ഓണം കൂട്ടായ് യുടേതാണ്. ഒരു കുടുംബത്തിലെ അംഗങ്ങളെല്ലാം ഒത്തുചേര്‍ന്ന് ആഘോഷിക്കുന്ന ഉത്സവം. ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയിലും ഈ കൂട്ടായ്മ ഇല്ലാതായിട്ടില്ല.
ദൂരെ ജോലി ചെയ്യുന്നവര്‍ ഓണത്തിന് എങ്ങനെയും നാട്ടിലെത്തുന്നു. തിരക്ക് പിടിച്ച ജോലിക്കിടയില്‍ ഓണത്തിന് നാട്ടിലെത്തി അച്ഛനമ്മമാരോടൊപ്പവും മറ്റ് ബന്ധുക്കളോടൊപ്പവും ഓണമുണ്ണുന്നതിന്‍റെ സുഖം അതനുഭവിച്ചവര്‍ക്കേ അറിയൂ.
അതില്‍ മാത്രമല്ലല്ലോ കാര്യം. ഓണത്തിന് മലയാളികള്‍ ഒന്നടങ്കം ആഘോഷിക്കുകയാണെന്നതും സന്തോഷകരമാണല്ലോ. എവിടെ തിരിഞ്ഞാലും ആഹ്ലാദം മാത്രം. ഉള്ളവരും ഇല്ലാത്തവരും അവര്‍ക്കാവുന്ന രീതിയില്‍ ഓണം ആഘോഷിക്കുന്നു.
സന്തോഷമാണല്ലോ എല്ലാ മനുഷ്യരും തേടുന്നത്. അത് ഓണക്കാലത്ത് ലഭിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. സംഘര്‍ഷം നിറഞ്ഞ ജീവിതത്തില്‍ നിന്ന് ഒരു വേള അവധി കിട്ടുന്നത് ആരോഗ്യത്തിനും നല്ലതാണ്.
നിറച്ചും സദ്യ കഴിച്ച ശേഷം കളിതമാശകള്‍ പറഞ്ഞും മനസില്‍ ഭാരമൊന്നുമില്ലാതെയും ഇരിക്കുന്നത് എന്നും ലഭിക്കുന്നതല്ല. അതുകൊണ്ട് തന്നെ ഓണം എല്ലാവര്‍ക്കും സന്തോഷത്തിന്‍റേതാണ്.
ഓണത്തിനെ ശ്രദ്ധേയമാക്കുന്നത് ജാതിമത ഭേദങ്ങളില്ല എന്നതാണ്. എല്ലാ വിഭാഗക്കാരും ഓണം ആഘോഷിക്കുന്നു എന്നതാണ് അത് മലയാളികളുടെ ഉത്സവമാക്കുന്നത്.