ഒളിമ്പിക്‍സ് ഉദ്ഘാടനത്തിനു പിന്നാലെ ആദ്യ ഇനത്തില്‍ തന്നെ മത്സരിക്കേണ്ടി വന്ന ഇന്ത്യയ്ക്ക് നിരാശയോടെ തുടക്കം. ഇന്ത്യന്‍ ഷൂട്ടര്‍മാരാണ് ആദ്യ ദിനം തന്നെ നിരാശാജനകമായ പ്രകടനം നടത്തിയത്. മെഡല്‍ പ്രതീക്ഷകളായിരുന്ന അഞ്ജലി ഭഗവത്, അവ്‌നീത് കൌര്‍, സമരേഷ് ജംഗ് എന്നിവര്‍ യോഗ്യതാ റൌണ്ടില്‍ തന്നെ പുറത്തായി.
സ്ത്രീകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ അഞ്ജലി ഭാഗവതും അവനീത് കൌര്‍ സിദ്ദുവും ഫൈനല്‍ റൌണ്ടില്‍ കടക്കാനാവാതെ പുറത്തായി. 50 മീറ്റര്‍ ഫ്രീ പിസ്റ്റള്‍ ഇനത്തില്‍ പങ്കെടുക്കുന്ന അഞ്ജലിക്ക് പ്രതീക്ഷിക്കാന്‍ ഇനിയും വകയുണ്ടെന്ന് മാത്രം.
10 മീറ്ററില്‍ 393 പോയിന്‍റോടെ അഞ്ജലി ഇരുപത്തൊമ്പതാം സ്ഥാനത്തും 389 പോയിന്‍റോടെ അവനീത് മുപ്പത്തൊമ്പതാം സ്ഥാനത്തും ആണ് എത്തിയത്.
പിസ്റ്റള്‍ വിഭാഗത്തില്‍ മത്സരിച്ച സമരേഷ് ജംഗാകട്ടെ നാല്‍പ്പത്തിരണ്ടാം സ്ഥാനത്തായിരുന്നു. 2006 കോമ്മണ്‍ വെല്‍ത്ത് ഗെയിംസില്‍ ഒന്നാം സ്ഥാനക്കാരനായിരുന്ന ജംഗ് 92,95,96,98,96,93 എന്നിങ്ങനെ 570 പോയിന്‍റ് മാത്രമാണ് നേടിയത്.
ഈയിനത്തില്‍ ചീനയുടെ ഒളിമ്പിക് ചാമ്പ്യന്‍ ഡു ലി അഞ്ചാം സ്ഥാനത്തായിപ്പോയി. ഏതന്‍സില്‍ പ്രോണ്‍ റൈഫിള്‍ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ മാറ്റ് എമ്മോണ്‍സിന്‍റെ ഭാര്യയാണ് ഈയിനത്തില്‍ ഒന്നാം സ്ഥാനം നേടിയ കത്രീന എമ്മോണ്‍സ്.
അതേ സമയം ഇന്ത്യന്‍ ജൂഡോ താരം ടോംബി ഖുമുജം ദേവി 48 കിലോ വിഭാഗത്തില്‍ പോര്‍ച്ചുഗീസ് താരം അന്നാ ഹോര്‍മിഗോയോട് വെറും രണ്ടര മിനിറ്റിനുള്ളിലാണ് പുറത്തായത്.