Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരുവില്‍ നിന്നൊരു കോടീശ്വരന്‍

തെരുവില്‍ നിന്നൊരു കോടീശ്വരന്‍
, തിങ്കള്‍, 23 ഫെബ്രുവരി 2009 (17:39 IST)
PROPRO
തെരുവിന്‍റെ സന്തതിയായ ജമാല്‍ മാലിക് എന്ന പയ്യന്‍ ഇത്ര കൃത്യമായി എങ്ങനെ ഉത്തരങ്ങള്‍ പറയുന്നു? അതായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍റെ സംശയം. ആ സംശയം തീര്‍ക്കാനാണ് അയാള്‍ മണിക്കൂറുകള്‍ നീളുന്ന ചോദ്യം ചെയ്യലിന് ജമാലിനെ വിധേയനാക്കിയത്. പ്രേം കുമാര്‍ അവതരിപ്പിക്കുന്ന ടി വി ഷോയായ ‘ഹൂ വാണ്ട്സ് ടു ബീ എ മില്യണയര്‍’ എന്ന പരിപാടിയില്‍ ഓരോ ചോദ്യത്തിനും ഉത്തരം നല്‍കി കാണികളെയും ലോകത്തെയും വിസ്മയിപ്പിച്ചപ്പോള്‍ സ്വാഭാവികമായും ഉടലെടുത്ത സംശയമായിരുന്നു അത്. എന്നാല്‍ അത്ര സ്വാഭാവികവുമല്ല. തെരുവില്‍ നിന്നു വന്ന ഒരു പയ്യന്‍ എന്തോ കള്ള വിദ്യകള്‍ പ്രയോഗിച്ച് തന്‍റെ കോടികള്‍ കീശയിലാക്കേണ്ട എന്ന പ്രേം കുമാറിന്‍റെ ചിന്തയായിരുന്നു അതിന് പിന്നില്‍. അയാള്‍ തന്നെയാണ് ജമാല്‍ മാലിക്കിനെ പൊലീസില്‍ ഏല്‍പ്പിച്ചത്.

ഓരോ ചോദ്യത്തിനും താന്‍ എങ്ങനെയാണ് ഉത്തരം പറഞ്ഞതെന്ന് ജമാല്‍ മാലിക് പൊലീസ് ഉദ്യോഗസ്ഥനോട് വിശദമാക്കുന്നു. പ്രേം കുമാര്‍ ചോദിച്ച ചോദ്യങ്ങള്‍ തന്‍റെ ജീവിതത്തിലെ കറുത്ത അനുഭവങ്ങളുടെ ഓര്‍മ്മകളുണര്‍ത്തുന്നവയാണെന്നും ഉത്തരങ്ങള്‍ തന്നിലേക്കെത്തിച്ചത് ആ അനുഭവങ്ങളുടെ നൊമ്പരവും ചൂടുമാണെന്നും ജമാല്‍ പറയുന്നു. സത്യം മനസിലായ പൊലീസ് ഉദ്യോഗസ്ഥന്‍ അവസാന ചോദ്യത്തിന് ഉത്തരം നല്‍കുവാനായി ജമാലിനെ ഷോ നടക്കുന്ന സ്റ്റുഡിയോയിലേക്ക് എത്തിക്കുകയാണ്.

സ്ലം ഡോഗ് മില്യണയര്‍ എന്ന ഇംഗ്ലീഷ് ചിത്രത്തെ ഇന്ത്യക്കാര്‍ തിരിച്ചറിഞ്ഞത് വളരെ വേഗമാണ്. തങ്ങളുടെ ദാരിദ്ര്യവും കലാപങ്ങളും ഭിക്ഷാടനമാഫിയയുമൊക്കെ ചിത്രത്തില്‍ വിഷയമാകുന്നത് കണ്ടപ്പോള്‍ ആ തിരിച്ചറിവ് പ്രതിഷേധ സ്വരമായി പുറത്തുവന്നു. എന്നാല്‍ കൃത്യതയാര്‍ന്ന ഒരു തിരക്കഥയുടെ സഹായത്തോടെ മനോഹരമായി ചിത്രീകരിച്ച ഒരു സിനിമ എന്ന നിലയില്‍ സ്ലംഡോഗിനെ അഭിനന്ദിക്കാതിരിക്കാനാവില്ല.

വികാസ് സ്വരൂപിന്‍റെ ‘ക്യൂ ആന്‍റ് എ’ എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് സ്ലംഡോഗ് മില്യണയര്‍. ഡാനി ബോയ്‌ല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. (ഹിന്ദി സിനിമാ സംവിധായകന്‍ സഞ്ജയ് ഗുപ്ത ‘ക്യൂ ആന്‍റ് എ’ സിനിമയാക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അതിനായി വികാസ് സ്വരൂപിനെ സമീപിച്ചെങ്കിലും നോവല്‍ സിനിമയാക്കാനുള്ള അവകാശം ഡാനി ബോയ്‌ലിന് വിറ്റതായി വികാസ് അറിയിച്ചു. സ്ലംഡോഗ് മില്യണയര്‍ ഒരു ഇംഗ്ലീഷ് ചിത്രമായി കാണാനാണ് പ്രേക്ഷകരുടെ യോഗമെന്ന് സഞ്ജയ് ഗുപ്ത പറയുന്നു).

പൂര്‍ണമായും മുംബൈയില്‍ ചിത്രീകരിച്ച ഈ സിനിമ മുംബൈയിലെ ഗലികളുടെ കഥയാണ് പറയുന്നത്. ഇന്ത്യന്‍ വംശജനായ ദേവ് പട്ടേലാണ് ജമാല്‍ മാലിക് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ഹൂ വാണ്ട്സ് ടു ബീ എ മില്യണയര്‍’ ഷോയുടെ അവതാരകനും നിര്‍മ്മാതാവുമായ പ്രേം കുമാറായി അനില്‍കപൂര്‍ അഭിനയിക്കുന്നു. ഇര്‍ഫാന്‍ ഖാനാണ് പൊലീസ് ഉദ്യോഗസ്ഥന്‍.

കറുത്ത റിയലിസം എന്ന് ഈ സിനിമയെ വിശേഷിപ്പിക്കുമ്പോള്‍ ഇതൊരു മനോഹരമായ പ്രണയചിത്രം കൂടിയാണ്. നായകന്‍റെ ജീവിതം ലതിക(ഫ്രീദ പിന്‍റോ) എന്ന ബാല്യകാലസഖിയുടെ ഓര്‍മ്മകള്‍ക്കൊപ്പമാണ്. അവള്‍ക്കുവേണ്ടിയാണ് അവന്‍ ജീവിക്കുന്നത്. അവളെ നേടുന്നതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു.

എ ആര്‍ റഹ്‌മാന്‍ ഈണമിട്ട രണ്ടു ഗാനങ്ങളും പശ്ചാത്തല സംഗീതവും ഈ സിനിമയുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ചിത്രത്തിന്‍റെ അന്ത്യത്തില്‍ കോടിപതി ഷോയില്‍ വിജയിക്കുകയും പ്രണയിനിയെ സ്വന്തമാക്കുകയും ചെയ്യുന്ന നായകന്‍ ‘ജയ് ഹോ...’ എന്ന ഗാനത്തിനൊപ്പം നൃത്തമാടുകയാണ്.

Share this Story:

Follow Webdunia malayalam