തലവേദന പലരെയും അലട്ടാറുണ്ട്. പുതിയ ഗവേഷണഫലങ്ങള്‍ പറയുന്നത് കാപ്പിക്ക് തലവേദന ശമിപ്പിക്കാന്‍ കഴിയും എന്നാണ്. ഒരു പഠനത്തിന്‍റെ ഭാഗമായി സ്ഥിരമായി തലവേദന വരുന്നവര്‍ക്ക് ഒരു അംഗീകൃത വേദന സംഹാരിയും കഫീനും നല്‍കി. ഇതില്‍ 80 ശതമാനം പേര്‍ക്കും ആറു മണിക്കൂറിനുള്ളില്‍ കാര്യമായ പുരോഗതി ഉണ്ടായപ്പോള്‍ വേദന സംഹാരി മാത്രം കഴിച്ച 67 ശതമാനം പേര്‍ക്കു മാത്രമേ തലവേദനയില്‍ കുറവുണ്ടായുള്ളു. വേദന കുറയ്ക്കുമെന്നതിനാലും മരുന്ന് ശരീരത്തിലേക്ക് ആര്‍ജ്ജിക്കാനുള്ള കഴിവ് കൂട്ടുമെന്നതിനാലും ഇന്ന് പല മരുന്നുകളിലും കഫീന്‍ ചേര്‍ക്കുന്നത് സാധാരണമാണ്. മൈഗ്രേയ്ന്‍, തലവേദന ഉളളവര്‍ ഒരു കപ്പ് കടുപ്പമുളള കാപ്പി കുടിക്കുന്നത് തലവേദന കുറക്കാന്‍ സഹായിക്കും എന്ന് അവകാശപ്പെടുന്നു. രക്തധമനികളെ വികസിപ്പിക്കുന്ന മദ്യം പോലെയുള്ള പദാര്‍ത്ഥങ്ങള്‍ കടുത്ത തലവേദനയ്ക്ക് കാരണമാകുമെന്ന് അറിയപ്പെടുന്ന കാര്യമാണ്. നേരെ മറിച്ച് കഫീന്‍ രക്തധമനികളെ സങ്കോചിപ്പിക്കുന്നതു നിമിത്തം ഇതിന് ധമനികള്‍ വികസിക്കുന്നതുകൊണ്ടുളള തലവേദന ഇല്ലാതാക്കാന്‍ സാധിക്കും.