റെക്കോഡുകള്‍ നിത്യ സംഭവമായി മാറുന്ന ബീജിംഗിലെ അക്വാറ്റിക് സെന്‍ററില്‍ ലോകചാമ്പ്യന്‍ ഓസ്ട്രേലിയയുടെ ലിസെല്‍ ജോണ്‍സും പേര്‍ ചേര്‍ത്തു. വനിതകളുടെ ബ്രെസ്റ്റ് സ്ട്രോക്ക് വിഭാഗത്തില്‍ ഒളിമ്പിക് റെക്കോഡോടേയാണ് ലിസെല്‍ സ്വര്‍ണ്ണം നേടിയത്. 1:05.17 എന്നതായിരുന്നു ചാമ്പ്യന്‍ താരത്തിന്‍റെ സമയം.
ലോകചാമ്പ്യനും ലോകറെക്കോഡ് താരവുമായ ജോണ്‍സിന് നീന്തല്‍ കുളത്തില്‍ നിന്നും കാര്യമായ വെല്ലുവിളി ഉണ്ടായിരുന്നില്ല. 50 മീറ്റര്‍ തന്നെ 0.20 സെക്കന്‍ഡില്‍ പിന്നിട്ട ജോണ്‍സ് ലോക റെക്കോഡിലേക്ക് കുതിക്കുമെന്നാണ് കരുതിയതെങ്കിലും അവസാന 15 മീറ്ററില്‍ താരത്തിന്‍റെ താളം നഷ്ടമാകുക ആയിരുന്നു.
ഈ ഒളിമ്പിക്‍സ് മെഡല്‍ ഒരു പകവീട്ടല്‍ കൂടിയായി. 2004 ഏതന്‍സില്‍ മൂന്നാം സ്ഥാനത്തായി പോയ ലിസെല്‍ 2005 ലാണ് മികവിലേക്ക് ഉയര്‍ന്നത്. ഫൈനലിലേക്ക് ജോണ്‍സിനു പിന്നാലെ കുതിച്ചെത്തിയ അമേരിക്കന്‍ താരം റബേക്കാ സോണി തന്നെ 1:06.73 എന്ന സമയത്തില്‍ വെള്ളി നേടുകയും ചെയ്തു.
ഓസ്ട്രിയയുടെ മിര്‍നാ ജൂക്കിക് 1:07.34 സമയത്തില്‍ വെങ്കല മെഡലിനു അര്‍ഹയായി. ബുധനാഴ്ച നടക്കാനിരിക്കുന്ന 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്ക് മത്സരങ്ങള്‍ക്കായി മികച്ച തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ജോണ്‍സ് ഇപ്പോള്‍.