മാവേലി നാടിന്റെ സ്മരണകളുമായി കേരളക്കരയില്‍ സമൃദ്ധിയുടെ പൊന്നോണം വന്നെത്തി. ഈ ഓണ നാളില്‍ കേരളത്തിലെ പ്രഗത്ഭമതികളായ നിയമസഭാ സാമാജികരില്‍ ഒരാളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്തു ചെയ്യും? ഓണത്തെ കുറിച്ച് തിരുവഞ്ചൂരിന്റെ അഭിപ്രായമെന്താണ്?ആഘോഷ വേളകളിലൊക്കെ മണ്ഡലത്തെ പിരിഞ്ഞു നില്‍ക്കാന്‍ വൈമനസ്യം കാട്ടുന്ന തിരുവഞ്ചൂര്‍ ഓണ നാളില്‍ പക്ഷേ ഒരു മുങ്ങുമുങ്ങും. എവിടേക്കെന്നല്ലേ, അങ്ങ് തിരുവഞ്ചൂരിലെ തറവാട്ട് വീട്ടിലേക്ക്.അവിടെ കുടുംബാംഗങ്ങളെല്ലാവരുമായും ഒരു ഒത്തു ചേരല്‍, പിന്നെ ഒരുമിച്ചൊരു ഓണ സദ്യ.മലയാളി ലോകത്ത് എവിടെയാണെങ്കിലും തിരുവോണത്തിന് വീട്ടില്‍ എത്തുമെന്നുള്ള തത്വമാണ് ഇവിടെ പാലിക്കപ്പെടുന്നത്. എന്നാല്‍, രാഷ്ട്രീയത്തില്‍ എത്തിയ ശേഷം പലപ്പോഴും തിരക്കൊഴിഞ്ഞ് സമാധാനമായി ഇരുന്ന് ഓണമുണ്ണാന്‍ സാധിച്ചിട്ടില്ല എന്നത് തിരുവഞ്ചൂരിനെ സംബന്ധിച്ചിടത്തോളം പൊളിവചനവുമല്ല.
ഓണമെന്നാല്‍ സദ്യവട്ടങ്ങളൊക്കെയായിരിക്കും ശരാശരി മലയാളിയുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക എന്നാല്‍ തിരുവഞ്ചൂരിനെ സംബന്ധിച്ചിടത്തോളം ഓണമെന്നാല്‍ “ടെന്‍ഷന്‍ ഫ്രീ ദിവസ’മാണ്. സദ്യയും വിഭവങ്ങളും അതിന്റെ വഴിക്ക് നടക്കട്ടെ, അത് തിരുവഞ്ചൂരിന് പ്രശ്നമല്ല.
ഒരു കുടുംബ കൂട്ടായ്മയും തിരക്കുകള്‍ക്ക് ഒരു നൊടിയിട അവധിയും മാത്രമാണ് ഈ പൊതുപ്രവര്‍ത്തകന്റെ ഓണം. ഓണം നല്‍കുന്ന അന്തരീക്ഷമാണ് ഏറ്റവും ആഘോഷിക്കേണ്ടത് എന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പക്ഷം.
മൂത്ത സഹോദരന്റെ വിയോഗം കാരണം തിരുവഞ്ചൂരിന് ഇത്തവണ ഓണത്തിന് പ്രത്യേകിച്ച് ഒരു ആഘോഷവുമില്ല. മൂത്ത സഹോദരന്‍ ഭാസ്കരന്‍ നായര്‍ മരിച്ചിട്ട് മൂന്ന് മാസമാവുകയാണ്. പോരാത്തതിന്, ഇത്തവണ ആണ്മക്കള്‍ രണ്ട് പേരും അമേരിക്കയില്‍ നിന്ന് എത്തുകയുമില്ല.
പിന്നെ, മകള്‍ ആതിര ബാംഗ്ലൂരില്‍ നിന്ന് എത്തുമെന്നുള്ളത് മാത്രമാണ് തിരുവഞ്ചൂരിനെ ഇത്തവണ ഓണത്തോട് അടുപ്പിച്ച് നിര്‍ത്തുന്നത്.