Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഭിനവ്ബിന്ദ്ര ചരിത്രമെഴുതി

ഒളിമ്പിക്‍സില്‍ ഇന്ത്യയ്‌ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണ്ണം

അഭിനവ്ബിന്ദ്ര ചരിത്രമെഴുതി
ന്യൂഡല്‍‌ഹി: , തിങ്കള്‍, 11 ഓഗസ്റ്റ് 2008 (11:54 IST)
PROPRO
ഒളിമ്പിക് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണ്ണം ഷൂട്ടിംഗ്താരം അഭിനവ് ബിന്ദ്രയിലൂടെ. 10 മീറ്റര്‍ എയര്‍ റൈഫിള്‍സിലാണ് ഇന്ത്യന്‍ താരം അഭിമാനം ഉയര്‍ത്തിയ പ്രകടനം നടത്തിയത്. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഒളിമ്പിക്‍സ് സ്വര്‍ണ്ണം ഇന്ത്യയിലേക്കെത്തിയത്.

മൊത്തം സ്കോര്‍ 700.5 ആക്കി മികച്ച പ്രകടനത്തോടെയാണ് ബിന്ദ്ര ഇന്ത്യന്‍ ദേശീയ ഗാനം ഒളിമ്പിക്‍സ് സമ്മാനദാന ചടങ്ങിന്‍റെ തുടക്കത്തിലായി കേള്‍പ്പിച്ചത്. 596+140.5 എന്നിങ്ങനെയായിരുന്നു പ്രകടനം. ചൈനീസ് താരം സൂ ഖിന്നാന്‍ 699.7 സ്കോര്‍ നേടി വെള്ളിയും ഫിന്‍ലാന്‍ഡ് താരം ഹെന്‍‌റി ഹക്കിനെന്‍ 699.4 പോയിന്‍റുമായി വെങ്കലവും കരസ്ഥമാക്കി. ഗഗന്‍ നരംഗ് ഒമ്പതംസ്ഥാനം നേടി ഫൈനല്‍ റൌണ്ടില്‍ കടക്കാനാവാതെ പുറത്തായി

യോഗ്യതാ റൌണ്ടില്‍ മൊത്തം സ്കോര്‍ 600 ല്‍ 596 സമ്പാദിച്ച് നാലാം സ്ഥാനക്കാരനായി ആയിരുന്നു ബിന്ദ്ര ഫൈനല്‍ റൌണ്ടില്‍ കടന്നത്. ലോക ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗെയിം‌സിലും മികച്ച പ്രകടനം നടത്തിയ ബിന്ദ്ര ഒളിമ്പിക്‍സില്‍ ഇന്ത്യയുടെ ഷൂട്ടിംഗ് മെഡല്‍ പ്രതീക്ഷയായിരുന്നു.

രാത്തോഡ് വെള്ളി നേടിയതിലൂടെ ഏതന്‍സ് 2004 ലും ഇന്ത്യ ഷൂട്ടിംഗിലൂടെ മെഡല്‍പട്ടികയില്‍ സ്ഥാനം കണ്ടെത്തി. കോമണ്‍വെല്‍ത്ത് ഗെയിം‌സ് 2002 ല്‍ ഡബിള്‍സ് ഇവന്‍റില്‍ വെള്ളി നേടിയ ബിന്ദ്ര 2002 ലെ ഖേല്‍രത്ന പുരസ്ക്കാരത്തിനും അര്‍ഹനായിരുന്നു. ഏതന്‍‌സില്‍ ഫൈനലില്‍ എത്തിയിരുന്നെങ്കിലും ഇന്ത്യന്‍ താരത്തിനു മെഡല്‍ നേടാനായിരുന്നില്ല.

ഷൂട്ടര്‍മാരില്‍ പ്രായം കുറഞ്ഞ താരമായി സിഡ്‌നി ഒളിമ്പിക്‍സില്‍ അരങ്ങേറ്റം നടത്തുമ്പോള്‍ 17 വയസ്സ് ആയിരുന്നു. 25 കാരനായ ബിന്ദ്രയുടെ മൂന്നാമത്തെ ഒളിമ്പിക്‍സായിരുന്നു ബീജിംഗ്. ബിന്ദ്രയുടെ നേട്ടത്തില്‍ ഇന്ത്യ അഭിമാനിക്കുന്നതായി ഐ ഒ എ പ്രസിഡന്‍ഡ് സുരേഷ് കല്‍മാഡിയും പരിശീലകനും മലയാളിയുമായ സണ്ണി തോമസും പറഞ്ഞു.

സ്വര്‍ണ്ണമെഡലിനുള്ള ഇന്ത്യയുടെ 28 കൊല്ലത്തെ കാത്തിരിപ്പാണ് അഭിനവ് സഫലമാക്കിയത്. 1980ലെ മോസ്കോ ഒളിമ്പിക്സിലാണ് ഇന്ത്യ അവസാനമായി ഒളിമ്പിക് സ്വര്‍ണ്ണം നേടിയത്. ടീം ഇനമായ ഹോക്കിയില്‍.

എന്നാല്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്കാരന്‍ സ്വര്‍ണ്ണം നേടുന്നത് ഒളിമ്പിക്സിന്‍റെ ചരിത്രത്തില്‍ ഇതാദ്യമാണ്. അഭിനവിനും കോച്ച് സണ്ണിക്കും തീര്‍ച്ചയായും അഭിമാനിക്കാം.

ഈ ഒളിമ്പിക്സില്‍ ഇന്ത്യ സ്വര്‍ണ്ണമണിഞ്ഞ് മെഡല്‍ വേട്ട തുടങ്ങിയതും സന്തോഷകരമാണ് മെഡല്‍ നേടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്കിപ്പോള്‍ പത്താം സ്ഥാനമാണുള്ളത്.

Share this Story:

Follow Webdunia malayalam