സൌദിയില്‍നിന്ന് മടങ്ങുന്നവരുടെ ചുമതല സംസ്ഥാന സര്‍ക്കാരിനെന്ന് വിദേശകാര്യ മന്ത്രി
ജിദ്ദ: , ചൊവ്വ, 28 മെയ് 2013 (17:41 IST)
സൗദി അറേബ്യയില്‍നിന്ന് നാട്ടിലേക്ക് മടങ്ങുന്നവരുടെ ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. അനുയോജ്യമായ പുനരധിവാസ പദ്ധതികള്‍ തയാറാക്കി നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളുടെ ബാധ്യതയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മടങ്ങിയെത്തുന്നവരുടെ പുനരധിവാസം കേന്ദ്ര സര്‍ക്കാറിന് നേരിട്ട് ഏറ്റെടുക്കാന്‍ സാധിക്കില്ല. അതിനാല്‍, ഓരോ സംസ്ഥാനവും അവിടെ എത്തുന്നവരുടെ എണ്ണവും സാമ്പത്തിക സാഹചര്യവും മറ്റും പരിഗണിച്ച് പദ്ധതി ആവിഷ്കരിക്കണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സാമ്പത്തിക സഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സൗദിയിലെ ഇളവുകാലത്ത് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കുവേണ്ടി പ്രത്യേക വിമാന സര്‍വീസ് ഏര്‍പ്പെടുത്തുന്നത് തല്‍ക്കാലം പരിഗണനയിലില്ല. സൗദിയിലെ ഇന്ത്യക്കാരെ പ്രത്യേക വിമാനങ്ങളില്‍ കൊണ്ടുപോകേണ്ട അവസ്ഥ ഇപ്പോഴില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവിടെയുള്ള എല്ലാ ഇന്ത്യക്കാരും തങ്ങളുടെ പദവി നിയമവിധേയമാക്കുകയും നിയമവിരുദ്ധ താമസക്കാര്‍ എംബസിയിലും കോണ്‍സുലേറ്റിലും രജിസ്റ്റര്‍ ചെയ്യുകയും വേണം. ഇപ്പോള്‍ ഇതിനാണ് ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത്. പ്രത്യേക വിമാനമൊക്കെ പിന്നീട് വരുന്ന കാര്യമാണ്. അങ്ങനെയൊരു സാഹചര്യം വന്നാല്‍ അപ്പോള്‍ ആലോചിക്കാമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
Follow Webdunia malayalam