നിതാഖാത്: സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് മന്ത്രി കെ സി ജോസഫ്
തിരുവനന്തപുരം , ചൊവ്വ, 5 നവംബര്‍ 2013 (19:03 IST)
സൗദിയില്‍ നിതാഖാത് നിയമം നടപ്പാക്കുന്നതിന് നല്കിയ ഇളവ് കാലത്ത് അപേക്ഷ സമര്‍പ്പിച്ച് ഇതുവരെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്കാന് തീരുമാനിച്ചതായി നോര്‍ക്ക മന്ത്രി കെ സി ജോസഫ് അറിയിച്ചു.റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം,കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് പ്രത്യേക വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നോര്‍ക്ക വകുപ്പ് പ്രാദേശിക ഉപദേശക സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാനുള്ളവര്‍ സൗജന്യ വിമാന ടിക്കറ്റ് ലഭിക്കുന്നതിന് ഈ സമിതികള്‍ വഴി അപേക്ഷ സമര്‍പ്പിക്കണം.ഇളവ് കാലത്ത് (2013 ഏപ്രില്‍ 1നും നവംബര്‍ 3നും ഇടയ്ക്ക്) ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം അപേക്ഷകര്‍. സൗജന്യ യാത്രയ്ക്കായി നിര്‍ദ്ദിഷ്ട ഫോറത്തില്‍ എല്ലാ കോളങ്ങളും പൂരിപ്പിച്ച് അപേക്ഷിക്കണം. അപേക്ഷാ ഫോറം പ്രാദേശിക സമിതികളില്‍ നിന്നും ലഭിക്കും. അപേക്ഷ ലഭിക്കുന്ന മുന്‍ഗണനാ പ്രകാരമായിരിക്കും സഹായത്തിന് പരിഗണിക്കുന്നത്. നാടുകടത്തല്‍ കേന്ദ്രമായ തഹ്റീലിന് വിരലടയാളം നല്കി എക്സിറ്റ് പാസ് വാങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. ഇന്ത്യന്‍/സൗദി സര്‍ക്കാരുകളുടെ നിമയത്തിന് വിധേയമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.ഉപദേശക സമിതിയുടെ ശുപാര്‍ശ പ്രകാരം സഹായത്തിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുവാനുള്ള ചുമതല നോര്‍ക്ക വകുപ്പിനായിരിക്കും. മടക്കയാത്ര സംബന്ധിച്ച ക്രമീകരണങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് സിഇഒ പി സുധീപിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
Follow Webdunia malayalam