Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരണശേഷവും തുടരുന്ന ലെജര്‍ പെരുമ‍!

മരണശേഷവും തുടരുന്ന ലെജര്‍ പെരുമ‍!
, ചൊവ്വ, 17 ഫെബ്രുവരി 2009 (20:35 IST)
PROPRO
ഒരു മിന്നാമിനുങ്ങുപോലെ പെട്ടെന്ന് പറന്നെത്തി, ലോക സിനിമയുടെ ആരാധകരെ വിസ്മയിപ്പിച്ച ഏറെ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ച്, യാത്ര പോലും പറയാതെ വിടവാങ്ങിയ ഹോളിവുഡ് നടന്‍ ഹീത്ത് ലെജറാണ് ഇത്തവണത്തെ ഓസ്കറില്‍ മികച്ച സഹനടനാകാനുള്ള മത്സരത്തിലെ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യക്തി‍. അതെ, മരണശേഷവും ഹീത്ത് ലെജര്‍ ലോകത്തെ അമ്പരപ്പിക്കുകയാണ്. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ‘ദി ഡാര്‍ക്ക് നൈറ്റ്’ എന്ന ബാറ്റ്‌മാന്‍ ചിത്രത്തിലെ ലെജറിന്‍റെ മാസ്മരപ്രകടനമാണ് അദ്ദേഹത്തെ ഓസ്കറിന്‍റെ പടിവാതിലിലെത്തിച്ചിരിക്കുന്നത്.

മനോരോഗിയും കുറ്റവാളിയുമായ ഒരു ജോക്കറായാണ് ഹീത്ത് ലെജര്‍ ഈ ചിത്രത്തില്‍ വേഷമിട്ടത്. ബാറ്റ്മാന്‍ ചിത്രങ്ങളില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ജോക്കറാണ് ഹീത്ത് ലെജറിന്‍റേതെന്നാണ് ലോകമെങ്ങുമുള്ള ഹോളിവുഡ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ലെജറിനോടുള്ള ആദരസൂചകമായി ബാറ്റ്മാന്‍ ചിത്രങ്ങളില്‍ ഇനി മുതല്‍ ജോക്കര്‍ കഥാപാത്രത്തെ ഉള്‍പ്പെടുത്തരുതെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇത് രണ്ടാമത്തെ ഓസ്കര്‍ നോമിനേഷനാണ് ലെജറിനെ തേടിയെത്തുന്നത്. 2005ല്‍ ‘ബ്രോക്ക് ബാക്ക് മൌണ്ടന്‍’ എന്ന സിനിമയിലെ ഗംഭീര പ്രകടനം ലെജറിനെ ഓസ്കര്‍ നാമനിര്‍ദ്ദേശത്തിന് അര്‍ഹനാക്കിയിരുന്നു.

2008 ജനുവരി 22ന് മാന്‍ഹട്ടനിലെ അപ്പാര്‍ട്ടുമെന്‍റില്‍ ഹീത്ത് ലെജറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെറും 28കാരനായ ലെജര്‍ പ്രായത്തിനപ്പുറം ഉള്‍ക്കാഴ്ചയുള്ള പ്രതിഭയായിരുന്നു. അപ്രതീക്ഷിതമായ ഈ വിടവാങ്ങലിന്‍റെ ഞെട്ടലില്‍ മരവിച്ച് നില്‍ക്കുകയാണ് ഇപ്പോഴും ഹോളിവുഡ്. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതായിരുന്നു ലെജറിന്‍റെ മരണത്തിന് കാരണം.

1979 ഏപ്രില്‍ നാലിന് ജനിച്ച ഹീത്ത് ലെജര്‍ 1999ലാണ് ഒരു നടന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഓസ്ട്രേലിയക്കാരനായ ഈ പയ്യന്‍ ഹോളിവുഡിലെ മികച്ച നടന്‍‌മാരുടെ പട്ടികയില്‍ മുന്‍ നിരയിലെത്തി.

നാടകഭ്രാന്തനായിരുന്ന ലെജര്‍ 1997ല്‍ ബ്ലാക്ക് റോക്ക് എന്ന ലോ ബജറ്റ് സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. പോസ്, റോര്‍, 10 തിങ്സ് ഐ ഹേറ്റ് എബൌട്ട് യു തുടങ്ങിയ ആദ്യകാല സിനിമകള്‍ ലെജറിന് കാര്യമായി ഗുണം ചെയ്തില്ല. എന്നാല്‍ ടൂ ഹാന്‍ഡ്സ്, യുദ്ധത്തിന്‍റെ കഥ പറയുന്ന ദി പേട്രിയറ്റ് തുടങ്ങിയ സിനിമകളിലൂടെ ഹീത്ത് ലെജര്‍ അഭിനയരംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു.

2000ത്തിന് ശേഷം ലെജറിന് നല്ല കാലമായിരുന്നു. അഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ച നിലവാരം പുലര്‍ത്തി. ദി ഓര്‍ഡര്‍, മോണ്‍സ്റ്റര്‍ ബോള്‍, നെഡ് കെല്ലി, എ നൈറ്റ്സ് ടെയ്‌ല്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ലെജറിലെ അഭിനയപ്രതിഭയുടെ മാറ്റ് വിളിച്ചോതി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്‍റെ മുന്‍‌ഗാമികളായ മഹാരഥന്‍‌മാരുടെ വഴിയേയായിരുന്നു ലെജറിന്‍റെയും യാത്ര. മികച്ച കോമഡിച്ചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തു വന്നു.

ദി ഫോര്‍ ഫെതേഴ്സ്, ലോര്‍ഡ്സ് ഓഫ് ഡോഗ്‌ടൌണ്‍, ദി ബ്രദേഴ്സ് ഗ്രിം, ബ്രോക്ക് ബാക്ക് മൌണ്ടന്‍, കാസനോവ, കാന്‍ഡി, ഐ ആം നോട്ട് ദെയര്‍ തുടങ്ങിയവയാണ് ഹീത്ത് ലെജറിന്‍റെ മികച്ച ചിത്രങ്ങള്‍.

ലെജറിനെ കേന്ദ്രകഥാപാത്രമാക്കി ഒട്ടേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങവേയാണ് എല്ലാവരിലും നടുക്കം സൃഷ്ടിച്ചു കൊണ്ട് അദ്ദേഹം യാത്രയായത്.

Share this Story:

Follow Webdunia malayalam