ലോലമാമൊരു മേഘനീലിമ നീക്കി വാനില്‍ വരും
ചാരുവാമൊരു ചന്ദ്രചന്ദനകാന്തിയെന്നോണം
ആരുമാരുമറിഞ്ഞിടാതെന്‍നേര്‍ത്ത വിസ്മൃതികള്‍
നീളെ നീക്കിവരുന്നുനിന്‍ സുഖസുന്ദരസ്മേരം !
ആവണിത്തളിര്‍മുല്ലയില്‍ ഹിമശീതള സ്പര്‍ശം
ആതിരത്തെളിതാരകങ്ങളുണര്‍ത്തിടുന്നേരം
നീലരാവിലിലഞ്ഞിപൂത്തമണം പരക്കുന്പോള്‍
നീരദത്തിങ്കള്‍മുഖശ്രീയായണഞ്ഞു നീ !
മാഘപൗര്‍ണമിരാവിലായ്ക്കുളിരോളമിളകുന്പോള്‍
രാഗലോലമൊരന്പിളിത്തെളിനദിയിലുലയുന്പോള്‍
ഓരിതള്‍പ്പൂ നീയൊരീറന്‍ കാറ്റിലോര്‍മകളില്‍
വാരൊളിത്തിങ്കള്‍ നഖക്കല ചൂടിയുണരുകയായ് !
നീളെ നീഹാരാര്‍ദ്രമായ നിചോളമിളകുംപോല്‍
നീ നിലാവിന്നലയിളക്കി മനസ്സിലണയുന്നു.
നീരവം നിന്‍മന്ദഹാസമനോജ്ഞസുരഭിലമാം
ഓമനപ്പൊല്‍ക്കനവുകള്‍ വന്നൈന്നെമൂടുന്നു.
രാവിലേകാന്തത്തിലേതോ രാഗമൊഴുകുംപോല്‍
ആ മനോഹര സംഗമസ്മൃതി ധാര പടരുന്നു.
ഞാനതില്‍പ്പൂവിതളുപോല്‍ വീണൊഴുകിയകലുന്നു.
പൂവുപൊന്നിന്‍ കനവുപോല്‍ നീയുള്ളിലണിയുന്നു.