ആനന്ദവും ആരോഗ്യവും നല്‍കുന്ന അമ്മിഞ്ഞപ്പാല്‍
അമ്മിഞ്ഞപ്പാല്‍ മനുഷ്യകുലത്തെ സുഭദ്രമാക്കുന്ന ദിവ്യ ഔഷധമാണ്, അമ്മയുടെ ശരീരത്തില്‍ നിന്നും പ്രവഹിക്കുന്ന സ്നേഹധാരയാണ്. അതുകൊണ്ട് മുലയൂട്ടല്‍ മാനവരാശിയുടെ രക്ഷക്ക് അനുപേക്ഷണീയമാണ്.ഓഗസ്റ്റ് ഒന്ന് മുലയൂട്ടല്‍ അവകാശദിനമാണ്. അന്നുമുതല്‍ ഒരാഴ്ച ലോകം മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള നാഭീനാള ബന്ധം പോലെ ഉല്‍പ്പാദന പ്രക്രിയയുമായി ബന്ധപ്പെട്ട ആദിയും അവസാനവുമില്ലാത്ത ഒന്നാണ് മുലയൂട്ടല്‍. മനുഷ്യ ശിശു പിറന്നുവീണതിനു ശേഷമാണ് കാര്യങ്ങള്‍ ഓരോന്നും പഠിക്കുന്നത്. എന്നാല്‍ മുലപ്പാല്‍ കുടിക്കാനുള്ള ചോദന അതിന് ജന്മസിദ്ധമാണ്. അമ്മിഞ്ഞ പാല്‍ നുണയാന്‍ കുഞ്ഞിനെ ആരും പഠിപ്പിക്കേണ്ടതില്ല. മനുഷ്യരാശിയുടെ തുടക്കം മുതല്‍ക്കേ തന്നെ അമ്മയും കുഞ്ഞും തമ്മിലുള്ള ഈ ബന്ധം ഉണ്ടായിരിക്കും. മുലപ്പാല്‍ കുഞ്ഞിന് അമൃതാണ്. കുഞ്ഞിനു അത് ആനന്ദം നല്‍കുന്നു ( അമ്മിഞ്ഞ നല്‍കി ആനദിപ്പിച്ചു - കൃഷ്ണഗാഥ) അത് കുടിക്കാത്ത കുഞ്ഞിന് എന്തെങ്കിലും പോരായ്മകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. കുഞ്ഞിന് അമ്മിഞ്ഞ നല്‍കുന്നത് സ്ത്രീ മറ്റെന്തിനേക്കാളും വില മതിക്കുന്ന കാര്യമായിരുന്നു.
എന്നാല്‍ ജീവിത രീതിയില്‍ വന്ന വ്യത്യാസങ്ങളും അടിസ്ഥാനമില്ലാത്ത ചില സൌന്ദര്യ സങ്കല്‍പ്പങ്ങളും കാരണം ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തന്നെ പല പാശ്ചാത്യ രാജ്യങ്ങളിലും സ്ത്രീകള്‍ മുലയൂട്ടുന്നതില്‍ വിമുഖത പ്രകടിപ്പിച്ചു തുടങ്ങി. ഇന്നിത് ഇന്ത്യയിലും പകര്‍ച്ചവ്യാധിപോലെ വ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് മുലകൊടുക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും എത്രമാത്രം പ്രധാനമാണ്, ആരോഗ്യദായകമാണ് എന്ന സന്ദേശം പ്രചരിപ്പിക്കാനായി ലോകത്തെമ്പാടും മുലയൂട്ടല്‍ പ്രോത്സാഹന സംഘടനകള്‍ ഉണ്ടായതും ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ ലോക മുലയൂട്ടല്‍ വാരമായി ആചരിക്കുന്നതും.
ചീനയില്‍ ഒളിമ്പിക്സ് നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കാലം മുലയൂട്ടുന്ന അമ്മമാര്‍ക്കായി സ്വര്‍ണ്ണം, വെള്ളി, വെങ്കലം, ഇരുമ്പ് മെഡലുകള്‍ സമ്മാനിക്കാനുള്ള നീക്കം നടക്കുകയാണ്. കുഞ്ഞിന് രണ്ട് വര്‍ഷമെങ്കിലും മുലപ്പാല്‍ കൊടുക്കുന്നതാണ് ഉചിതം. ജനിച്ചതു മുതല്‍ ആറ് മാസം വരെ മുലപ്പാല്‍ മാത്രമേ കൊടുക്കാവൂ. ഇതാണ് ലോക മുലയൂട്ടല്‍ വാരത്തിന്‍റെ പ്രധാന സന്ദേശം. മുലയൂട്ടുന്നത് സ്തനസൌന്ദര്യം കുറയ്ക്കുകയില്ല എന്ന സന്ദേശവും ഈ വാരാചരണം നല്‍കുന്നു. ഇതിനായി ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളില്‍ സമൂഹ മുലയൂട്ടല്‍ ചടങ്ങുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇതില്‍ യുവതികള്‍ അടക്കം ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുകയും ചെയ്യുന്നു. മുലകള്‍ ലൈംഗിക ആകര്‍ഷണ വസ്തുവും ലൈംഗിക ചോദന വസ്തുവും ആയതുകൊണ്ട് പല യുവതികള്‍ക്കും പരസ്യമായി മുലയൂട്ടല്‍ നടത്താന്‍ ആവാത്ത സാഹചര്യമാണ് ഇന്നുള്ളത്. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൌതുകം എന്ന മട്ടില്‍ പൊതുസ്ഥലങ്ങളിലും തീവണ്ടികളിലും മുലയൂട്ടുന്ന അമ്മമാരെ മൊബൈല്‍ ക്യാമറ കൊണ്ട് വേട്ടയാടുന്ന ആളുകളെയാണ് നാമിന്നു കാണുക.
മുലപ്പാലിന്‍റെ ഗുണങ്ങളെ കുറിച്ചും അത് കുട്ടികള്‍ക്ക് നല്‍കുന്ന സംരക്ഷണത്തെ കുറിച്ചും പലരും ബോധവാന്മാരാകേണ്ടതുണ്ട്.
ചില പാശ്ചാത്യ നാടുകളില്‍ ഭാര്യ മുലയൂട്ടുന്നത് സഹിക്കാന്‍ കഴിയാത്ത പല പുരുഷന്മാരും ഉണ്ട് എന്നത് വലിയൊരു മാനസിക ആരോഗ്യ പ്രശ്നമായും വളര്‍ന്നു വരുന്നുണ്ട്. അത്തരം സ്ഥലങ്ങളില്‍ ഭര്‍ത്താവിന്‍റെ കൂടി സഹായത്തോടും പങ്കാളിത്തത്തോടും കൂടി മുലയൂട്ടല്‍ വ്യാപകം ആക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
Follow Webdunia malayalam