ഷൂട്ടിംഗ് താരങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ അമ്പും ലക്‍ഷ്യത്തില്‍ തറച്ചില്ല. ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളും ശനിയാഴ്ച നടന്ന ഒളിമ്പിക്‍സ് മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ച വച്ചു. ഇന്ത്യന്‍ താരങ്ങളായ ദോലാ ബാനര്‍ജിയും ബോംബ്യാലാ ദേവി, വി പ്രണിത എന്നിവര് പ്രാഥമിക റൌണ്ടുകളില്‍ ഏറെ പിന്നിലാണ്.
ലൈഷ്യാറാം ബൊംബ്യാലാ ദേവി 22 ല്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ദോലാ ബാനര്‍ജിക്ക് 31ല്‍ എത്താനേ കഴിഞ്ഞുള്ളൂ. 64 അമ്പെയ്തുകാര്‍ പങ്കെടുത്ത മത്സരത്തില്‍ വി പ്രണിത 37 ല്‍ എത്തി. ആദ്യ ഒളിമ്പിക്‍സിന് എത്തിയ ബൊംബ്യാലാദേവി ഒമ്പത് തവണ ലക്‍ഷ്യം കണ്ടപ്പോള്‍ 22 ടെന്‍ പോയിന്‍റു നേടി സ്വന്തമാക്കിയത് 637 പോയിന്‍റ്.
ആദ്യ നോക്കൌട്ട് മത്സരത്തില്‍ 43 ല്‍ നില്‍ക്കുന്ന പോളണ്ട് താരം ഇവോണാ മര്‍സിക്കിവിക്കുമായി ബോംബ്യാല മത്സരിക്കും. ഒരാഴ്ച മുമ്പ് 29 വയസ് തികഞ്ഞ പരിചയ സമ്പന്നയായ ദോലാ ബാനര്‍ജിക്ക് എട്ട് തവണ ‘ബുള്‍സ് ഐ’ സ്വന്തമാക്കിയതിലൂടെ 20 ടെന്‍ പോയിന്‍റുകള്‍ കരസ്ഥമാക്കി 633 പോയിന്‍റുകള്‍ കുറിച്ചു.
കാനഡയുടെ 34 -ആം റാങ്കുകാരി മരിയെ പിയര്‍ ബൌഡെറ്റുമായിട്ടാണ് ദോലയുടെ നോക്കൌട്ട് റൌണ്ടിലെ മത്സരം. ഒന്നാം പകുതി മികച്ച പ്രകടനം നടത്താനായെങ്കിലും രണ്ടാം പകുതിയില്‍ മികവ് നഷ്ടമായ വി പ്രണിത ഓസ്ട്രേലിയയുടെ ജാന്‍ വാളറുമായി മത്സരിക്കും. പ്രണിതയുടെ മൊത്തം സ്കോര്‍ 628 ആണ്. ആദ്യ പകുതിയില്‍ 321 പോയിന്‍റുമായി പത്തൊമ്പതാമത് നിന്ന താരത്തിനു അതിനു ശേഷം 36 അമ്പുകള്‍ തൊടുത്തപ്പോള്‍ 18 സ്ഥാനം നീങ്ങേണ്ടി വന്നു.
ഈ വ്യക്തിഗത ഇനങ്ങളിലെ മികവ് മാനദണ്ഡമാക്കി വരുന്ന റാങ്കിംഗ് അനുസരിച്ചാണ് ടീം ഇനങ്ങളിലെ റാങ്കിംഗും വരുന്നത്. പത്ത് ടീമുകളില്‍ ഇപ്പോള്‍ ആറാം സ്ഥാനത്തായ ഇന്ത്യ വാക്കോവറിലൂടെ ഞായറാഴ്ച നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ റൌണ്ടിലേക്ക് പ്രവേശിച്ചിയ്യുണ്ട്. ഇങ്ങനെ ഒരു മത്സരം കൂടി ജയിച്ചാലെ ഇന്ത്യ ക്വാര്‍ട്ടറില്‍ കടക്കൂ.