തിരുവോണത്തിന് പരിപ്പും പപ്പടവും പഴവും പായസവുമൊക്കെ കൂട്ടി ഒരു സദ്യ. ഒട്ടും മോശമായിക്കൂടാ. അടുത്ത ഓണം വരെ വിഭവങ്ങളുടെ രുചി നാവിലങ്ങനെ നില്‍ക്കണം. അവലും പഴവും ചേര്‍ത്തുണ്ടാക്കുന്ന ഈ പ്രഥമന്‍ ഒന്നു പരീക്ഷിച്ചോളൂ. ഓണസദ്യക്കിത്തിരി മധുരം കൂടിയാലും തെറ്റില്ല.
ചേര്‍ക്കേണ്ടവ:
അവല്‍ രണ്ടുകപ്പ്
ഏത്തപ്പഴം ഒന്ന്
ശര്‍ക്കര 200 ഗ്രാം
തേങ്ങ ഒരുമുറി
ജീരകം, ചുക്ക് ഒരുനുള്ള്
നെയ്യ് 30 ഗ്രാം
ചവ്വരി വേവിച്ചത് അരക്കപ്പ്
ഏലയ്ക്ക ആറ്
അണ്ടിപ്പരിപ്പ് 25 ഗാം
കിസ്മിസ് 25 ഗ്രാം
ഉണ്ടാക്കുന്ന വിധം:
നെയ്യ് പകുതിയെടുത്ത് ചൂടാക്കി അവല്‍ വറുക്കുക. ബാക്കിയുള്ള നെയ്യില്‍ നല്ലതുപോലെ പഴുത്ത ഏത്തപ്പഴം ചെറുതായി മുറിച്ച് വഴറ്റിയെടുക്കുക. തേങ്ങ ചിരകി ഒന്നും രണ്ടും മൂന്നും പാല്‍ വെവ്വേറേ എടുത്തുവയ്ക്കുക. ശര്‍ക്കര അല്‍പ്പം വെള്ളം ചേര്‍ത്തു വരട്ടി പാനിയാക്കുക.
വഴറ്റിയ പഴത്തില്‍ ശര്‍ക്കര പാനി ചേര്‍ത്തിളക്കി വരട്ടുക. ഇതിലേക്ക് ഒരുകപ്പ് മൂന്നാം പാല്‍ ചേര്‍ക്കുക. വറ്റിവരുമ്പോള്‍ അവലും രണ്ടുകപ്പ് രണ്ടാം പാലും ചേര്‍ത്തിളക്കി വറ്റിക്കുക. ഇതിലേക്ക് ഒന്നാം പാലും ഏലയ്ക്കാ വറുത്തതും ബാക്കിയുള്ള നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചുക്ക്,ജീരകം എന്നിവ പൊടിച്ചതും ചേര്‍ത്തിളക്കി വാങ്ങുക.