ചേരുവകള്‍
നാടന്‍ ഉണക്കലരി - രണ്ട് നാഴി
പഞ്ചസാര - ഒന്നര കിലോഗ്രാം
പാല് - എട്ട് ലിറ്റര്‍
വെണ്ണ - 100 ഗ്രാം
വാഴയില - 6
നെയ്യ് - 200 ഗ്രാം
ഉണക്കലരി നനച്ച് കഴുകി തരി ഇല്ലാതെ പൊടിച്ച് അരിച്ചെടുക്കണം. കയ്യിലെടുത്താല്‍ വിരലുകളില്‍ കൂടി ഒലിച്ചു വീഴുന്ന വിധം മാവില്‍ വെള്ളവും നെയ്യും ചേര്‍ത്തു കുഴയ്ക്കണം. വാഴയില തണ്ടില്ലാതെ ചെറുതാക്കി കഴുകിത്തുടച്ച് വാട്ടി കുറേശെ നെയ്യ് പുരട്ടി അതില്‍ മാവ് കൈകൊണ്ട് നിരത്തുക. ഇതു ചുരുട്ടി നാരു കൊണ്ടുകെട്ടി തിളച്ച വെള്ളത്തിലിട്ട് വേവിക്കുക. വെന്തു കഴയുന്പോള്‍ താഴെവച്ച് ഇലച്ചീന്തുകളില്‍ നിന്ന് അട അടര്‍ത്തിയെടുത്ത് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.
ചെറിയ ഉരുളിയില്‍ പാല് നന്നായി തിളപ്പിയ്ക്കുക. പകുതി വറ്റിയാല്‍ പഞ്ചസാര ചേര്‍ക്കുക. പിന്നെയും തിളപ്പിച്ച് നുറുക്കിവച്ച അടക്കഷണങ്ങള്‍ ഇട്ട് നന്നായി ഇളക്കി തിളപ്പിയ്ക്കുക. പ്രഥമന്‍ ഇലയില്‍ കഴിയ്ക്കാന്‍ പാകമാവുന്ന പാകത്തില്‍ വാങ്ങിവച്ച് വെണ്ണ ചേര്‍ത്തിളക്കുക.