ഓണമെത്ര നിര്‍ജ്ജീവമായിപ്പോയെന്ന് ഒട്ടൊരു പിടച്ചിലോടെയാണ് അഞ്ജിത ഓര്‍ത്തത്. പുത്തന്‍ കോടികളും സമ്മാനങ്ങളും വാരിനിറക്കുന്ന പഴയ ഓണക്കാലങ്ങള്‍ മനസ്സിലൊരു വിള്ളല്‍ വിഴ്ത്തി. ബാല്യത്തിന്‍റെയും കൌമാരത്തിന്‍റെയും കളിചിരികള്‍ വ്യര്‍ഥമായി ചെവിയിലലയ്ക്കുന്നു.
ഒന്നുമില്ല. ബാല്യവും കൌമാരവും കാത്തുവച്ച പൂമൊട്ടുകള്‍ ഒഴിഞ്ഞ കിളിക്കൂട്ടില്‍ അനാഥമായി ചിതറിക്കിടക്കുന്നു. ഈ ഒരോണക്കാലത്തുപോലും ഒരു പൂവിരിക്കാതെ. മുറ്റത്തു നില്‍ക്കുന്ന മൊസാണ്ട പൂത്തുലഞ്ഞു നിലത്തേക്കു ചാഞ്ഞുകിടന്നു. അപ്പുറത്ത് പേരറിയാത്ത നീലപ്പൂക്കള്‍, അതിനുമപ്പുറത്ത് നന്ദലാല്‍ നട്ടുപിടിപ്പിച്ച ചെടികളില്‍ നിറയെ പൂക്കള്‍...
ഇവയല്ല ആ വെളുത്തപൂക്കള്‍... നിറമില്ലാത്ത... സുഗന്ധമില്ലാത്ത ആ വെളുത്ത പൂക്കള്‍... അവ മാത്രം നിറയ്ക്കുന്നൊരു പൂക്കളമാണ് തനിക്കു വേണ്ടത്. അതിനീ സിമന്‍റുകാട്ടില്‍ വിരിഞ്ഞ കൃത്രിമപ്പൂക്കളമല്ല വേണ്ടത്. ജയന്തനുമൊന്നിച്ച് കൈപിടിച്ചു നടന്ന വഴികള്‍. ആള്‍ത്തിരക്കില്ലാത്ത ആ വഴികളില്‍ വിരിഞ്ഞു നിന്ന വെളുത്ത കാട്ടുപൂക്കള്‍.
കൌമാരത്തിന്‍റെ നഷ്ടസ്വപ്നങ്ങള്‍ മണക്കുന്ന ആ പൂക്കള്‍ ഒരിക്കല്‍ കൂടി നെഞ്ചോടു ചേര്‍ക്കാന്‍ കൊതിച്ചിരുന്നു. കല്ലും മുള്ളും പൂവുമൊക്കെ നിറഞ്ഞ ആ ഇടവഴിപോലും മാറിയിരിക്കുന്നു. ജയന്തന്‍ ആരായിരുന്നു എന്നു ചോദിച്ചാല്‍ കൃത്യമായ മറുപടിയില്ല. ജയന്തന് കാമുകിയായിരുന്നില്ല ഞാന്‍. ആ സ്ഥാനത്ത് മറ്റൊരാള്‍ ഉണ്ടായിരുന്നു.
ആ സ്ഥാനത്തു നീയില്ലെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും നീയെന്‍റെയാരോ ആണെന്നു പറയാന്‍ മടിച്ചില്ല ജയന്തന്‍. ജയന്തനേക്കാള്‍ പ്രായമുള്ള, ജയന്തന്‍ ഓരോ അണുവിലും ബഹുമാനിക്കുന്ന പ്രണയിനിയേക്കുറിച്ച്, അവളെനിക്കു നഷ്ടപ്പെട്ടാല്‍ അതൊരു വലിയ നഷ്ടമാകുമെന്ന് ജയന്തന്‍ പറഞ്ഞത് അതേ ഇടവഴിയില്‍ വച്ചാണ്. ഉമിനീര്‍ നെഞ്ചില്‍ തടഞ്ഞുപോയ ഒരു നിമിഷം. കണ്ണുനിറയുമെന്നു മുന്നേ കണ്ടിട്ടാകാം കണ്ണിറുക്കി കരയല്ലേയെന്ന് ആശ്വസിപ്പിച്ചു എന്‍റെ വെള്ളപ്പൂക്കള്‍.
അയാളൊരു സൂത്രശാലിയാണെന്നും കാപട്യക്കാരനാണെന്നും ചിന്തിച്ച് ആശ്വസിക്കാന്‍ കഴിഞ്ഞില്ല. വല്ലാത്തൊരു ആശ്രയത്വവും സ്നേഹവും വളര്‍ന്നു കഴിഞ്ഞിരുന്നു. വിപ്ലവമുണ്ടാക്കി പ്രണയിനിയെ സ്വന്തമാക്കാനൊന്നും ജയന്തനു കഴിഞ്ഞില്ല. അവള്‍ പോയി. എന്നിട്ടും ജയന്തന്‍ കാണാതെ പോയ തന്‍റെ മനസ്സില്‍ ആ വെള്ളപ്പൂക്കള്‍ വാരിനിറച്ചു കാത്തിരുന്നു കുറേക്കാലം. പിന്നെ വീട്ടുകാര്‍ കൂട്ടിയിണക്കിയ പുരുഷനോടൊത്ത് ഒരു നഗരത്തിലേക്കു പോയി. എന്നിട്ടും തന്‍റെ വെള്ളപ്പൂക്കളേ പ്രണയിക്കാതിരിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല.
ഒരിക്കല്‍ ജയന്തന്‍ പശ്ചാത്താപത്തോടെ തന്‍റെ മുന്നിലെത്തുമെന്നും ആ നിമിഷം തന്‍റെ വേദനക്കു പകരമാകുമെന്നും അഞ്ജിത ആശിച്ചിരുന്നു. വന്നില്ല. വരില്ലെന്നു പിന്നീട് ബോദ്ധ്യമായി. ജയന്തന്‍... നീര്‍പുരണ്ട മിഴിത്തുമ്പില്‍ കൈവിരലാല്‍ നീ തൊട്ടെന്നാലും കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന പുഷ്പമോഹങ്ങള്‍ നീ കണ്ടിരിക്കാനിടയില്ല.
പ്രതീക്ഷയുടെ ഹരിതകവും നിറപ്പകിട്ടാര്‍ന്ന പുഷ്പവൃന്ദങ്ങളും മാടിവിളിക്കുന്ന ഈ വഴിയോരത്തു നില്‍ക്കുമ്പോഴും എത്താക്കൊമ്പിലെ ആ വെളുത്ത പൂക്കള്‍ മാത്രം മതിയെനിക്ക് പൂക്കളമൊരുക്കാന്‍. അതു ദുഃഖം മാത്രമേ സമ്മാനിക്കൂ എങ്കിലും.