എന്തിനും ഏതിനും മര്യാദകള്‍ പാലിക്കേണ്ട കാലഘട്ടമാണിത്‍. നടക്കാനും ഇരിക്കാനും തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യാനുമെല്ലാം മര്യാദകള്‍ പാലിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇനി വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഇതൊന്നും വേണ്ട എന്ന ചിന്തയാണോ ? എന്നാല്‍ തെറ്റി. പുറത്തായാലും വീട്ടിലായാലും ഭക്ഷണം കഴിക്കുന്നതിനും ചില മര്യാദകളുണ്ട്‍. എന്തെല്ലാമാണ് അവയെന്ന് നോക്കാം...
പല പാശ്ചാത്യ രാജ്യങ്ങളിലും കുട്ടികളെ ആദ്യം പഠിപ്പിക്കുന്ന പാഠങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'ടേബിള്‍ മാനേഴ്‌സ്'. എന്നാല്‍ എന്താണ് ഈ ടേബിള്‍ മാനേഴ്‌സ് എന്ന് അറിയാമോ ?. മറ്റൊരാളുടെ അല്ലെങ്കില്‍ ഒരു കൂട്ടം ആളുകളുടെ കൂടെ ഇരുന്ന് നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ നാം എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതാണ് ടേബിള്‍ മാനേഴ്‌സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
തീൻ മേശയിലെ മര്യാദകൾ നമ്മളിൽ നിന്നാണ് കുട്ടികൾ കണ്ടു പഠിക്കേണ്ടത്. അതുകൊണ്ടുതന്നെ ആ കാര്യത്തില്‍ നമ്മള്‍ വളരെയേറെ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. കുട്ടികളില്‍ നല്ല രീതിയിലുള്ള ടേബിള്‍ മാനേജ്മെന്റ് ഉണ്ടാക്കിയെടുക്കാന്‍ നമ്മള്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്ന് നോക്കാം.
* കൈ മുട്ടുകള്‍ മേശപ്പുറത്ത് വയ്‌ക്കരുതെന്ന് അവരെ പറഞ്ഞു മനസിലാക്കണം.
* ആഹാരത്തോട് അമിതാവേശം കാണിക്കാതെ സാവധാനത്തില്‍ കുറച്ചുമാത്രം എടുത്തു കഴിക്കണം.
* കഴിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അസ്വസ്‌ഥതയുണ്ടാകാതെ നോക്കണം. അതായത് ശബ്‌ദം കേള്‍പ്പിക്കാതെ പതിയെ ചവച്ച് ഇറക്കണമെന്ന് അവരെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
* ഭക്ഷണം വായില്‍ വച്ച് സംസാരിക്കരുതെന്നും അവരെ പറഞ്ഞു മനസിലാക്കണം.
* ചൂടേറിയ വിഭവങ്ങള്‍ തണുപ്പിക്കുന്നതിനായി അവയിലേക്ക് ഊതുന്നതും മര്യാദലംഘനമാണ്. സൂപ്പും പായസവുമാണ് കഴിക്കുന്നതെങ്കില്‍ ഒരു സ്പൂണുകൊണ്ട് പതുക്കെ ഇളക്കി ചൂട് തണുപ്പിക്കാം. ഖരരൂപത്തിലുള്ള വിഭവങ്ങളാണെങ്കില്‍ പ്ലേറ്റില്‍ പരത്തിയോ കഷ്ണങ്ങളായി മുറിച്ചോ ചൂടാറിക്കാം.
* ഇറച്ചിയും മറ്റും കടിച്ച് വലിക്കുന്നതിന് പകരം വിരലുകള്‍ കൊണ്ട് നുള്ളിയെടുത്ത് കഴിക്കാന്‍ ശീലിപ്പിക്കണം.
* വെള്ളം, സൂപ്പ്, രസം, മോര് എന്നിവ കുടിക്കുമ്പോഴും കാപ്പിയും ചായയും മറ്റും മധുരം ചേര്‍ത്ത് ഇളക്കുമ്പോഴും ശബ്ദമുണ്ടാകാതെ ശ്രദ്ധിക്കണം.
* വായ മലര്‍ക്കെ തുറന്ന്, വലിയ ശബ്ദത്തോടെ കഴിക്കുന്നതും വായില്‍ ഭക്ഷണം നിറച്ച് സംസാരിക്കുന്നതും ഒഴിവാക്കുക.