കോഫി..കോഫി..നിങ്ങള്‍ ട്രെയിന്‍ യാത്ര ചെയ്യുന്ന ഒരാളാണെങ്കില്‍ കാപ്പിക്കാരന്‍റെ ഈ വിളി നിങ്ങള്‍ക്ക് പരിചിതമായിരിക്കണം. നമ്മുടെ നാട്ടില്‍ കാപ്പി കടന്നെത്താത്ത സ്ഥലമുണ്ടാവില്ല. എന്തിനേറെ, ബോളിവുഡ് ഗോസിപ്പുകള്‍ക്ക് പിറവിയെടുക്കാന്‍ പോലും ഒരു ‘കോഫി ഷോപ്പ്’ വേണം!
എന്നാല്‍, ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഇഷ്ടപ്പെടുന്നത് ആരാണ് എന്നറിയാമോ? അമേരിക്കക്കാരെയാണ് ലോകത്തിലെ ഏറ്റവും വലിയ ‘കാപ്പി കുടിയന്‍മാരായി‘ കണക്കാക്കുന്നത്. അമേരിക്കയ്ക്ക് പിന്നില്‍ ഫ്രാന്‍സും ജര്‍മ്മനിയുമാണ് കാപ്പിയുടെ ഉപഭോഗത്തില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങള്‍.
അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് എത്രത്തോളം കാപ്പിയാണ് അകത്താക്കുന്നത് എന്നറിയുന്നതും രസകരമായിരിക്കും. ലോകത്തിലെ മൊത്തം കാപ്പി ഉപഭോഗത്തിന്‍റെ 65 ശതമാനവും ഈ മൂന്ന് രാജ്യക്കാരുടേതാണ്!
ലാറ്റിന്‍ അമേരിക്ക കൊതിയൂറുന്ന മണമുള്ള കാപ്പിക്ക് പേരുകേട്ട ഇടമാണ്. ഇവിടെയാണ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് കാപ്പി ഉത്പാദന രാഷ്ട്രങ്ങളും- ബ്രസീലും കൊളംബിയയും. ഇവിടെ നിന്നുള്ള കാപ്പിക്കാണ് ലോക വിപണി ഏറ്റവും കൂടുതല്‍ വിലമതിക്കുന്നതും.
ബ്രസീലിലാണ് കാപ്പി ഒരു ‘സംസ്കാര’മായി രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ ഒരു കപ്പ് കാപ്പി കുടിക്കാനുള്ള ക്ഷണം അംഗീകാരമായാണ് കണക്കാക്കുന്നത്. ആതിഥ്യ മര്യാദയുടെ പര്യായമായ കാപ്പി ബ്രസീലില്‍ ഏതു സമയവും ലഭിക്കും.
എന്നാല്‍, മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ സ്ഥിതിയില്‍ വ്യത്യാസമുണ്ട്. കാപ്പി ഭക്ഷണത്തിനു ശേഷം എന്ന രീതിയാണ് അവര്‍ പിന്തുടരുന്നത്...പ്രാതലിനു ശേഷം, ഉച്ചഭക്ഷണത്തിനു ശേഷം എന്നിങ്ങനെ.
നമ്മുടെ മേശപ്പുറത്ത് ആവി പറത്തി കപ്പിനുള്ളില്‍ പാവത്തെ പോലെ ഇരിക്കുന്ന കാപ്പിക്ക് ലോകമെമ്പാടും ഇത്രത്തോളം ആരാധകരുണ്ട് എന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ.