Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുവൈറ്റില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി

കുവൈറ്റില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി
കുവൈറ്റ് , വെള്ളി, 23 മെയ് 2014 (13:18 IST)
കുവൈറ്റില്‍ മലയാളിയുള്‍പ്പെടെയുള്ള രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി. നാല് വര്‍ഷം മുന്‍പ് ഹവല്ലിയില്‍ ആന്ധ്രപ്രദേശ് സ്വദേശിനി കൊല്ലപ്പെട്ട കേസില്‍ ശിക്ഷയില്‍ ക‍ഴിയുന്ന കോ‍ഴിക്കോട് പയ്യോളി സ്വദേശി പളളിക്കല്‍ താ‍ഴെ അഷ്റഫിന്റെ വധശിക്ഷയാണ് കോടതി ഇളവ് ചെയ്തത്. കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ശിക്ഷ ജീവപര്യന്തമാക്കിയത്.
 
2010 ഫെബ്രുവരി 28നായിരുന്നു ആന്ധ്രാ സ്വദേശിയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഹവല്ലിയിലെ ഫ്ളാറ്റിന് സമീപത്തെ ചവറ്റു കൊട്ടയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിയുമായി ബന്ധമുണ്ട് എന്ന സംശയത്തില്‍ പ്രദേശത്തെ അനാശാസ്യ കേന്ദ്രം റെയ്ഡ് ചെയ്ത പൊലീസ് നടത്തിപ്പുകാരനായ ബംഗ്ലാദേശുകാരനെയും നാല് സ്ത്രീകളെയും അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ മൃതദേഹം കണ്ടെത്തിയ ചവറ്റുകൊട്ടക്ക് സമീപം തലേന്ന് രാത്രി ഒരു വാഹനം കണ്ടതായുള്ള പ്രദേശവാസികളുടെ മൊഴികളെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവില്‍ കോഴിക്കോട് പയ്യോളി തുറയൂര്‍ ചരിച്ചില്‍പ്പള്ളി സ്വദേശി പള്ളിക്കല്‍ താഴെ അഷ്റഫ് പിടിയിലാകുകയായിരുന്നു. ചോദ്യംചെയ്യലില്‍ ആന്ധ്രക്കാരിയെ അനാശാസ്യത്തിനായി മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും പിന്നീടുണ്ടായ തര്‍ക്കത്തിനിടെ കൊല്ലപ്പെടുകയായിരുന്നുവെന്നും ഇയാള്‍ സമ്മതിച്ചിരുന്നു.
 
പിടിയിലായി രണ്ട് വര്‍ഷത്തിനുശേഷമാണ് കേസില്‍ അഷ്റഫിന് കോടതി വധശിക്ഷ വിധിച്ചത്.  കേന്ദ്രമന്ത്രിയായിരുന്ന ഇ അഹമ്മദിന്റെ കൂടി ഇടപെടലിന്റെ ഭാഗമായി ആന്ധ്രയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടുകയും ഏഴ് ലക്ഷം രൂപ നല്‍കി മാപ്പ് വാങ്ങുകയായിരുന്നു. മാപ്പ് നല്‍കിക്കൊണ്ടുള്ള രേഖ കഴിഞ്ഞവര്‍ഷം കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചെങ്കിലും യുവതിയുടെ യഥാര്‍ഥ പേരും പാസ്പോര്‍ട്ടിലെ പേരും തമ്മിലുള്ള വ്യത്യാസം മൂലം നടപടിക്രമങ്ങള്‍ നീളുകയായിരുന്നു.
 
ഹിന്ദുമത വിശ്വാസിയായ യുവതി ഷാഹിന ബീഗം ശൈഖ് എന്ന വ്യാജ പാസ്പോര്‍ട്ടിലാണ് കുവൈറ്റിലെത്തിയിരുന്നത്. ഇത് ഏറെ പ്രയാസമുണ്ടാക്കിയെങ്കിലും എംബസി അധികൃതരുടെ പരിശ്രമത്തെ തുടര്‍ന്ന് കാര്യങ്ങള്‍ ശരിയാവുകയായിരുന്നു. വധശിക്ഷ റദ്ദായെങ്കിലും ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടതിനാല്‍ അഷ്റിന് കുവൈത്ത് ജയിലില്‍ തന്നെ തുടരേണ്ടിവരും. ഇന്ത്യയും കുവൈറ്റും തമ്മില്‍ ഒപ്പ് വെച്ച തടവുകാരെ കൈമാറല്‍ കരാര്‍പ്രാബല്യത്തില്‍ വന്നാല്‍ ശിക്ഷാകാലം നാട്ടില്‍ അനുഭവിക്കുന്നതിനു വഴി തെളിഞ്ഞെക്കും.

Share this Story:

Follow Webdunia malayalam