Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുകുന്ദന്‍റെ ‘വെള്ളത്തിലെ’ ഓണം

മുകുന്ദന്‍റെ ‘വെള്ളത്തിലെ’ ഓണം
, ശനി, 29 ഓഗസ്റ്റ് 2009 (21:25 IST)
PRO
കോഴിക്കോട് രാമനാട്ടുകര പുലാപ്പറ വീട്ടില്‍ മുകുന്ദനെ മലയാള നാട്ടില്‍ പിറന്ന സിനിമ-സീരിയല്‍ പ്രേമികള്‍ക്കെല്ലാം അറിയാം. സൂര്യ ടിവിയില്‍ നാല് തവണ സം‌പ്രേക്ഷണം ചെയ്ത ‘ചാരുലത’, ‘പുന്നയ്ക്കാ വികസന കോര്‍പ്പറേഷന്‍’ ‘ജ്വാലയായ്’, ‘ഗന്ധര്‍വ യാമം’, സ്ത്രീ തുടങ്ങിയ സീരിയലുകളിലൂടെ മലയാളിയുടെ മനസ്സിനോട് അടുത്ത നടനാണ് മുകുന്ദന്‍.
നൂറോളം സീരിയലുകളില്‍ അഭിനയിച്ച മുകുന്ദന്‍ മലയാളം വെബ്‌ദുനിയയുമായി കുറച്ചു നേരം പങ്കു വച്ചപ്പോള്‍ ഓണത്തെ കുറിച്ച് വാചാലനായി.

കഴിഞ്ഞ ഇരുപത് വര്‍ഷമായി തിരുവനന്തപുരം നിവാസിയാണെങ്കിലും കുട്ടിക്കാലത്തെ ഓണം മുകുന്ദന് മറക്കാന്‍ കഴിയില്ല, പ്രത്യേകിച്ച് വെള്ളത്തിലെ ‘ഓണത്തല്ല്’. ഓണ നാളുകളില്‍ വീണു കിട്ടുന്ന സ്വാതന്ത്ര്യത്തിന്‍റെ ദിനങ്ങള്‍ തന്നിലെ കലാകാരനെ രൂപപ്പെടുത്താന്‍ ഏറെ സഹായിച്ചു എന്നും മുകുന്ദന്‍ കരുതുന്നു.

“കുട്ടിക്കാലത്തെ ഓണം, അതിനായിരുന്നു പ്രത്യേകതകളെല്ലാം. തിരക്കു പിടിച്ച ഷൂട്ടുകള്‍ക്കിടയില്‍ എത്രയോ ഓണങ്ങള്‍ കടന്നുപോയിട്ടും അക്കാലം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. കുട്ടിക്കാലത്തെ ഓണത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത അന്ന് ലഭിക്കുന്ന സ്വാതന്ത്ര്യവും വെള്ളത്തിലെ തല്ലു കളിയുമായിരുന്നു”

“വീടിനു മുന്നില്‍ നാല് അഞ്ച് സെന്‍റ് സ്ഥലത്ത് വിശാലമായി പരന്നു കിടക്കുന്ന കുളത്തിലായിരുന്നു (പുലാപ്പറ കുളം) ഓണക്കളിയുടെ ആസ്വാദ്യത മുഴുവന്‍ കണ്ടെത്തിയിരുന്നത്. വെള്ളത്തിലെ തൊട്ടുകളി തുടങ്ങി കുറച്ചു കഴിയുമ്പോള്‍ ഒരു തരം ഓണത്തല്ലായി മാറും.

മുങ്ങാംകുഴിയിട്ടും നീന്തിയും തൊടാന്‍ സമ്മതിക്കാതെ മുന്നേറുന്ന കൂട്ടുകാരുടെ പിന്നാലെ വച്ചടിക്കുന്നവര്‍ അവരുടെ അടുത്തെത്തുമ്പോള്‍ തൊടുന്നതിനു പകരം നല്ല അടിയായിരുന്നു കൊടുക്കുന്നത്”- മുകുന്ദന്‍ വര്‍ഷങ്ങള്‍ പിന്നോട്ട് ഓര്‍മ്മയുടെ വഴികളിലൂടെ നടന്നു.

“ഓണക്കാലത്ത് സ്കൂള്‍ അടയ്ക്കുന്ന പത്ത് ദിവസവും വീട്ടിലെ അമിത നിയന്ത്രണത്തില്‍ നിന്ന് രക്ഷപെടാനാവുമായിരുന്നു. അന്നൊക്കെ രാവിലെ ഇറങ്ങിയാല്‍ പിന്നെ വൈകുന്നേരമായിരുന്നു വീട്ടിലേക്ക് തിരിച്ചു ചെല്ലുന്നത്. നാട്ടിന്‍‌പുറത്തെ ഓണപ്പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു ഞാനും കൂട്ടുകാരും.

ചെറിയ നാടകങ്ങളും പൂക്കളമൊരുക്കലും എല്ലാം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഓണം കഴിഞ്ഞാലും ഞങ്ങള്‍ ബിസിയായിരിക്കും. ഇക്കാലത്താണ് അടുത്ത ഓണത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് തുടങ്ങുന്നത്. ഇതൊക്കെ ഒരു കലാകാരന്‍ എന്ന നിലയില്‍ വളരാന്‍ എന്നെ സഹായിച്ചു എന്നാണ് വിശ്വസിക്കുന്നത്”

Share this Story:

Follow Webdunia malayalam