ഇനി നമുക്ക് ബിരിയാണിയുണ്ടാക്കാം!
ഇതാ ഒരു ചിക്കന്‍ ബിരിയാണി !
വല്ലപ്പോഴും ഉണ്ടാക്കിക്കഴിക്കേണ്ട ആഹാരമാണ് ബിരിയാണി. അതൊരു പതിവ് ആഹാരമാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അപ്പോള്‍ വല്ലപ്പോഴും കഴിക്കുന്ന ആഹാരം രുചികരമായിരിക്കണം എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ ഏറ്റവും രുചികരമായി നമുക്ക് ഒരു ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
കോഴി ഒരെണ്ണം
പച്ചമുളക് - 12 എണ്ണം
വെളുത്തുള്ളി - 5 എണ്ണം
ഇഞ്ചി - 4 കഷ്ണം
തക്കാളി - ഒന്ന്
ചെറുനാരങ്ങ - 2 എണ്ണം
സവാള - 6 എണ്ണം
തൈര് - അരക്കപ്പ്
മല്ലിയില - ഒരു കെട്ട്
മസാലപ്പൊടി - ഒരു ടീസ്പൂണ്‍
കിസ്മിസ് - 50 ഗ്രാം
അരി - ഒരു കിലോ
കശുവണ്ടി പരിപ്പ് - 100 ഗ്രാം
കറുവാപ്പട്ട - 2 കഷ്ണം
ഗ്രാമ്പു - 6 എണ്ണം
മഞ്ഞപ്പൊടി - ഒരുനുള്ള്
ഉപ്പ് - പാകത്തിന്
പാകം ചെയ്യേണ്ട വിധം:
എണ്ണയും നെയ്യും ഒഴിച്ച് സവാള വാട്ടിയശേഷം വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചതച്ച് അതിലിട്ട് ഇളക്കുക. നല്ലവണ്ണം മൂത്തശേഷം കോഴിയിറച്ചി കഷ്ണങ്ങള്‍ അതിലിടുക. ഉപ്പും അരക്കപ്പ് തൈരും ചേര്‍ക്കുക. പിന്നീട് തക്കാളിയിട്ട് ചെറുനാരങ്ങയുടെ നീര് ചേര്‍ത്ത് മസാലപ്പൊടിയും മല്ലിയിലയുമിട്ട് കോഴി വേവിച്ചെടുക്കുക. കശുവണ്ടിപ്പരിപ്പും കിസ്മിസും വറുത്തെടുക്കുക. അതില്‍ കുറച്ച് മസാലപ്പൊടിയും മല്ലിയിലയുമിട്ട് ഇളക്കിമാറ്റി വയ്ക്കുക.
പിന്നീട് വേവിച്ചെടുത്ത അരിയില്‍ പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ ചേര്‍ത്ത് ഇളക്കി എടുക്കുക. അതിനു മീതെ വറുത്തുകോരിയ ചേരുവകള്‍ ഇട്ട് മഞ്ഞപ്പൊടി വിതറി ഇളക്കുക. പാകത്തിന് വേവിച്ച ശേഷം ഉപയോഗിക്കുക.