ഒളിമ്പിക്സിനെത്തുന്ന ചൂട് കാറ്റില്‍ നിന്ന് കാണികളെയും അത്‌ലറ്റുകളെയും ഒളിമ്പിക്സുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും രക്ഷിക്കുന്നതിനായി ബീജിംഗ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.
നിലവിലെ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ഈവര്‍ഷത്തെ ഏറ്റവും ചൂടുകൂടിയ സമയത്താണ് ബീജിംഗിലെ ഒളിമ്പിക്സ് നടക്കുന്നത്. ഇതിനായി ബീജിംഗ് മുനിസിപ്പല്‍ ഹെല്‍ത്ത് ബ്യൂറോ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, പരിസ്ഥിതി സംരക്ഷണ ബ്യൂറോ എന്നിവരുമായി സഹകരിച്ച് ഒരു ഒളിമ്പിക്സ് ഹെല്‍ത്ത് എക്സ്പെര്‍ട്സ് കമ്മീഷനെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ്.
കമ്മീഷനില്‍ ചീനാ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, മിലിറ്ററി മെഡിക്കല്‍ സയന്‍സസ്, ഡിസീസ് കണ്ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ കേന്ദ്രം എന്നിവയിലെ പ്രതിനിധികളെ കൂടാതെ ബീജിംഗിലെ വിവിധ ആശുപത്രികളില്‍ നിന്നുള്ള 20 ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ അംഗങ്ങളാണ്.
സാധാരണ രോഗങ്ങള്‍, ബാക്ടീരിയവഴിയുള്ള രോഗങ്ങള്‍, മറ്റ് സാംക്രമിക രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയില്‍ വിദഗ്ദ്ധരായിട്ടുള്ളവരാണ് ഈ 20 അംഗങ്ങള്‍.
നിലവില്‍ ബീജിംഗിലെ പൊടിപടലവും മൂടല്‍ മഞ്ഞും നിറഞ്ഞ അന്തരീക്ഷം അത്‌ലറ്റുകള്‍ക്ക് മെച്ചപ്പെട്ട കാലാവസ്ഥ അല്ലെന്നാണ് ചിലരുടെ വാദം. എന്നാല്‍ ബീജിംഗില്‍ ഇപ്പോഴുള്ള കാലാവസ്ഥ മെച്ചമാണെന്നാണ് ബീജിംഗിലെ അത്‌ലറ്റുകളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായം. ഇടയ്ക്കിടെയുണ്ടാകുന്ന ചെറു ചൂട് കാറ്റ് തങ്ങളുടെ കായികക്ഷമതയെ ബാധിച്ചേക്കുമോ എന്ന് ചിന്തിക്കുന്ന വിദേശ അത്‌ലറ്റുകളും വിരളമല്ല.
ഒളിമ്പിക്സ് തുടങ്ങുന്ന വെള്ളിയാഴ്ച പൊതുവേ വരണ്ട കാലാവസ്ഥ ആയിരിക്കും ബീജിംഗില്‍ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിഗമനം.