ചൈനയുടെ സംസ്ക്കാരവും തനിമയും വിളിച്ചോതുന്ന ഗംഭീര പരിപാടികളോടെ ബീജിംഗ് ഒളിമ്പിക്‍സിനു ഔപചാരിക തുടക്കം. ചൈനീസ് സിനിമാ സംവിധായകന്‍ സാംഗ് യിമോ യുടെ സംവിധാനത്തില്‍ ആയിരക്കണക്കിനു കലാകാരന്‍മാരും കലാകാരികളുമാണ് ഉദ്ഘാടന കലാപരിപാടികളില്‍ സജീവമായത്.
ചൈനയുടെ തനിമ വിളിച്ചോതുന്ന പരിപാടികളാലും അത്യുജ്ജലമായ പ്രകാശ സംവിധാനങ്ങളാലും കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടിലൂടെയും സ്റ്റേഡിയം ചടങ്ങ് നടന്ന കിളിക്കൂട് സ്റ്റേഡിയം വര്‍ണ്ണ വിസ്മയത്താല്‍ ആറാടി. പാരമ്പര്യ ചൈനീസ് പ്രതാപത്തെയും നേട്ടങ്ങളെയും പ്രതിപാദിക്കുന്ന തരത്തിലുള്ള പരിപാടികളായിരുന്നു അരങ്ങേറിയത്.
കൂറ്റന്‍ ഡ്രമ്മില്‍ നിന്നും ഇടിമുഴക്കവുമായിട്ടാണ് പരിപാടികള്‍ തുടങ്ങിയത്. അത് ചൈനയുടെ സംസ്ക്കാരത്തെ തൊട്ടു ഇരുപതാം ശതകത്തിലെ നേട്ടങ്ങളിലേക്ക് നീണ്ടു. ഗായകസംഘം കണ്‍ഫ്യൂഷ്യസിന്‍റെ പ്രസിദ്ധമായ പഴ്ഞ്ചൊല്ലുകള്‍ പാടി. അതിനു പിന്നാലെ പറന്നു നടക്കുന്ന കായികാഭ്യാസികളും നര്‍ത്തകികളും ചൈനയുടെ സുവര്‍ണ്ണ കാലമായിരുന്ന വീ, ടാംഗ് രാജവംശകാലത്തെ പട്ട് പാതയുടേയും ഒട്ടകരഥങ്ങളുടെയും വിശ്രമ മന്ദിരങ്ങളുടെയും സ്മരണകള്‍ ഉണത്തി.
ഫിജിയാന്‍ തീരത്ത് നിന്നും ദക്ഷീണേഷ്യയിലേക്ക് സഞ്ചാരം നടത്തിയ ചൈനീസ് സഞ്ചാരികളെ നീലത്തുഴച്ചിലുകാരായ കലാകാരന്‍മാര്‍ പുനര്‍ജ്ജനിപ്പിച്ചു. മിംഗ് രാജവംശ കാലത്ത് ആഫ്രിക്കയില്‍ എത്തിയ ഭരണാധികാരി സെംഗ് ഹീയുടെ യാത്രാ കപ്പലിനെ തുഴകളില്‍ ചിത്രീകരിച്ചിരുന്നു. പഴക്കമുള്ള ചൈനീസ് സംസ്ക്കാരത്തില്‍ 2000 അധികം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന പൊയ്ക്കാല്‍ നൃത്തക്കാരുടെ സംഘവും പഴമയെ പ്രതിഫലിപ്പിച്ചു.
പരമ്പരാഗതമായി ചൈനീസ് സംസ്ക്കാരത്തിന്‍റെ ഭാഗമായ വളഞ്ഞു ചിത്രങ്ങളും, വന്‍ മതിലിന്‍റെ ചിത്രീകരണവും കലാപരിപാടിയില്‍ ഉണ്ടായിരുന്നു. പരമ്പരാഗത ചൈനീസ് സംഗീത പശ്ചാത്തലം സംഗീതകാരന്‍മാര്‍ മുഴക്കിയപ്പോള്‍ സ്റ്റേഡിയത്തിന്‍റെ തറയില്‍ ഒളിമ്പിക്‍സ് ചിഹ്നങ്ങളും ചൈനീസ് പ്രകൃതി സൌന്ദര്യങ്ങളുമെല്ലാം ദൃശ്യമായി.
വൈവിധ്യത്തിലും ഒരുമ ദൃശ്യമാക്കുന്ന ചൈനയിലെ 56 ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച കുട്ടികള്‍ ചൈനയുടെ ഒരു കൂറ്റന്‍ പതാക വഹിച്ചു കൊണ്ട് സ്റ്റേഡിയത്തിലേക്ക് എത്തി. ഇതിലെ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചേര്‍ന്ന് ചൈനയുടെ ദേശീയ ഗാനം ആലപിച്ചു. ഇതിനൊപ്പം പതിയെ പതാക ഉയര്‍ന്നു.
ചൈന അയച്ച മൂന്ന് ബഹിരാകാശ സഞ്ചാരികളെ സൂചിപ്പിക്കുന്ന മൂന്ന് കലാകാര്‍ക്കന്‍മാര്‍ സ്റ്റേഡിയത്തിലൂടെ പറന്നു നടന്നു. ജലത്തിന്‍റെയും ഭൂമിയില്‍ ഹരിതാവസ്ഥയില്‍ നിലനിര്‍ത്തുന്നതിന്‍റെയും പ്രതിജ്ഞ ഉയര്‍ത്തിയാണ് കലാപരിപാടി അവസാനിച്ചത്. അതിനു ശേഷം അത്‌ലറ്റുകള്‍ സംഘമായി രാജ്യങ്ങളുടെ പ്ലക്കാര്‍ഡുകളുമായി വേദിയിലേക്ക് എത്തി.