ഒളിമ്പിക്സ് 75 കിലോ വിഭാഗം ബോക്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷ വെങ്കലത്തില്‍ ഒതുങ്ങി. ഇന്ത്യന്‍താരം വിജേന്ദര്‍ കുമാര്‍ സെമിയില്‍ ക്യൂബന്‍താരം മിലിയോ കൊറിയാ ബയേയോട് തോറ്റു. സെമിയില്‍ 8-5 എന്ന സ്കോറിനാണ് പാന്‍ അമേരിക്കന്‍ ചാമ്പ്യനും ലോക മൂന്നാം നമ്പര്‍ താരവുമായ മിലിയോട് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്.
ക്വാര്‍ട്ടറില്‍ നടത്തിയ മികച്ച പ്രകടനങ്ങള്‍ സെമിയില്‍ പുറത്തെടുക്കാന്‍ ഇന്ത്യന്‍ താരത്തിനായില്ല. സെമിഫൈനലില്‍ തീര്‍ത്തും നിരാശാ ജനകമായ പ്രകടനം നടത്തിയ താരം നാല് റൌണ്ടുകളിലും പിന്നിലായി പോയി.
ആദ്യ റൌണ്ടില്‍ ഒരു പോയിന്‍റ് പോലും സ്വന്തമാക്കാന്‍ ഇന്ത്യന്‍ താരത്തിനായില്ല. എന്നിരുന്നാലും സെമിയില്‍ കടന്നതിന്‍റെ വെളിച്ചത്തില്‍ താരം നേരത്തേ തന്നെ വെങ്കലം ഉറപ്പാക്കിയിരുന്നു. ക്വാര്‍ട്ടറില്‍ വിജേന്ദ്രകുമാര്‍ ഇക്വഡോറിന്‍റെ കാര്‍ലോസ് ഗോംഗോറിനെ 9-4 എന്ന നിലയില്‍ ഇടിച്ചു വീഴ്ത്തിയാണ് സെമിയിലെത്തിയത്.
ഒളിമ്പിക്‍സില്‍ ഇന്ത്യയുടെ മൂന്നാം വ്യക്തിഗത മെഡലാണ് വിജേന്ദര്‍ സെമിയില്‍ എത്തിയതോടെ കുറിച്ചത്. ഇന്ത്യന്‍ താരത്തിന്‍റെ പ്രകടനം കാണുന്നതിനായി ഉടനീളം ധാരാളം ആള്‍ക്കാരാണ് കാത്തിരുന്നത്. 2006 ലെ അര്‍ജ്ജുന അവാര്‍ഡ് ജേതാവാണ് 23 കാരനായ വിജേന്ദര്‍. 2007 ല്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി.
2008 ല്‍ അംഗോളയില്‍ നടന്ന സൂപ്പര്‍ കപ്പ് ഇന്‍റര്‍നാഷണല്‍ ബോക്സിംഗില്‍ 75 കിലോ വിഭാഗത്തില്‍ വിജേന്ദര്‍ സ്വര്‍ണ്ണം നേടി. 2008 കസാക്കിസ്ഥാനില്‍ നടന്ന മൂന്നാമത് ഒളിമ്പിക് ക്വാളിഫൈയിംഗ് മത്സരത്തിലും ഈ ചെറുപ്പക്കാരന്‍ സ്വര്‍ണ്ണം നേടി. ജര്‍മ്മനിയില്‍ ഇക്കൊല്ലം നടന്ന കെമിസ്‌ട്രി കപ്പ് ബോക്സിംഗ് ടൂര്‍ണമെന്‍റിലും വിജേന്ദറായിരുന്നു ജേതാവ്.
എന്നാല്‍ കഴിഞ്ഞ ഏതന്‍സ് ഒളിമ്പിക്‍സില്‍ വെള്‍ടര്‍ വെയ്‌റ്റ് വിഭാഗത്തില്‍ മത്സരിച്ചിരുന്നു എങ്കിലും തുര്‍ക്കി താരം മുസ്തഫ കരഗോലുവിനോട് ആദ്യ റൌണ്ടില്‍ തന്നെ പരാജയപ്പെട്ടു പുറത്തായിരുന്നു.
എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ മെല്‍ബണില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇംഗ്ലണ്ടിന്‍റെ നീല്‍ പെര്‍ക്കിന്‍സിനെ സെമിയില്‍ തോല്‍പ്പിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി വെലാസയോട് പരാജയപ്പെട്ടതോടെ വെള്ളി മെഡല്‍ നേട്ടത്തിലായി. 2006 ല്‍ തന്നെ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരം വെങ്കലവും നേടി. മിഡില്‍ വെയ്റ്റ് വിഭാഗത്തിലായിരുന്നു മത്സരം.