Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാന മാധ്യമ അവാര്‍ഡിന്‌ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന മാധ്യമ അവാര്‍ഡിന്‌ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം , വ്യാഴം, 31 ഡിസം‌ബര്‍ 2009 (18:25 IST)
മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള 2009-ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. ഈ വര്‍ഷം മുതല്‍ മികച്ച വീഡിയോ എഡിറ്റര്‍ക്കുള്ള പുരസ്കാരം കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. 2009 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും വന്ന വികസനോന്മുഖ റിപ്പോര്‍ട്ട്‌, ജനറല്‍ റിപ്പോര്‍ട്ട്‌, വാര്‍ത്താചിത്രം, കാര്‍ട്ടൂണ്‍ എന്നീ വിഭാഗങ്ങള്‍ക്കും ടി വി വാര്‍ത്താ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും വീഡിയോ എഡിറ്റര്‍ക്കുമുള്ള ഏഴ്‌ അവാര്‍ഡുകളാണ് നല്കുന്നത്.

വികസനോന്മുഖ റിപ്പോര്‍ട്ടിങ്‌, ജനറല്‍ റിപ്പോര്‍ട്ടിങ്‌, കാര്‍ട്ടൂണ്‍ അവാര്‍ഡുകള്‍ക്കായി പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ ഒറിജിനല്‍ ക്ലിപ്പിങ്ങിനു പുറമേ രണ്ടു കോപ്പികള്‍ കൂടി അയയ്ക്കണം. വാര്‍ത്താ ചിത്രത്തിന്‍റെ 10 X 8 ഇഞ്ച്‌ വലിപ്പത്തിലുള്ള മൂന്നു പ്രതികളും ചിത്രം അച്ചടിച്ച പത്രത്തിന്‍റെ ഒരു പ്രതിയും വേണം.
മലയാളം ടി വി ചാനലുകളിലെ വാര്‍ത്താ ബുള്ളറ്റിനിലോ വാര്‍ത്താ മാഗസിനിലോ സംപ്രേഷണം ചെയ്ത, ഏഴുമിനിറ്റില്‍ കവിയാത്ത റിപ്പോര്‍ട്ടുകളുടെ മിനി ഡി വി ഡി ഫോര്‍മാറ്റ്‌ മാത്രം സമര്‍പ്പിക്കണം. ഒരു ചാനലില്‍ നിന്ന്‌ ഓരോ വിഭാഗത്തിലും പരമാവധി അഞ്ച്‌ എന്‍ട്രിയേ പാടുള്ളൂ. ഓരോ എന്‍ട്രിയോടുമൊപ്പം നിര്‍ദ്ദിഷ്ടഫോറത്തില്‍ ചിത്രത്തെക്കുറിച്ചുള്ള ടൈറ്റില്‍, ഉള്ളടക്കം, ദൈര്‍ഘ്യം, വിവരണപാഠം എന്നിവയുടെ പൂര്‍ണ്ണ വിവരം നല്‍കണം.

ഒരു സ്റ്റോറി പല ഭാഗങ്ങളായി സമര്‍പ്പിക്കാതെ, സമഗ്ര സ്വഭാവത്തോടുകൂടിയ ഒരു വാര്‍ത്താ റിപ്പോര്‍ട്ടായി സമര്‍പ്പിക്കണം. പ്രസിദ്ധപ്പെടുത്തിയ പത്രം/ടി വി ചാനല്‍ എന്നിവയുടെ പേര്‌, തീയതി, പത്രപ്രവര്‍ത്തകന്‍റെ പേര്‌, വിലാസം തുടങ്ങിയ വിവരങ്ങള്‍ എന്‍ട്രിയോടൊപ്പം മറ്റൊരു പേജില്‍ ചേര്‍ത്തിരിക്കണം. ഒരാള്‍ക്ക്‌ ഒരു വിഭാഗത്തില്‍ പരമാവധി രണ്ട്‌ എന്‍ട്രികള്‍ അയയ്ക്കാം.

ഒരേ എന്‍ട്രി ഒന്നിലേറെ വിഭാഗങ്ങളിലേയ്ക്ക്‌ അയയ്ക്കാന്‍ പാടില്ല. ഒരു കവറില്‍ എന്‍ട്രി ഒന്നേ പാടുള്ളൂ. എന്‍ട്രി അയയ്ക്കുന്ന കവറിനു മുകളില്‍ മത്സരവിഭാഗം എന്ന്‌ രേഖപ്പെടുത്തണം. അവാര്‍ഡിനുള്ള എന്‍ട്രി അപേക്ഷകന്‍ തയ്യാറാക്കിയതാണെന്നതിന്‌ ന്യൂസ്‌ എഡിറ്ററുടേയോ മറ്റ്‌ അധികാരിയുടേയോ സാക്‌ഷ്യപത്രവും ഉണ്ടായിരിക്കണം. എന്‍ട്രികള്‍ ജനുവരി 15 ന്‌ മുമ്പ്‌ ഡയറക്‌ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌, ഗവ.സെക്രട്ടറിയേറ്റ്‌, തിരുവനന്തപുരം വിലാസത്തില്‍ ലഭിക്കണം.

Share this Story:

Follow Webdunia malayalam