന സംസ്കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലുമായാണ് ഈ ഉത്സവം നീണ്ടുനില്‍ക്കുന്നത്. ഇക്കാലയളവില്‍ ശക്തിയുടെ ഒൻപത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. നവരാത്രി ദിനങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവ്വതിയായി സങ്കല്‍പ്പിച്ചാണ് പൂജ നടത്തുക. എന്നാല്‍ അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ചാണ് പൂജകള്‍ നടത്തുന്നത്.
വിദ്യയുടെ അധിപതിയായാണ് സരസ്വതിദേവിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാലയളവില്‍ വിദ്യാരംഭം കുറിക്കുകയെന്നത് വളരെ പ്രധാനമാണ്. വിജയദശമി വരെയുള്ള ഏഴ് ദിവസങ്ങളിലെങ്കിലും വ്രതമെടുക്കേണ്ടതാണ്. മത്സ്യമാംസാദിഭക്ഷണവും ലഹരി ഉപയോഗവും ത്യജിക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. കൂടാതെ രാവിലെയു ഉച്ചയ്ക്കും വൈകുന്നേരവും ദേവീപ്രാർഥന നടത്തുകയും നെയ് വിളക്കു കത്തിച്ച് പ്രാർഥിക്കുകയും വേണം. മഹാലക്ഷ്മി ഐശ്വര്യവും സമൃദ്ധിയും സൗന്ദര്യവും നൽകുന്നു.
മനുഷ്യന്റെ വൃക്തിത്വ വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും പ്രധാനമായ രണ്ട് ഘടകങ്ങളാന് വിദ്യയും വിനയവും. നമ്മുടെ അമൃതസ്വരൂപികളായ തിന്മകളെ നശിപ്പിച്ച് നന്മ പ്രദാനം ചെയ്യുന്ന ദിവസം കൂടിയാണ് വിജയദശമി. അതുകൊണ്ട് തന്നെ വിദ്യയുടെ അധിപതിയായ സരസ്വതിദേവിയ്ക്ക് മുന്നില്‍ വിദ്യാരംഭം കുറിക്കുന്നതിനായി നവരാത്രി വളരെ പ്രാധാന്യത്തോടെ എടുത്തിരിക്കുന്നു. ഈ ദിവസമാണ് സരസ്വതിദേവി ഭക്തിയും വിദ്യയും ശക്തമാക്കിത്തരുക എന്നതാണ് ഹിന്ദുക്കളിലുള്ള വിശ്വാസം.
നവരാത്രി ദിവസങ്ങളിൽ ഏറ്റവും പ്രധാനമായ ദിവസങ്ങളാണ് അഷ്ടമി, നവമി, ദശമി എന്നിവ. അഷ്ടമിയും തിഥിയും ചേര്‍ന്ന് വരുന്ന സന്ധ്യാവേളയിലാണ് പൂജവെപ്പ് നടത്തേണ്ടത്. പുസ്തകങ്ങളും ഗ്രന്ഥങ്ങളും പൂജയ്ക്കു വയ്ക്കുക. നവമിനാളിലാണ് പണി ആയുധങ്ങളും മറ്റും ദേവിക്കു സമർപ്പിച്ചു പ്രാർഥിക്കേണ്ടത്. ദശമി നാളില്‍ രാവിലെയാണ് വിദ്യാദേവതയായ സരസ്വതിയെയും വിഘ്നേശ്വരനായ ഗണപതിയെയും ബുദ്ധിയുടെ അധിപനായ ഗുരുവും ബുധനും ചേര്‍ന്ന ശ്രീകൃഷ്ണനെയും ദക്ഷിണാമൂർത്തിയെയും നവഗ്രഹങ്ങളെയും പൂജിക്കുക.