ഇതിഹാസതാരങ്ങളും ലോകറെക്കോഡുകളും പേരിലുള്ള അമേരിക്കന്‍ റിലേ ടീം ബീജിംഗ് ഒളിമ്പിക്‍സില്‍ യോഗ്യത പോലും നേടാനാകാതെ ദുരന്തമായി തീര്‍ന്നു. 4*100 മീറ്റര്‍ റിലേയിലാണ് അമേരിക്കയുടെ പുരുഷ വനിതാ താരങ്ങള്‍ അവസാന ലാപ്പില്‍ ബാറ്റണ്‍ കൈവിട്ട് യോഗ്യത സമ്പാദിക്കാതെ പുറത്തേക്കുള്ള വഴി കണ്ടത്.
ട്രാക്കില്‍ അമേരിക്കയുടെ പ്രതീക്ഷയായ ടൈസണ്‍ ഗേയാണ് പുരുഷ താരങ്ങളില്‍ പിഴവ് വരുത്തിയതെങ്കില്‍ ലോറിന്‍ വില്യംസ് കാട്ടിയ പിഴവ് വനിതാ ടീമിനെ പുറത്താക്കി. ടാര്‍വിസ് പാറ്റണില്‍ നിന്നും ബാറ്റണ്‍ കയ്യേന്തുമ്പോഴായിരുന്നു ഗേ പിഴവ് വരുത്തിയത്. റിലേയില്‍ ആതന്‍സിലെ വെള്ളിമെഡല്‍ ജേതാക്കളാണ് അമേരിക്ക.
കഴിഞ്ഞ സ്വര്‍ണ നേട്ടക്കാരായ ബ്രിട്ടനും റിലേയില്‍ സമാനഗതി തന്നെയായിരുന്നു. ബാറ്റണ്‍ കൈമാറേണ്ട പരിധി കടന്നതാണ് ബ്രിട്ടനെ കുഴപ്പത്തില്‍ ചാടിച്ചത്. ക്രെയ്ഗ് പിട്ടെറിംഗും മര്‍ലണ്‍ ഡെവനിഷുമായിരുന്നു കുറ്റക്കാര്‍. എന്നാല്‍ ബ്രിട്ടീഷുകാരുടെ വനിതകള്‍ ഇതേ പിഴവ് ആവര്‍ത്തിച്ചില്ല.