Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോലി ഏതായാലും പി‌എസ്‌സി അപേക്ഷ ഒന്നുമതി!

ജോലി ഏതായാലും പി‌എസ്‌സി അപേക്ഷ ഒന്നുമതി!
, ബുധന്‍, 4 ജനുവരി 2012 (17:31 IST)
ഒരു സര്‍ക്കാര്‍ ജോലിയ്ക്ക് അപേക്ഷിക്കാനുള്ള ഏറ്റവും വലിയ കടമ്പ ഏതെന്ന് ചോദിച്ചാല്‍ ആരും കണ്ണും പൂട്ടി ഉത്തരം പറയും, ഓണ്‍‌ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നത്. സമര്‍പ്പിച്ചാലോ തെറ്റുകള്‍ ഉണ്ടോ എന്ന സംശയവും. ചില അവസരങ്ങളിലാകട്ടെ അപേക്ഷകരുടെ കുത്തൊഴുക്കു മൂലം സൈറ്റ് തകരാറിലാവുകയും ചിലര്‍ക്ക് അപേക്ഷിക്കാന്‍ കഴിയാതെ വരികയും ചെയ്യും. എന്തായാലും ഇനി പിഎസ്സിയ്‌ക്ക് അപേക്ഷ അയയ്‌ക്കുന്നതിനെ ഓര്‍ത്ത് ആരും ബേജാറാവേണ്ട. ഈ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വണ്‍‌ടൈം രജിസ്‌ട്രേഷന്‍ എന്ന ഒരു പുതുവത്‌സര സമ്മാനം പി‌എസ്‌സി ഒരുക്കിയിരിക്കുന്നു.

എന്താണ് വണ്‍‌ടൈം രജിസ്‌ട്രേഷന്‍?

പിഎസ്‌സിയുടെ ഓണ്‍‌ലൈന്‍ സൈറ്റില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു പ്രൊഫൈല്‍ സ്ഥിരമായി സൂക്ഷിക്കാന്‍ കഴിയുന്ന സംവിധാനമാണ് വണ്‍‌ടൈം രജിസ്‌ട്രേഷന്‍. ഇതിലൂടെ അപേക്ഷ പൂരിപ്പിക്കാന്‍ ഇനി ഓരോ തവണയും നിങ്ങള്‍ സമയം ചിലവഴിക്കണമെന്നില്ല പകരം ഒരൊറ്റ ക്ലിക്കിലൂടെ നിങ്ങള്‍ക്കാവശ്യമായ പോസ്റ്റിലേക്ക് അപേക്ഷിക്കാന്‍ കഴിയും. സമയ ലാഭത്തിനൊപ്പം എല്ലാവര്‍ക്കും അവസരം ലഭിക്കുന്നു എന്ന സവിശേഷത കൂടിയുണ്ട് ഈ സംവിധാനത്തിന്.

വണ്‍‌ടൈം രജിസ്‌ട്രേഷന്‍ എങ്ങനെ?

ആദ്യം പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (keralapsc.org) സന്ദര്‍ശിക്കുക. തുടര്‍ന്ന് പേജിലെ One-Time രജിസ്‌ട്രേഷന്‍ എന്ന ലിങ്ക് ക്ലിക്കുചെയ്യുക. ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ സൈന്‍ അപ് ലിങ്ക് ക്ലിക്കുചെയ്യണം. അപ്പോള്‍ രജിസ്റ്റര്‍ ചെയ്യാനും നിങ്ങളുടെ പ്രൊഫൈല്‍ പൂരിപ്പിക്കുന്നതിനുള്ള ഫോം ലഭിക്കും.

ഫോം പൂരിപ്പിക്കുന്നതിന് മുമ്പായി ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 150 x 200 px വലുപ്പമുള്ള ഒരു ഫോട്ടോയും, 150 x 100 px വലുപ്പത്തില്‍ നിങ്ങളുടെ സ്കാന്‍ ചെയ്‌ത ഒപ്പും കമ്പ്യൂട്ടറില്‍ ആദ്യമേ സൂക്ഷിച്ചിരിക്കണം. ഇവയുടെ ഫയല്‍ വലുപ്പം 30. കെ. ബിയില്‍ കൂടാന്‍ പാടുള്ളതല്ല. ആവശ്യമായ ഇടങ്ങളില്‍ നിങ്ങളുടെ ഫോട്ടോയും ഒപ്പം അപ്‌ലോഡ് ചെയ്യുക തുടര്‍ന്ന് പ്രൊഫൈല്‍ വിവരങ്ങള്‍ പൂരിപ്പിക്കുക. ഓരോ ഘട്ടവും സബ്‌മിറ്റ് ചെയ്യുന്നതിന് മുമ്പ് ശരിയാണോ എന്നുകൂടി ഉറപ്പുവരുത്തണം.

ഒരു സ്ക്രീനിലെ വിവരങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ Next ബട്ടണ്‍ ക്ലിക്കുചെയ്യണം. തുടര്‍ന്ന് നിങ്ങള്‍ക്ക് ഒരു യൂസര്‍‌നെയിമും പാസ്‌വേഡും തിരഞ്ഞെടുക്കാനുള്ള സ്‌ക്രീന്‍ ലഭിക്കും. നിങ്ങള്‍ക്ക് ഓര്‍ത്തിരിക്കാന്‍ കഴിയുന്നവ തെരഞ്ഞെടുക്കുന്നതാവും അഭികാമ്യം. ഈ യൂസര്‍‌നെയിമും പാസ്‌വേഡും ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് തുടര്‍ന്ന് ലോഗിന്‍ ചെയ്യാനും വിവരങ്ങള്‍ അപ്‌ഡേറ്റുചെയ്യാനും കഴിയൂ. ഒരു ഉദ്യോഗാര്‍ത്ഥിയ്‌ക്ക് ഒന്നിലേറെ രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാത്തതിനാല്‍ ഈ വിവരം വളരെ കരുതലോടേ സൂക്ഷിക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്‌തവര്‍ക്ക് അവരുടെ പേജില്‍ എത്താന്‍ ലോഗിന്‍ ഉപയോഗിക്കാം.

ഈ സംവിധാനത്തെ സംബന്ധിച്ച പൂര്‍ണ്ണമായ വിവരങ്ങളും നിര്‍ദ്ദേശങ്ങളും പിഎസ്സി ഇതിനകം തന്നെ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

Share this Story:

Follow Webdunia malayalam