ഇറാനില്‍ കഴിയുന്ന മലയാളികളടക്കമുള്ള മത്സ്യത്തൊഴിലാളികളെ ഉടന്‍ മോചിപ്പിക്കും
ദമാം , വ്യാഴം, 12 സെപ്‌റ്റംബര്‍ 2013 (11:58 IST)
ഇറാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അടുത്തദിവസമോ ഈ മാസം പതിനേഴിനോ മോചിതരാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മത്സ്യത്തൊഴിലാളികളില്‍ മൂന്ന് പേര്‍ മലയാളികളാണ്. താനൂര്‍ പുതിയകടപ്പുറം ചക്കാച്ചീന്റെപുരയ്ക്കല്‍ കുഞ്ഞിമരയ്ക്കാരുടെ മകന്‍ മുഹമ്മദ് കാസിം (38), എടക്കടപ്പുറം കുട്ട്യാമൂന്റെപുരയ്ക്കല്‍ ഖാലിദ്കുട്ടിയുടെ മകന്‍ കോയ (37), പരപ്പനങ്ങാടി സദ്ദാം ബീച്ച് വളപ്പില്‍ വീട്ടില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ അബ്ദുല്ലക്കോയ (39) എന്നിവരാണു തടവിലുള്ള മലയാളികള്‍.സൗത്ത് ഏഷ്യന്‍ ഫിഷര്‍മെന്‍ ഫ്രട്ടേണിറ്റി (സാഫ്) ഖത്തര്‍ ലീഗല്‍ അഡ്വൈസര്‍ അഡ്വ. നിസാര്‍ കോച്ചേരിയാണ് മോചനക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ എംബസി മുഖേന ഇറാന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണു മോചനസാധ്യത തെളിഞ്ഞത്. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും യാത്രാ ടിക്കറ്റും ഹാജരാക്കിയാല്‍ മോചിപ്പിക്കാമെന്ന് ഇറാന്‍ എമിഗ്രേഷന്‍ ആന്‍ഡ് പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.ആറു തമിഴ്‌നാട് സ്വദേശികളുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ലഭിച്ചാല്‍ മോചനം നാളെത്തന്നെയുണ്ടാകുമെന്നാണ് അറിയുന്നത്. പിഴയില്ലാതെയാണ് 19 പേരെയും ഇറാന്‍ വിട്ടയയ്ക്കുന്നത്. മുബൈ വിമാനത്താവളം വഴിയാകും ഇവരെ നാട്ടിലേക്ക് അയയ്ക്കുക. ഇറാനിലെ ഇന്ത്യന്‍ എംബസി വിമാന ടിക്കറ്റ് നല്‍കും.
Follow Webdunia malayalam