Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ചുവര്‍ണ്ണ തെരുവിലെ നെയ്ത്ത് വിശേഷം

ഓണത്തിനു തുണി നെയ്യുന്ന ബാലരാമപുരം തെരുവ്

അഞ്ചുവര്‍ണ്ണ തെരുവിലെ നെയ്ത്ത് വിശേഷം
, ശനി, 29 ഓഗസ്റ്റ് 2009 (20:51 IST)
രാജഭരണത്തിന് വിരാമമായിട്ട് അര നൂറ്റാണ്ട് കഴിഞ്ഞെങ്കിലും അഞ്ചുവര്‍ണ്ണ തെരുവുകാര്‍ക്ക് ഓണക്കാലമെത്തുമ്പോള്‍ തിരക്കാണ്. മലയാളി എവിടെയായാലും ഓണമാഘോഷിക്കാന്‍ കസവ് പതിച്ച് കൈത്തറി വസ്ത്രങ്ങള്‍ വേണം. ബാലരാമപുരത്തെ കൈത്തറി തെരുവായ അഞ്ചുവര്‍ണ്ണത്തെ കസവ് തുണികള്‍ക്കും ഓണത്തിന് ആവശ്യക്കാര്‍ ഏറെയാണ്.

വിദേശ വിപണിക്കൊപ്പം സാധാരണ കേരളീയരുടെയും ഓണത്തിന് പത്തരമാറ്റ് തിളക്കമേകാന്‍ ബാലരാമപുരത്തെ അഞ്ചുവര്‍ണ്ണ തെരുവുകാര്‍ ഒരുങ്ങുന്നു. മലയാളിക്ക് കസവു പതിച്ച കൈത്തറി വസ്ത്രങ്ങള്‍ നെയ്യുന്ന തിരക്കിലാണിവര്‍.

തിരുവിതാംകൂര്‍ രാജാവായിരുന്ന ബാലരാമവര്‍മ്മ മഹാരാജാവ് പത്മനാഭപുരത്തേയ്ക്കുള്ള യാത്രാ മധ്യേ ശത്രുക്കളില്‍ നിന്നും രക്ഷനേടുന്നതിനായി വള്ളിയൂരിലെ അഗസ്ത്യാര്‍ സ്വാമി ക്ഷേത്രത്തില്‍ അഭയം തേടി. ക്ഷേത്രഭാരവാഹികള്‍ അദ്ദേഹത്തെ നെയ്ത്തുകാരുടെ ഗ്രാമത്തിലേക്ക് കൊണ്ടു പോയി.

ഈ ഗ്രാമവാസികളെക്കുറിച്ച് മനസ്സിലാക്കിയ മഹാരാജാവ് ഇവരുടെ കരവിരുതില്‍ അത്ഭുതം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഇവിടത്തെ പത്തു കുടുംബങ്ങളെ ദത്തെടുത്ത മഹാരാജാവ് നെയ്യാറ്റിന്‍കരയ്ക്കും അനന്തപുരിയ്ക്കും ഇടയിലുള്ള സ്ഥലത്ത് - ബാലരാമപുരത്ത് - ഇവരെ താമസിപ്പിച്ചു.

ഇവരെക്കൂടാതെ വാണിഗര്‍, വെള്ളാളര്‍, മുക്കുവര്‍, മുസ്ളീങ്ങള്‍ എന്നിവരെയും ഇവിടെ താമസിപ്പിച്ചു. അങ്ങനെയാണ് ഈ പ്രദേശത്തിന് അഞ്ചുവര്‍ണ്ണതെരുവെന്ന പേര് ലഭിച്ചത്.

പാരമ്പര്യത്തില്‍ മാത്രം വിശ്വസിച്ച് കൈത്തറി വസ്ത്ര നിര്‍മ്മാണത്തിന്‍റെ ഊടും പാവും നെയ്യുകയാണ് അഞ്ചുവര്‍ണ്ണ തെരുവിലെ കൊച്ചു കുട്ടികള്‍ മുതല്‍ മുത്തച്ഛന്മാര്‍ വരെ. ഗീതാസന്ദേശം, ചുണ്ടന്‍വള്ളം, നൃത്തരൂപങ്ങള്‍ തുടങ്ങിയ രൂപങ്ങള്‍ പതിച്ച കസവു വസ്ത്രങ്ങള്‍ ഇത്തവണത്തെ ഓണത്തിനായി ഇവിടെ തയാറായി കഴിഞ്ഞു.

പതിനയ്യായിരം മുതല്‍ നാല്‍പ്പതിനായിരം രൂപ വരെ വില വരുന്ന വസ്ത്രങ്ങള്‍ ആധുനിക യന്ത്രസാമഗ്രികളുടേയോ സാങ്കേതിക വിദ്യയിലൂടെയോ അല്ല അഞ്ചുവര്‍ണ്ണതെരുവില്‍ തയാറാക്കുന്നത്. പാരമ്പര്യമായി ലഭിച്ച കരവിരുതിലൂടെ മാത്രം.

തിരുവനന്തപുരത്തെ ബാലരാമപുരം കൈത്തറി വസ്ത്രങ്ങള്‍ക്ക് പേര് കേട്ട സ്ഥലമാണ്. രാജ്യം ഭരിച്ചിരുന്ന തിരുവിതാംകൂര്‍ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയായിരുന്നു ഇവിടെ കൈത്തറി വസ്ത്ര നിര്‍മ്മാണം തുടങ്ങിയത്. ബാലരാമപുരത്തെ ഒരു വ്യാവസായിക കേന്ദ്രമാക്കി മാറ്റിയതും കൈത്തറി തന്നെ.

രാജകുടുംബാംഗങ്ങള്‍ നേരിട്ടെത്തി കൈത്തറി വസ്ത്രങ്ങള്‍ വാങ്ങിയിരുന്ന ഇവിടെ രാജവാഴ്ച അവസാനിച്ചതോടെ വിപണി കണ്ടെത്താനായി ഇവര്‍ക്ക് അന്യ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നു. ലണ്ടന്‍, അമേരിക്ക, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ഇവര്‍ക്ക് നല്ല വിപണി കണ്ടെത്താനായി.

ശുദ്ധമായ കസവില്‍ നെയ്തെടുക്കുന്ന ഇവിടത്തെ വസ്ത്രങ്ങള്‍ എന്നും ഒളിമങ്ങാതെ നിലനില്‍ക്കും. വില അല്പം കൂടിയാലും ഇവിടത്തെ കൈത്തറി വസ്ത്രങ്ങള്‍ക്ക് ഇന്നും പ്രിയം കൂടുന്നതിനും കാരണം ഇതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധയിനം വസ്ത്രങ്ങള്‍ ഇവിടെ തയാറാക്കുന്നുണ്ട്. ഔഷധ ഗുണമുള്ള വസ്ത്രങ്ങളും പ്രശസ്ത കസവ് കടയായ കറാല്‍കടയ്ക്കുമുള്ള വസ്ത്രങ്ങളും ബാലരാമപുരത്താണ് നെയ്യുന്നത്.

Share this Story:

Follow Webdunia malayalam