ലോകത്തിന്‍റെ മുഴുവന്‍ അംഗീകാരം കിട്ടിയതിന്‍റെ ആവേശത്തിലാണ് കൊല്ലം അഞ്ചലിലെ ഈ കൊച്ചുഗ്രാമം. വിളക്കുപാറയെന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് നടന്നു തുടങ്ങിയ റസുല്‍ പൂക്കുട്ടിയെന്ന മിടുക്കന്‍, ശബ്‌ദമിശ്രണത്തിന് ഓസ്കര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ ആഘോഷത്തിന്‍റെയും പടക്കം പൊട്ടലുകളുടെയും ശബ്ദ മിശ്രണമായിരുന്നു ഇവിടെ.
പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ഈ ഗ്രാമം മലയാളത്തിന്‍റെ ഓസ്കര്‍ നേട്ടം ആഘോഷിക്കുകയാണ്. തങ്ങളുടെ ഗ്രാമത്തിന് ലോകത്തിന്‍റെ അംഗീകാരം കിട്ടിയതില്‍ ആഹ്‌ളാദമുണ്ടെന്ന് വിളക്കുപാറയിലെ വീട്ടിലിരുന്ന് റസുലിന്‍റെ സഹോദരന്‍ ബൈജു പൂക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലം അഞ്ചല്‍ സ്വദേശിയായ റസുല്‍ പൂക്കുട്ടി സ്ലംഡോഗ് മില്യണയറിലെ ശബ്ദമിശ്രണത്തിനാണ് ഓസ്കര്‍ നേടിയത്. അതേ ചിത്രത്തിലെ സംഗീത സംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനും എ ആര്‍ റഹ്‌മാനും ഓസ്കര്‍ നേടി.
മികച്ച തിരക്കഥ(അഡാപ്റ്റഡ്), മികച്ച ഛായാഗ്രഹണം, എഡിറ്റിംഗ്, ശബ്ദമിശ്രണം, പശ്ചാത്തല സംഗീതം, മികച്ച സംഗീതസംവിധാനം, മികച്ച സംവിധായകന്‍, മികച്ച ചിത്രം എന്നിങ്ങനെ എട്ട് ഓസ്ക്കറുകളാണ് സ്ലംഡോഗ് നേടിയത്.