Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഗീതത്തിലെ മായാജാലക്കാരന്‍

സംഗീതത്തിലെ മായാജാലക്കാരന്‍
, തിങ്കള്‍, 23 ഫെബ്രുവരി 2009 (17:11 IST)
ഇന്ത്യയുടെ ഓസ്കര്‍ സ്വപ്നം പൂവണിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം കൊഡാക്ക് സ്റ്റുഡിയോയില്‍ പുരസ്കാരങ്ങളായി മാറിയിരിക്കുകയാണ്. സംഗീതസമ്രാട്ട് എ ആര്‍ റഹ്‌മാന് ഓസ്കര്‍ വേദിയില്‍ ഇരട്ടമധുരമാണ് ലഭിച്ചത്. അതേ, രണ്ട് ഓസ്കര്‍ പുരസ്കാരങ്ങളുമായി അംഗീകാരത്തിന്‍റെ കൊടുമുടിയിലാണ് വിനയാന്വിതനായ ഈ സംഗീതവിസ്മയം.

നാല്പത്തിരണ്ടുകാരനായ ഈ സംഗീത ചെപ്പടിവിദ്യക്കാരന്‍ തൊട്ടതെല്ലാം പൊന്നാവുക പതിവാണ്‌. സാധാരണക്കാരില്‍ സാധാരണക്കാരനായി, ചെറുപുഞ്ചിരിയുമായി പൊതുവേദികളിലെത്തുന്ന റഹ്‌മാന്‍ പാടിത്തുടങ്ങിയാല്‍ അത് ആവേശത്തിന്‍റെ അലകടലായി മാറുന്നു.

റഹ്‌മാന് സംഗീതമാണ് ജീവിതം. പുരസ്കാരങ്ങളും ബഹുമതികളും അഭിനന്ദനങ്ങളും വാരിക്കൂട്ടി മുന്നേറിയ അദ്ദേഹം ഒടുവില്‍ ലോകവും കീഴടക്കിയിരിക്കുന്നു.

ഇന്ത്യയുടെ സംഗീതചരിത്രം തിരുത്തിക്കുറിച്ച ഈ മാന്ത്രികന്‍ ഇത്രയും കുറഞ്ഞ പ്രായത്തിനിടക്ക് നേടിയ പുരസ്‌കാരങ്ങള്‍ക്ക് കണക്കില്ല. ഒരു സിനിമയെ എങ്ങനെ ജനപ്രിയമാ‍ക്കാനുള്ള എല്ലാ തന്ത്രങ്ങളും റഹ്‌മാന്‍ സംഗീതത്തില്‍ പരീക്ഷിക്കും. ചിത്രം പരാജയപ്പെട്ടാല്‍ പോലും അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ഏവരും ഏറ്റുപാടുന്നു, എന്നും നിലനില്‍ക്കുന്നു.

സംഗീതസംവിധായകനും മലയാളിയുമായ ആര്‍ കെ ശേഖറിന്‍റെ മകനായി ജനിച്ച എ എസ് ദിലീപ്കുമാറാണ് ഇന്നത്തെ എ ആര്‍ റഹ്‌മാന്‍. ദിലീപ്കുമാര്‍ പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ച് എ ആര്‍ റഹ്‌മാനാകുകയായിരുന്നു. 1966 ജനുവരി അഞ്ചിന് ചെന്നൈയിലാണ് റഹ്‌മാന്‍ ജനിച്ചത്.

ചെറുപ്രായത്തില്‍ തന്നെ റഹ്‌മാന്‍ പിയാനോ പഠിച്ചു. എന്നാല്‍ സംഗീതത്തിലെ ആദ്യ ഗുരുവും അച്ഛനുമായ ആര്‍ കെ ശേഖര്‍ മരണമടഞ്ഞതോടെ കുടുംബഭാരം കൂടി വഹിക്കേണ്ടി വന്ന റഹ്‌മാനെ സംബന്ധിച്ചിടത്തോളം സംഗീതജീവിതം തുടരുക പ്രയാസമായിരുന്നു. എങ്കിലും കുടുംബം പോറ്റാന്‍ റഹ്‌മാന് ഒരു വഴിയേ അറിയാമായിരുന്നുള്ളൂ. അത് സംഗീതത്തിന്‍റേതായിരുന്നു. ആ വഴി സ്വീകരിക്കുക എന്നത് റഹ്‌മാന്‍റെ നിയോഗമായിരുന്നു.സംഗീത ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കിയും സംഗീത വിരുന്നുകള്‍ നടത്തിയും ജീവിക്കാന്‍ പണം കണ്ടെത്തി. സംഗീത ട്രൂപ്പിനൊപ്പം അല്ലറചില്ലറ പരിപാടികളുമായി ഒരുപാട് അലഞ്ഞ റഹ്‌മാനെ അവസാനം എത്തേണ്ടിടത്ത് എത്തിക്കുന്നത് ആര്‍ കെ ശേഖറിന്‍റെ സുഹൃത്തായിരുന്ന സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്ററാണ്.

മലയാളത്തില്‍ ഔസേപ്പച്ചന്‍, ജോണ്‍സന്‍ എന്നിവര്‍ക്കൊപ്പമൊക്കെ തന്‍റെ പ്രിയപ്പെട്ട സംഗീത ഉപകരണമായ കീബോര്‍ഡ് വായിച്ചിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. റഹ്‌മാന്‍റെ ജിംഗിള്‍സുകള്‍ ചര്‍ച്ചാവിഷയമായി തുടങ്ങി. അങ്ങനെ ഒരു ജിംഗിള്‍സ് കേള്‍ക്കാനിടയായ പ്രശസ്ത സംവിധായകന്‍ മണിരത്നം തന്‍റെ ‘റോജാ’ എന്ന ചിത്രത്തില്‍ റഹ്‌മാനെ സംഗീത സംവിധായകനാക്കി. അത് ഇന്ത്യന്‍ സംഗീതരംഗത്തിന്‍റെ തന്നെ വഴിത്തിരിവായിരുന്നു.

റോജായിലെ ഗാനങ്ങളെല്ലാം കോളിവുഡില്‍ ഹിറ്റായി. ഈ ചിത്രത്തിലെ സംഗീതസംവിധാനത്തിന് റഹ്‌മാന് ദേശീയ അവാര്‍ഡും ലഭിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രംഗീല, ബോംബെ, ലജന്‍റ് ഓഫ് ഭഗത്‌സിങ്, ഗുരു, ജോധാ അക്ബര്‍, ഗജിനി തുടങ്ങി വിവിധ ഭാഷകളിലായി അനവധി ഗാനങ്ങള്‍. സംഗീതലോകം അതെല്ലാം ഏറ്റുവാങ്ങി. 1997ല്‍ റഹ്‌മാന്‍ പുറത്തിറങ്ങിയ 'വന്ദേമാതരം' ഏറെ ശ്രദ്ധിക്കപ്പെട്ട ആല്‍ബമായിരുന്നു. മലയാളത്തില്‍ ‘യോദ്ധാ’ എന്ന ചിത്രത്തിന് റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

സംഗീതസംവിധാനത്തിനൊപ്പം ചില ചിത്രങ്ങളില്‍ പാടുകയും ചെയ്തു. ദില്‍സെ, ലഗാന്‍, ബോസ്, രംഗീല, ബോംബെ, സത്യ, യുവ, സ്വദേശ് തുടങ്ങിയ ചിത്രങ്ങളില്‍ റഹ്‌മാന്‍ പാ‍ടിയ ഗാനങ്ങളും തരംഗമായി. ആദ്യം തമിഴിള്‍ മാത്രം ഒതുങ്ങിക്കൂടിയ റഹ്‌മാന്‍ പെട്ടെന്നു തന്നെ ബോളിവുഡിന്‍റെയും ഹരമായി.

2003ലാണ് റഹ്‌മാന്‍ ആദ്യമായി ഒരു ഇംഗ്ലീഷ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. വാരിയേഴ്സ് ഓഫ് ഹെവന്‍ ആന്‍ഡ് എര്‍ത്ത് എന്ന ആദ്യ ചിത്രത്തിന് ശേഷം എലിസബത്ത്: ദി ഗോള്‍ഡണ്‍ ഏജ്. ഒടുവില്‍, ചരിത്രമായി മാറിയ സ്ലംഡോഗ് മില്യണയര്‍.

Share this Story:

Follow Webdunia malayalam