വര്‍ണാഭമായ ചടങ്ങോടെ ബീജിംഗ് ഒളിമ്പിക്‍സിനു തുടക്കമായി. ചൈനീസ് പ്രസിഡന്‍ഡ് ഹു ജിന്‍റാവോയും ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍ഡ് ജാക്വസ് റോഗെയുടേയും സാന്നിദ്ധ്യത്തില്‍ മാന്ത്രികനമ്പര്‍ എട്ടിന് പ്രാധാന്യം വരുന്ന 2008 ലെ എട്ടാം മാസം എട്ടാം ദിവസം എട്ടാം മിനിറ്റിലെ എട്ടാം സെക്കന്‍ഡിലായിരുന്നു ഉദ്ഘാടനം.
ബീജിംഗിലെ കിളിക്കൂട് സ്റ്റേഡിയത്തില്‍ വര്‍ണ്ണ പ്രപഞ്ചത്തിലായിരുന്നു ഉദ്ഘാട ചടങ്ങുകള്‍. ചൈനീസ് പാരമ്പര്യവും ആധുനികതയും സമ്മേളിക്കുന്ന തരത്തിലായിരുന്നു ചടങ്ങ്. പ്രകാശ നിയന്ത്രണ സംവിധാനങ്ങളും കരിമരുന്ന് പ്രയോഗങ്ങളും വര്‍ണ്ണ വസ്ത്രമണിഞ്ഞ കലാകാരന്‍മാരും ഒക്കെ കൂടി കിളിക്കൂട് സ്റ്റേഡിയത്തെ വര്‍ണ്ണ പ്രഭയില്‍ മുക്കി.
ഉദ്ഘാടന ചടങ്ങില്‍ ചൈനയുടെ പാരമ്പര്യത്തെ വിളിച്ചോതുന്ന പ്രാചീന വാദ്യമായ ഫൂ കലാകാരന്‍മാര്‍ മുഴക്കി. സ്റ്റേഡിയത്തില്‍ സൈന്യത്തെ പോലെ അണി നിരന്ന കലാകാരന്‍മാര്‍ ഉദ്ഘാടനത്തിന് കൌണ്ട് ഡൌണിനൊപ്പം ചൈനയുടെ പരമ്പരാഗത വാദ്യമായ ഫൂ മുഴക്കി. ബീജിംഗ് പ്രതിനിധീകരിക്കുന്ന 2008 നെ സൂചിപ്പിക്കുന്ന 2008 കലാകാരന്‍മാര്‍ 2008 ഫൂ ആണ് ഉപയോഗിച്ചത്. താളാത്മകമായ പ്രകാശ സംവിധാനത്തിലാണ് കൌണ്ട് ഡൌണ്‍ നടന്നത്.
എട്ടാം മിനിറ്റിന്‍റെ എട്ടാം സെക്കന്‍ഡ് മുതല്‍ സംഖ്യകള്‍ ഒന്നൊന്നായി അവസാനിച്ചപ്പോള്‍ സ്റ്റേഡിയം വെടിക്കെട്ടില്‍ പ്രകാശപൂരിതമായി. ഒഴുകി നടക്കുന്ന വിധത്തില്‍ സംവിധാനം ചെയ്ത പ്രകാശ നിയന്ത്രണങ്ങളും വര്‍ണ്ണ വിസ്മയവും ഉദ്ഘാടന ചടങ്ങിനു മാറ്റേകി. തുടര്‍ന്ന് സ്റ്റേഡിയത്തിന്‍റെ പ്രതലത്തില്‍ ഒളിമ്പിക്‍സ് റിംഗുകള്‍ പ്രത്യക്ഷമായി. അത് അത് പതിയെ ആകാശത്തേക്ക് ഉയര്‍ന്നു. ഒരുകൂട്ടം കുട്ടികള്‍ ചൈനയുടെ ദേശീയ പതാകയുമായി പ്രധാന വേദിയിലേക്കെത്തി.
പിന്നാലെ ചൈനീസ് ദേശീയ ഗാനവും മുഴങ്ങി. മൂന്നര മണിക്കൂര്‍ നീളുന്ന കലാപരിപാടിയില്‍ ലേസര്‍ ഷോയും ഷോ, മാര്‍ഷല്‍ ആര്‍ട്‌സ്, ചൈനീസ് ഓപ്പറ, സംഗീത നിശ എന്നിങ്ങനെ വലിയ പരിപാടികളാണ് ചടങ്ങില്‍ ദൃശ്യമായത്. കലാപരിപാടികളില്‍ 5000 വര്‍ഷം പഴക്കമുള്ള ചരിത്രം വെളിവായി. ബുഷ്, സോണിയാഗാന്ധി ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങളിലെ 81 നേതാക്കള്‍ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് ഒപ്പമുണ്ടായിരുന്നു.