വനിതാ ഭാരോദ്വഹന താരം സിയേ സിയയ്‌ക്ക് പിന്നാലെ ആദ്യ ദിനം തന്നെ ചൈന രണ്ടാം സ്വര്‍ണ്ണവും കണ്ടെത്തി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മത്സരിച്ച ചൈനീസ് യുവതാരം പാങ് വിയാണ് ചൈനയ്‌ക്ക് വേണ്ടി രണ്ടാമത്തെ സ്വര്‍ണ്ണം കണ്ടെത്തിയത്. 688.2 എന്ന സ്കോറിലായിരുന്നു ഒന്നാമതെത്തിയത്.
പുരുഷ താരങ്ങളിലെ ആദ്യ മെഡല്‍ ജേതാവാകാന്‍ ഇതോടെ പാങ് വിയ്‌ക്ക് കഴിഞ്ഞു. ഈ വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യന്‍ താരം സമരേഷ് ജംഗ് യോഗ്യത നേടാനാകാതെ പുറത്തായി. സമരേഷ് ജംഗാകട്ടെ നാല്‍പ്പത്തിരണ്ടാം സ്ഥാനത്തായിരുന്നു. 92,95,96,98,96,93 എന്നിങ്ങനെ 570 ആയിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ സ്കോര്‍.
വെള്ളിയും വെങ്കലവും റിപ്പബ്ലിക് കൊറിയയ്‌ക്ക് സ്വന്തമായി. കൊറിയന്‍താരം ജിന്‍ ജോംഗ് ഓയ്‌ക്കാണ് വെള്ളി. കിം ജോംഗ് സൂ വെങ്കലം കരസ്ഥമാക്കി. ഫൈനല്‍ സ്കോര്‍ 684.7 ല്‍ എത്തിച്ചായിരുന്നു ജിന്‍ ജോംഗ് വെള്ളി നേടിയത്. 683.0 ആയിരുന്നു സ്കോര്‍. തൊട്ടു പിന്നില്‍ അമേരിക്കന്‍ താരം ജേസണ്‍ ടര്‍ണറും ബ്രയന്‍ ബീമാനും എത്തി.
സ്വര്‍ണ്ണത്തിനു വേണ്ടിയുള്ള മത്സരത്തില്‍ അവസാന റൌണ്ട് വരെ ജിന്‍ ജോംഗുമായി 3.7 പോയിന്‍റ് വ്യത്യാസത്തില്‍ ആയിരുന്നു പാംഗ് വി. യോഗ്യതാ റൌണ്ടില്‍ തന്നെ സ്കോര്‍ 586 ആക്കാന്‍ പാംഗ് വിയ്‌ക്ക് കഴിഞ്ഞിരുന്നു. ഫൈനല്‍ റൌണ്ടില്‍ ചൈനീസ് യുവതാരത്തിന് കൊറിയന്‍ താരത്തേക്കാള്‍ രണ്ട് പോയിന്‍റ് കൂടുതല്‍ നേടാനായി.