ഉള്ളതുകൊണ്ട് ഓണം കൊള്ളുന്നവര്‍
അജയ് തുണ്ടത്തില്‍. ഫോട്ടോ കണ്ണന്‍
സമൂഹത്തില്‍ പരിഗണനകള്‍ ഒന്നുമില്ലാത്ത വിഭാഗമാണ് സാധാരണക്കാരന്‍. അവന് മേലോട്ടുയരുന്നതിനും കീഴോട്ടിറങ്ങുന്നതിനും പരിമിതികളുണ്ട്. അതുകൊണ്ട് ഓണമായാലും അവന്‍റെ കാര്യത്തില്‍ വലിയ മാറ്റമൊന്നുമില്ല.ഉള്ളതുകൊണ്ട് അവന്‍ കാര്യങ്ങള്‍ നടത്തും. ഉള്ളതുകൊണ്ട് ഓണം പോലെ എന്ന ചൊല്ല് സത്യമാവുന്നത് സാധാരണക്കാരന്‍റെ കാര്യത്തിലാണ്. വേലപ്പന്‍ വത്സല സുജാതന്‍ എന്നിവരോട് സംസാരിച്ചപ്പോള്‍
ഉള്ളതുകൊണ്ട് കുശാലാക്കും: വേലപ്പന്‍
ഈശ്വരന്‍ കനിഞ്ഞ് അനുഗ്രഹിച്ച രുചിയുടെ കൈപ്പുണ്യമാണ് വേലപ്പന്‍ ചേട്ടന്. 30 ലേറെ വര്‍ഷം തിരുവനന്തപുരത്തെ വിവിധ ഹോട്ടലുകളില്‍ പാചകക്കാരനായും ചായ അടിക്കുന്നയാളായും സപ്ലയറായും ജോലി ചെയ്യുന്നു. സ്നേഹത്തോടെ വിളമ്പുന്നതുകൊണ്ട് കഴിക്കുന്നവര്‍ക്കെല്ലാം വേലപ്പന്‍ ചേട്ടനുമായി വല്ലാത്ത ആത്മബന്ധമാണ്.
ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക വരുമാന മാര്‍ഗ്ഗം ഇദ്ദേഹം തന്നെ. അദ്ദേഹത്തിന്‍റെ മനസ്സിലും കുട്ടിക്കാലത്തെ ഓണസ്മരണകളാണ് തിളങ്ങിനില്‍ക്കുന്നത്. കുട്ടിക്കാലത്ത് കാര്യങ്ങള്‍ എല്ലാം അച്ഛനമ്മമാര്‍ നോക്കുമായിരുന്നത് കൊണ്ട് ഒന്നും അറിയേണ്ടിയിരുന്നില്ല.
കൂട്ടുകാരുമൊത്ത് പാട്ടും കളിയും കൂത്തുമായി വളരെ രസമുള്ള ഓണമായിരുന്നു. ഇത്തവണ കിട്ടുന്ന ഒരാഴ്ചത്തെ ലീവില്‍ കാര്യമായി ഓണം ആഘോഷിക്കാനാണ് വേലപ്പന്‍ ചേട്ടന്‍റെ പരിപാടി.
കേരള - തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കവിളയിലെ വീട്ടിലും പിന്നെ ബന്ധുക്കളുടെ വീട്ടിലും പോകും. വീട്ടില്‍ എല്ലാവര്‍ക്കും പുതുവസ്ത്രങ്ങള്‍ നല്‍കും. തിരുവോണത്തിനും നാലാം ഓണത്തിനും സദ്യ ഒരുക്കും. കിട്ടുന്ന ശമ്പളവും ബോണസും കൊണ്ട് ഓണം കുശാലാക്കാനാണ് വേലപ്പന്‍ ചേട്ടന്‍റെ പരിപാടി.
ഓണമെന്നാല്‍ ഒരു സദ്യ അത്രതന്നെ: വത്സല
തിരുവനന്തപുരം സ്റ്റാച്യുവില്‍ കുമാര്‍ മെഡിക്കല്‍സിനു മുമ്പില്‍ 25 കൊല്ലത്തിലേറെയായി വസന്ത ചേച്ചിയുണ്ട്. പഴക്കച്ചവടമാണ് തൊഴില്‍. ഓണത്തിന് പള്ളിയില്‍ പോകും. തിരുവോണനാളില്‍ വയറു നിറച്ച് സദ്യയുണ്ണണം എന്നാണ് വസന്ത ചേച്ചി ഉദ്ദേശിക്കുന്നത്.
താങ്ങും തണലുമായിരുന്ന ഭര്‍ത്താവ് ഏഴ് വര്‍ഷം മുമ്പ് വിട്ടുപോയി. മനക്കരുത്തും നാട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയും മാത്രമായിരുന്നു പിന്നെ കൂട്ടിനുണ്ടായിരുന്നത്. മൂന്ന് കുട്ടികളില്‍ ഒരാള്‍ മരിച്ചു. രണ്ട് പെണ്‍മക്കളെ മാന്യമായി കെട്ടിച്ചയച്ചു.
ഒക്കെയീ കച്ചോടത്തില്‍ നിന്നുണ്ടായതാ.. അത് പറയുമ്പോള്‍ വസന്തയുടെ മുഖത്ത് ചാരിതാര്‍ത്ഥ്യം. ഭര്‍ത്താവ് മരിച്ചതില്‍ പിന്നെ ഓണം ആഘോഷിക്കാറില്ല. എങ്കിലും കുട്ടികള്‍ക്ക് ഓണക്കോടി എടുത്തുകൊടുക്കും. തിരുവോണത്തിന് മക്കളോടൊത്ത് വിഭവസമൃദ്ധമായ സദ്യ. അന്നൊരു ദിവസം മാത്രമേ കച്ചവടത്തിന് അവധിയുള്ളു. ആര്‍ഭാടം ഒട്ടുമില്ലാത്ത വസന്തയുടെ ഓണാഘോഷം ഇവിടെ ചുരുങ്ങുന്നു.
കുട്ടിക്കാലത്തെ ഓണ സ്‌മൃതികളില്‍ സുജാതന്‍
“ഓ... ഇപ്പോഴൊക്കെ എന്ത് ഓണം.. പണ്ടൊക്കെയല്ലേ ഓണം.. ഓര്‍ക്കുമ്പോഴേ കൊതിയൂറും. കൂട്ടുകാരുമൊത്ത് പൂപറിക്കലും പൂക്കളമിടലും ഊഞ്ഞാലാട്ടവും ആകെയൊരു ഉത്സവ തിമിര്‍പ്പായിരുന്നു” തിരുവനന്തപുരം പേട്ട ഐക്കരവിളാകത്തെ സുജാതന്‍റെ കണ്ണുകളില്‍ ആ നല്ല ഓണനാളുകളുടെ തിളക്കം.
അന്നന്നത്തേക്കുള്ള വക കണ്ടെത്താന്‍ പാടുപെടുന്ന സുജാതന്‍ കോട്ടയ്ക്കകത്തെ വര്‍മ്മാ ട്രാവല്‍സില്‍ ടയറിന് കാറ്റടിക്കുന്ന ജോലി ചെയ്യുന്നു. 21 കൊല്ലമായി ജോലി തുടങ്ങിയിട്ട്.
ഈ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം. മൂത്ത മകളെ വിവാഹം ചെയ്തയച്ചു. ഇളയ മകള്‍ തയ്യല്‍ ജോലി ചെയ്യുന്നു. ഇത്തവണയും ഓണം എത്തുമ്പോള്‍ സുജാതന് വലിയ ആവേശമൊന്നുമില്ല.
ഓണമെന്ന് പറഞ്ഞ് അവധിയെടുത്ത് വീട്ടിലിരുന്നാല്‍ കുടുംബം പട്ടിണിയിലാവും, സുജാതന്‍ ആവലാതിയോടെ പറഞ്ഞു. പിന്നെ ഒരു പേരിന് കൈയിലുള്ളതുകൊണ്ട് ഒരു കാട്ടിക്കൂട്ടല്‍ നടത്താം..
Follow Webdunia malayalam