തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ ഓണ ചിന്തകള്‍
അജയ് തുണ്ടത്തില്‍, ഫോട്ടോ: മുരുകേഷ് അയ്യര്‍
ഇന്ന് നാം ഓണം ആഘോഷിക്കുന്ന രീതിയില്‍ അതീവ ദു:ഖിതനാണ് തിരുവിതാംകൂര്‍ മഹാരാജാവായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ. തിരുവനന്തപുരം പട്ടത്തെ കൊട്ടാരത്തില്‍ ചെന്ന് കണ്ടപ്പോള്‍ പഴയകാല ഓണത്തിമിര്‍പ്പിനെ കുറിച്ച് അദ്ദേഹം ഓര്‍ത്തു.
ഓണമെന്നാല്‍ ‘ഓം നാം’. ഇതിനെ ആത്മീയമായ മുന്നേറ്റം, ലോകമേ ഉലകം എന്നിങ്ങനെ വ്യാഖ്യാനിക്കാം. ഓണത്തിന്‍റെ അന്ത:സത്തയ്ക്ക് കളങ്കം വരുത്താത്ത രീതിയിലാവണം ഓണാഘോഷങ്ങള്‍ എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ഒരു വര്‍ഷത്തെ വിഷമങ്ങള്‍ പാടെ മറന്ന് ആഘോഷിക്കാനും ആനന്ദിക്കാനും വേണ്ടി നാലു ദിവസത്തെ ഓണമായിരുന്നു മുമ്പുണ്ടായിരുന്നത്. അതോടൊപ്പം പൂജയും പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.
ഇന്ന് ആര്‍ഭാടവും ധൂര്‍ത്തും മാത്രം. ക്ഷേത്രങ്ങളിലെ പൂജയേക്കാള്‍ താത്പര്യം സ്റ്റേജിലെ ഡാന്‍സാണ്. അടുത്ത തലമുറയ്ക്കായി നാം നല്‍കേണ്ടത് സുഖവും സമൃദ്ധിയുമാണ് എന്ന് ആരും ഓര്‍ക്കുന്നില്ല.
മുമ്പ് മന്ത്രം, യന്ത്രം, തന്ത്രം എന്നിവ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നോ മന്ത്രം തലയണ മന്ത്രവും യന്ത്രം പ്രവൃത്തികളിലെ യാന്ത്രികതയും തന്ത്രം മറ്റുള്ളവരെ കബളിപ്പിക്കലുമായി - ഉത്രാടം തിരുനാള്‍ പറഞ്ഞു നിര്‍ത്തി.
കൊമ്പന്‍മീശക്കാരനോ മഹാബലി ?
പുതിയ സമൂഹം പ്രജാവത്സലനും ധീരനും ത്യാഗിയുമായ മഹാബലിയെ കോമാളിയാക്കി അവതരിപ്പിക്കുന്നതില്‍ മഹാരാജാവിന് രോഷമുണ്ട്. കുടവയറനും കൊമ്പന്‍ മീശക്കാരനും ഒക്കെയായി മഹാബലിയെ ചിത്രീകരിക്കുന്നത് ഓണത്തിന്‍റെ അന്ത:സത്തയ്ക്ക് നിരക്കുന്നതല്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം.
ഭക്തോത്തമനായ പ്രഹ്ലാദന്‍റെ പൌത്രനാണ് മഹാബലി ചക്രവര്‍ത്തി. അദ്ദേഹം സുന്ദരനും സുശീലനും ആറടിയിലേറെ ഉയരമുള്ളവനും ദയാശീലനുമായിരുന്നു. ഓരോ മാത്രയിലും രാജാവായിരുന്നു മഹാബലി എന്നാണ് അദ്ദേഹത്തിന്‍റെ വീക്ഷണം.
തന്‍റെ കാഴ്ചപ്പാടിലുള്ള മഹാബലിയുടെ ചിത്രം മാര്‍ത്താണ്ഡവര്‍മ്മ രാജാവ് ചിത്രകാരനെക്കൊണ്ട് വരപ്പിച്ചിട്ടുണ്ട്. കവടിയാര്‍ കൊട്ടാരത്തിന്‍റെ പശ്ചാത്തലത്തില്‍ മഹാബലി നില്‍ക്കുന്നതായാണ് സങ്കല്‍പ്പം. ഇതു പക്ഷേ രാജാവ് വരച്ചതാണെന്നാണ് പലേരും കരുതിയത്.
പത്മനാഭസ്വാമിയും ഓണവും
തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഓണത്തോട് അനുബന്ധിച്ച് ഓണവില്ല് ചാര്‍ത്തലും സ്വാമിക്ക് മഞ്ഞപ്പട്ട് പുതപ്പിക്കലും തോര്‍ത്ത് മുണ്ട് ഉടുപ്പിക്കലും എല്ലാം നടക്കുന്നുണ്ട്. ചിത്തിരതിരുനാള്‍ മഹാരാജാവിന്‍റെ കാലത്തും ഇത് വളരെ ശുഷ്കാന്തിയോടെ ചെയ്തിരുന്നു.
ഓണത്തിന് കാഴ്ചദ്രവ്യങ്ങളുമായി മുമ്പൊക്കെ ആളുകള്‍ മുഖം കാണിക്കാന്‍ എത്തുമായിരുന്നു - കവടിയാര്‍ കൊട്ടാരത്തില്‍. ഇന്ന് ആ പതിവില്ല. ഓണത്തിന് കൊട്ടാരത്തില്‍ എത്തുന്നവര്‍ക്ക് ഇന്ന് കസവ് മുണ്ട് കൊടുക്കുന്ന പതിവുണ്ട്. മൂന്ന് കസവ്, രണ്ട് കസവ്, ഒരു കസവ് എന്നിങ്ങനെയാണ് കസവു മുണ്ടുകളുടെ തരങ്ങള്‍.
പാശ്ചാത്യവത്കരണം
കേരളീയര്‍ എല്ലാ കാര്യത്തിലും പാശ്ചാത്യരെ അനുകരിക്കുകയാണ്. നമുക്കുള്ള കാര്യങ്ങള്‍ പോലും സായിപ്പ് വച്ച് നീട്ടിയാലേ നമ്മള്‍ അംഗീകരിക്കു. സ്പാനിഷ് കോര്‍ട്ട്‌യാഡ് എന്ന് പാശ്ചാത്യര്‍ പ്രചരിപ്പിക്കുന്നത് നമ്മുടെ പഴയ നാലുകെട്ട് തന്നെ.
ഓണത്തിന്‍റെ കാര്യത്തിലും പാശ്ചാത്യരുടെ രീതികള്‍ ശക്തമായി വരികയാണ്. സായിപ്പ് കൂടിപ്പോയാല്‍ വിഷ് യു അ ഹാപ്പി ഓണം എന്ന് ആശംസിക്കും. അത് കേട്ട് കേരളീയര്‍ ഓണം ആശംസകളില്‍ ഒതുക്കുകയാണ്. ഓണത്തിന്‍റെ സാംസ്കാരിക പൈതൃകവും സൌഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സങ്കല്‍പ്പവും സമൃദ്ധിയിലേക്കുള്ള പ്രാര്‍ത്ഥനയും നാം മറന്നു പോകുന്നു.
Follow Webdunia malayalam