കരുത്തിന്‍റെ പ്രതീകമായ ഒളിമ്പിക്‍സ് അത്‌ലറ്റിക്‍സില്‍ ഇന്ത്യാക്കാരന് അത്രയൊന്നും പ്രതീക്ഷ ഉണ്ടാകില്ല. കാരണം ഇന്ത്യന്‍ അത്‌ലറ്റിക്‍സ് രംഗം അത്രയൊന്നും മുന്നോട്ട് പോയിട്ടില്ല എന്നത് തന്നെ. 24 വര്‍ഷം മുമ്പ് പി ടി ഉഷയെന്ന മലയാളി താരം ലോസ് ഏഞ്ചല്‍സിലെ ഫിനിഷിംഗില്‍ 01. സെക്കന്‍ഡു കൂടി മുന്നോട്ട് കടന്നിരുന്നെങ്കില്‍ കഥ മാറിയേനെ.
ഒരു സെക്കന്‍ഡ് വ്യത്യാസത്തില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് വെങ്കലം ഉഷയ്‌ക്ക് നഷ്ടമായപ്പോള്‍ തലയില്‍ കൈ വച്ചത് ഇന്ത്യന്‍ അത്‌ലറ്റിക്‍സ് ആരാധകര്‍ മുഴുവനുമായിരുന്നു. 1984 ആഗസ്റ്റ് എട്ട് ബുധനാഴ്ച ഒളിമ്പിക് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ സംഭവിച്ച ഈ ‘ലോസി’ നു 25 വര്‍ഷം തികയുന്നത് മറ്റൊരു ഒളിമ്പിക്‍സ് ഉദ്ഘാടന ദിനത്തിലാണ്.
അന്ന് ഒളിമ്പിക്‍സ് ഫൈനലില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഉഷയ്‌ക്ക് സംഭവിച്ചത് സാങ്കേതിക പിഴവായിരുന്നു. ഒരു പക്ഷേ ഇന്നത്തെ പരിശീലന സൌകര്യങ്ങള്‍ പയ്യോളി എക്സ്പ്രസ്സിനു ലഭിച്ചിരുന്നെങ്കില്‍ എന്ന് ഇന്ത്യന്‍ ആരാധകര്‍ ആശിക്കുന്നതും ഈ നഷ്ടത്തിന്‍റെ സ്മരണകള്‍ക്കൊപ്പമാണ്. ഫിനിഷ് ചെയ്യുമ്പോള്‍ ശരീരം വളഞ്ഞാല്‍ പോലും മുന്നില്‍ എത്തുമെന്ന സാങ്കേതികത പറഞ്ഞു കൊടുക്കാന്‍ ആളില്ലായിരുന്നു എന്ന് ഉഷ വ്യാകുലപ്പെടുന്നതും ഈ ഓര്‍മ്മയിലാണ്.
അന്താരാഷ്ട്ര മത്സരങ്ങളില്‍ നൂറിലധികം മെഡലുകളേക്കാള്‍ രാജ്യം ഈ മെഡല്‍ വിലമതിച്ചേക്കാമായിരുന്നു എന്നും ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ അത്‌ലറ്റ് ഖേദിക്കുന്നതും ഇതേ പ്രാധാന്യത്തിലാണ്. ഒരുപക്ഷേ ഇന്ത്യന്‍ അത്‌ലറ്റുകള്‍ ഒളിമ്പിക്‍സില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചാല്‍ പോലും ഉഷയുടെ ഈ ആദ്യ നഷ്ടത്തിനു പകരമാകില്ല.