ഉന്നം പിഴയ്ക്കാത്ത വെടിയുണ്ടകള്‍ ഉക്രയിനു വീണ്ടും സ്വര്‍ണ്ണം സമ്മാനിച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസവും ഷൂട്ടിംഗ് റേഞ്ചില്‍ സ്വര്‍ണ്ണം കണ്ടെത്തിയിരിക്കുകയാണ് ഉക്രയിന്. ഒലെക്സാണ്ടര്‍ പെട്രിവ് 25 മീറ്റര്‍ റാപ്പിഡ് ഫയറില്‍ കണ്ടെത്തിയ മികവാണ് ഇത്തവണ ഉക്രയിനെ സ്വര്‍ണ്ണത്തിലേക്ക് കൂട്ടിക്കൊണ്ട് പോയത്.
മികച്ച മത്സരം കണ്ട ഷൂട്ടിംഗില്‍ ജര്‍മ്മന്‍ താരം റാല്‍ഫ് ഷൂമാനെ രണ്ടാം സ്ഥാനത്തേക്കും ക്രിസ്ത്യന്‍ റിറ്റ്സിനെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളിയായിരുന്നു പെട്രിവ് സ്വര്‍ണ്ണ നേട്ടം കണ്ടെത്തിയത്. ഏറ്റവും മോശമായ യോഗ്യതാ സ്കോറുകള്‍ കണ്ട മത്സരത്തിലായിരുന്നു പെട്രീവ് വിജയം കരസ്ഥമാക്കിയത്.
മൊത്തം സ്കോര്‍ 780.2 നേടിയായിരുന്നു പെട്രിവ് ഒന്നാമനായത്. ഇത് ഒളിമ്പിക് റെക്കോഡായിരുന്നു. ഷൂമാന് 779.5 പോയിന്റുകള്‍ കണ്ടെത്തിയപ്പോല്‍ നാട്ടുകാരനായ വെങ്കല മെഡല്‍ ജേതാവ് റിറ്റ്സ് 779.3 പോയിന്റുകള്‍ കണ്ടെത്തി. യോഗ്യതാ റൌണ്ടില്‍ ഒളിമ്പിക് റെക്കോഡ് തകര്‍ത്ത പ്രകടനം നടത്തിയ അമേരിക്കന്‍ താരം കീത്ത് സാന്ഡേഴ്സണ് പിന്നിലായി പോയി.